
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേസരി – എസ്. എൽ.ശ്യാം ക്രിക്കറ്റ് ടൂർണമെൻ്റ് രണ്ടാം സീസണിൽ പുരുഷ വിഭാഗത്തിൽ ന്യൂസ്18 കേരളം ചാമ്പ്യന്മാരായി. ഫൈനലിൽ മാതൃഭൂമി ന്യൂസിനെ ആറ് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ന്യൂസ് 18 കേരളയുടെ വിജയം. വനിതകളുടെ വിഭാഗത്തിൽ അമൃത ടി വിയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വിജയികളായി.
അഞ്ച് ദിവസമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻ്റിൽ വിവിധ മാധ്യമ സ്ഥാപനങ്ങൾ പങ്കെടുത്തു. പുരുഷ വിഭാഗം ഫൈനൽ മത്സരം നടന്ന ഇന്ന് എക്സ്സൈസ്, പ്രതിധ്വനി ടീമുകളുമായി സൗഹൃദ മത്സരവും സംഘടിപ്പിച്ചിരുന്നു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പുരസ്കാരങ്ങളും സമ്മാനിച്ചു. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ഐപിഎസ് മുഖ്യാതിഥിയായി.
കേരളാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്.കുമാർ , കേരളാ രഞ്ജി താരം ഷോൺ റോജർ, കെസിഎ ഉപദേശക സമിതി ചെയർമാൻ രഞ്ജിത് തോമസ്, കെയുഡബ്ല്യുജെ ജില്ലാ പ്രസിഡൻ്റ് ഷില്ലർ സ്റ്റീഫൻ, സെക്രട്ടറി അനുപമ ജി. നായർ, ടൂർണമെൻ്റ് കമ്മറ്റി ചെയർമാൻ സി.രാജ എന്നിവർ പ്രസംഗിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരൺബാബു, എബി ടോണിയോ എന്നിവരും പുരസ്കാരങ്ങൾ സമ്മാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]