
ജയ്പൂര്‍: ഐപിഎല്ലിന്റെ വരവോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വരുമാനമുള്ള കായികതാരങ്ങളുടെ പട്ടികയില്‍ ഇടം നേടിയത്. ഐപിഎല്‍ ടീമുകള്‍ നല്കുന്ന കോടികളുടെ പ്രതിഫലത്തിന് പുറമെ പരസ്യവരുമാനവും മാച്ച് ഫീസുമെല്ലാം ചേരുമ്പോള്‍ സമ്പത്തിന്റെ കാര്യത്തില്‍ വിരാട് കോലിയും എം എസ് ധോണിയുമെല്ലാം ലോകത്തിലെ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള കായിക താരങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലുണ്ടാവും.
എന്നാല്‍ 2018ലെ ഐപിഎല്‍ ലേലത്തില്‍ രാജസ്ഥാന് റോയല്‍സ് വെറും 30 ലക്ഷം രൂപക്ക് ടീമിലെത്തിച്ച ആര്യമാന് ബിര്‍ള എന്ന യുവതാരത്തിന്റെ ആസ്തി എത്രയാണെന്ന് ചിന്തിച്ചാല്‍ കോലിയുടെയും ധോണിയുടെയും സമ്പത്ത് കണ്ട് വാപൊളിച്ചിരിക്കുന്ന ആരാധകര്‍പോലും മൂക്കത്ത് വിരല്‍വെച്ചുപോവും. 70000 കോടി രൂപയാണ് ആര്യമാന് ബിര്‍ളയുടെ ആസ്തിയായി കണക്കാക്കിയിരിക്കുന്നത്. അതായാത് ഐപിഎല്‍ ടീമുകളെ എല്ലാം ഒറ്റക്ക് വിലക്ക് വാങ്ങാന്‍ ആര്യമാന് കഴിയുമെന്ന് ചുരുക്കം.
ആരാണ് ആര്യമാന്
4.95 ലക്ഷം കോടി ആസ്തിമൂല്യവും 1,40000 ജീവനക്കാരുമുള്ള ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമ കുമാരമംഗലം ബിര്‍ളയുടെ മകനാണ് 21-ാം വയസില്‍ രാജസ്ഥാന് റോയല്‍സ് ടീമിലെത്തിയ ആര്യമാന് ബിര്‍ള. ബിര്‍ള സാമ്രാജ്യത്തിലെ അഞ്ചാം തലമുറക്കാരന്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വലിയ റെക്കോര്ഡൊന്നുമില്ലാതിരുന്നിട്ടും ആര്യമാനെ 2018ല്‍ രാജസ്ഥാന് റോയല്‍സ് ടീമിലെടുത്തത് ആരാധകരെ ഞെട്ടിച്ചിരുന്നു. മധ്യപ്രദേശിനായി ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച ആര്യമാന് ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 414 റണ്‍സും നാല് ലിസ്റ്റ് എ മത്സരങ്ങളില്‍ 36 റണ്‍സും മാത്രമാണ് നേടിയത്. എന്നിട്ടും ആര്യമാനെ രാജസ്ഥാന് ടീമിലെടുത്തു.
മലയാളി താരം സഞ്ജു സാംസണിന്റെ സഹതാരമായി ഒരു സീസണില്‍ രാജസ്ഥാന് ടീമിലുണ്ടായിരുന്നെങ്കിലും പിന്നീട് ആര്യമാന്റെ പേര് അധികമാരും കേട്ടില്ല. ചില മത്സരങ്ങളില്‍ പകരക്കാരന് ഫീല്‍ഡറായി ഇറങ്ങിയതൊഴിച്ചാല്‍ ആര്യമാന് ആദ്യ സീസണില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. മാനസിക സമ്മര്‍ദ്ധവും കടുത്ത ഉത്കണ്ഠയും കാരണം 2019ല്‍ ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത ഇടവേളയെടുത്ത ആര്യമാന് പിന്നീട് ബിസിനസിലേക്ക് തിരിഞ്ഞു. 2019ല്‍ ഒരു ട്വീറ്റിലൂടെയാണ് ആര്യമാന് ക്രിക്കറ്റില്‍ നിന്ന് ഇടവേളടെുക്കുന്ന കാര്യം ആരാധകരെ അറിയിച്ചത്.
ശരിയായ സമയത്ത് ക്രിക്കറ്റില്‍ തിരിച്ചെത്തുമെന്ന് ആര്യമാന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇതുവരെ പ്രഫഷണല്‍ ക്രിക്കറ്റില്‍ ആര്യമാന് കളിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആര്യമാനെയും സഹോദരി അനന്യ ബിര്‍ളയെയും ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍മാരായി നിയമിച്ചിരുന്നു.
Last Updated Mar 14, 2024, 3:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]