
നടപ്പാക്കുന്ന കാര്യങ്ങളേ പ്രകടനപത്രികയിൽ പറയാറുള്ളൂ… ജനപ്രിയ പദ്ധതികൾ ; പാചകവാതക വിതരണം രാജ്യത്താകെ പൈപ്പ് ലൈൻ വഴിയാക്കും; ഏക സിവിൽ കോഡ് നടപ്പാക്കും ;കൂടുതൽ ബുളളറ്റ് /വന്ദേഭാരത് ട്രെയിനുകൾ ; വനിതാ സംവരണം /പുതിയ ക്രിമിനൽ നിയമം ഉടൻ നടപ്പാക്കും ; 6G യിലേക്ക് ലക്ഷ്യം ; ബിജെപി ലോകസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി
സ്വന്തം ലേഖകൻ
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ദില്ലിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. യുവാക്കൾ, സ്ത്രീകൾ, കർഷകർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രതിനിധികൾ എന്നിവരടക്കം കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് പ്രകടന പത്രികയുടെ പതിപ്പ് നൽകിയാണ് പ്രധാനമന്ത്രി ഇത് പുറത്തിറക്കിയത്.
മുന്‍ പ്രകടന പത്രികകളിലെ വാഗ്ദാനങ്ങളായ രാമക്ഷേത്രവും ജമ്മുകശ്മീര്‍ പുനഃസംഘടനയും യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നാലെ, ഏക സിവില്‍ കോഡ് പ്രഖ്യാപനവുമായാണ് ബിജെപി ഇക്കുറി എത്തുന്നത്. ഭരണഘടനയുടെ 44ാം അനുച്ഛേദം ഏക സിവിൽ കോഡിനെ നിര്‍ദ്ദേശക തത്ത്വങ്ങളില്‍ പെടുത്തിയിട്ടുണ്ടെന്നും ലിംഗ സമത്വത്തിന് ഏക സിവില്‍ കോഡ് വേണമെന്നുമാണ് ബിജെപിയുടെ വാദം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഏക സിവില്‍ കോഡിനൊപ്പം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, പൊതു വോട്ടര്‍ പട്ടിക തുടങ്ങിയ വാഗ്ദാനങ്ങളും മുന്പോട്ട് വയ്ക്കുന്നു. കര്‍ഷകര്‍, യുവജനങ്ങള്‍, വനിതകള്‍, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് എന്നിങ്ങനെ നാല് വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്നുവെന്ന് അവകാശപ്പെടുന്ന പ്രകടനപത്രികയിൽ അഞ്ച് വര്‍ഷത്തേക്ക് കൂടി സൗജന്യ റേഷന്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
യുവാക്കളെ ആകര്‍ഷിക്കാന്‍ മുദ്ര ലോണ്‍ വായ്പയുടെ പരിധി പത്ത് ലക്ഷത്തില്‍ നിന്ന് 20 ലക്ഷം രൂപയാക്കി. 70 വയസിന് മുകളിലുള്ള എല്ലാവരേയും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും, പ്രധാനമന്ത്രി ആവാസ് യോജനയില്‍ 3 കോടി വീടുകള്‍ കൂടി നല്കുമ്പോള് ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് പ്രത്യേക പരിഗണനയുണ്ട്. എല്ലാ വീടുകളിലും വാതക പൈപ്പ് ലൈന്‍, വൈദ്യുതി ബില്‍ പൂജ്യമാക്കാന്‍ പുരപ്പുറ സോളാര്‍ പദ്ധതി വ്യാപകമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ നിയമം ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്ന് വാഗ്ദാനമുണ്ട്. എന്നാല്‍ മണിപ്പൂരിനെ കുറിച്ച് പരാമര്‍ശമില്ല. താങ്ങുവില കൂട്ടുമെന്നല്ലാതെ നിയമവിധേമാക്കുമെന്ന് വ്യക്തമാക്കുന്നില്ല. റബ്ബറിനായും പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമില്ല.
പത്രിക പുറത്തിറക്കിയതിന് പിന്നാലെ നേതാക്കളെയും പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി, കേരളത്തിലെ വിഷു ആഘോഷത്തിന്റെ കൂടി പശ്ചാത്തലത്തിൽ ആശംസകൾ നേര്‍ന്നാണ് പ്രസംഗം ആരംഭിച്ചത്. രാജ്യം കാത്തിരുന്ന പ്രകടന പത്രികയാണ് ബിജെപി അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നടപ്പാക്കുന്ന കാര്യങ്ങളേ പ്രകടനപത്രികയിൽ പറയാറുള്ളൂ. 4 വിഭാഗങ്ങളെ കൂടുതൽ ശാക്തീകരിക്കുകയാണ് ലക്ഷ്യം. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി. സൗജന്യ റേഷൻ അടുത്ത 5 വർഷത്തേക്ക് കൂടി തുടരും. 70 വയസിന് മുകളിലുള്ള എല്ലാവരെയും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും.
വാതക പൈപ്പ് ലൈൻ എല്ലാ വീടുകളിലും എത്തിക്കും. വൈദ്യുതി ബിൽ പൂജ്യമാക്കും. പുരപ്പുറ സോളാർ പദ്ധതി വ്യാപകമാക്കും. മുദ്ര ലോൺ തുക 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷം രൂപയാക്കും. പ്രധാനമന്ത്രി ആവാസ് യോജന വഴി 3 കോടി വീടുകൾ നിർമ്മിക്കും. ട്രാൻസ്ജെൻഡറുകളെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും. ഭിന്നശേഷിക്കാര്‍ക്ക് പി എം ആവാസ് യോജന വഴി വീടുകൾ നൽകുമെന്നും നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]