
മുംബൈ: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങളുണ്ട്. ആദ്യ മത്സരത്തില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വൈകിട്ട് മൂന്നരയ്ക്ക് ലക്നൌ സൂപ്പർ ജയന്റ്സിനെയും ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കാവുന്ന പോരാട്ടത്തില്‍ അഞ്ച് തവണ വീതം ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും വൈകിട്ട് ഏഴരക്ക് വാംഖഡെയിലും പോരിനിറങ്ങും. മുംബൈ വാംഖഡേ സ്റ്റേഡിയത്തിലെ ബാറ്റിംഗ് പറുദീസയില്‍ വിഷു വെടിക്കെട്ടില്‍ കുറഞ്ഞതൊന്നും ഇന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.
ബാറ്റിംഗ് ഓര്‍ഡറില്‍ സൂര്യകുമാർ യാദവ് കൂടി എത്തിയതോടെ മുംബൈയുടെ ബാറ്റിംഗ് നിര ടൂര്‍ണമെന്റില്‍ തന്നെ ആരും ഭയക്കുന്ന സംഘമായി മാറി.ആദ്യ മൂന്ന് കളി തോറ്റശേഷം വാംഖഡേയിലെ തുടർവിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇറങ്ങുന്നത്. രോഹിത് ശർമ്മയും ഇഷാൻ കിഷനും നൽകുന്ന തുടക്കവും ജസ്പ്രീത് ബുമ്രയുടെ മാരക പന്തുകളും മുംബൈയെ അപകടകാരികളാക്കുന്നു.
മറുവശത്ത് ഹാർദിക് പണ്ഡ്യയ്ക്കും സംഘത്തിനും മുംബൈയ്ക്കാരൻ ശിവം ദുബേയാവും പ്രധാന വെല്ലുവിളി. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ്, രചിൻ രവീന്ദ്ര, രവീന്ദ്ര ജഡേജ, മുസ്തഫിസുർ റഹ്മാൻ എന്നിവരും ഫോമിലാണ്. മുംബൈയും ചെന്നൈയും ഇതുവരെ 36 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മുംബൈ ഇരുപതിലും ചെന്നൈ പതിനാറിലും ജയിച്ചു. കഴിഞ്ഞ സീസണിലെ രണ്ടുകളിയിലും ജയം ചെന്നൈയ്ക്കൊപ്പമായിരുന്നു.
ഈഡനില്‍ മറ്റൊരു വെടിക്കെട്ടിന് കൊല്‍ക്കത്ത
ഈഡൻ ഗാർഡൻസിലെ ബാറ്റിംഗ് പറുദീസയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ലക്നൌ സൂപ്പർ ജയന്റ്സും നേർക്കുനേർ വരുമ്പോഴും ആരാധകര്‍ പ്രതീക്ഷിക്കുന്നത് ബാറ്റിംഗ് വെടിക്കെട്ടല്ലാതെ മറ്റൊന്നുമല്ല. ഓൾറൌണ്ടർമാരും വെട്ടിക്കെട്ട് ബാറ്റർമാരുമാണ് ഇരുടീമിന്റെയും കരുത്ത്. കൊൽക്കത്തയ്ക്ക് സുനിൽ നരൈനും ലക്നൌവിന് ക്വിന്റൺ ഡി കോക്കും പവർപ്ലേയിൽ നൽകുന്ന തുടക്കം നിർണായകമാവും. അവസാന ഓവറുകളിൽ ബൗളർമാർക്കുമേൽ കത്തിക്കയറുന്ന ആന്ദ്രേ റസലും റിങ്കു സിംഗും കൊൽക്കത്തയ്ക്കും നിക്കോളാസ് പുരാൻ ലക്നൌവിനും മുതൽക്കൂട്ടാവും.
പുതിയ പേസ് സെൻസേഷൻ മായങ്ക് യാദവ് പരിക്കേറ്റ് പുറത്താണെങ്കിലും ബൗളിംഗിൽ ലഖ്നൗവിനാണ് മേൽക്കൈ. കുറഞ്ഞ റൺസ് പ്രതിരോധിക്കുന്നതിൽ ഏറ്റവും മികവുള്ള നായകനായി മാറിക്കഴിഞ്ഞു ലഖ്നൗവിന്റെ കെ എൽ രാഹുൽ. ഇരുടീമും ഇതുവരെ ഏറ്റുമുട്ടിയ മൂന്ന് കളിയിലും ജയം കൊൽക്കത്തയ്ക്കൊപ്പമായിരുന്നു.
Last Updated Apr 14, 2024, 10:38 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]