
തിരുവനന്തപുരം: വൈദ്യുതി ഉപയോഗം കുതിച്ചുയരുന്ന സാഹചര്യത്തിൽ സർചാർജ് കൂട്ടി പ്രതിസന്ധി മറികടക്കാൻ കെഎസ്ഇബി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനുള്ള സാധ്യതയില്ല. സ്ഥിതി ഗുരുതരമായതോടെ വൈദ്യുതി മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി നാളെ ഉന്നതതല യോഗം വിളിച്ചു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഉപഭോക്താക്കൾക്ക് ഷോക്കാവും. ബോർഡ് പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വിലയ്ക്ക് അനുപാതികമായി സർചാർജ് കൂട്ടാനാണ് നീക്കം. നാളെ മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിൽ ബോർഡ് ഇക്കാര്യം അറിയിക്കും. യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടായാൽ നിരക്ക് വർധന ആവശ്യപ്പെട്ട് റെഗുലേറ്ററി കമ്മീഷനെ സമീപിക്കും.
ചൂട് കൂടിയതോടെ അതിസങ്കീർണമായ വൈദ്യുതി പ്രതിസന്ധിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ഇന്നലെ ആകെ 101.38 ദശക്ഷം യൂണിറ്റാണ് കേരളത്തിലെ വൈദ്യുതി ഉപയോഗം. തിങ്കളാഴ്ച 100.16 ദശലക്ഷം യൂണിറ്റായിരുന്നതാണ് പിറ്റേന്ന് വീണ്ടും വര്ധിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പീക്ക് ടൈമിൽ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് ആവശ്യമായി വരുന്നത്. കേന്ദ്ര വിഹിതവും ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനവുമെല്ലാം ചേർത്താൽ 4400 മെഗാ വാട്ട് വൈദ്യുതി മാത്രമാണ് ഉള്ളത്. ഇതിന് അപ്പുറത്തേക്ക് ആവശ്യമുള്ള വൈദ്യുതി നിലവിൽ കേന്ദ്ര പവർ എക്സേഞ്ചിൽ നിന്നാണ് കെഎസ്ഇബി വാങ്ങുന്നത് . 8 മുതൽ 12 രൂപ വരെയാണ് ഒരു യൂണിറ്റ് വൈദ്യുതി വാങ്ങാനുള്ള ചെലവ്. വരും ദിവസങ്ങളിൽ വൈദ്യുത ഉപയോഗം കൂടുമെന്നാണ് കെ എസ് ഇ ബിയുടെ കണക്ക് കൂട്ടൽ.
അങ്ങനെയെങ്കിൽ ഭാരിച്ച ബാധ്യതയാകും ബോർഡിനുണ്ടാകുക. ഈ സാഹചര്യത്തിൽ നിരക്ക് വർധന അല്ലാതെ മറ്റ് വഴികളില്ല. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ലോഡ്ഷെഡ്ഡിങ്ങ് ഏർപ്പെടുത്തിയാൽ രാഷ്ട്രീയ തിരിച്ചടി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അത്തരം നിർദേശങ്ങൾക്ക് സർക്കാർ പച്ചക്കൊടി കാണിക്കില്ല. 2015 ൽ യുഡിഎഫ് സർക്കാർ ഒപ്പിട്ട ദീർഘകാല കരാർ റദ്ദാക്കിയത് പുനസ്ഥാപിക്കാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. വിവിധ സർക്കാർ വകുപ്പുകൾ കെഎസ്ഇബിക്ക് കൊടുക്കാനുള്ള കുടിശിക തീർക്കാത്തതാണ് മറ്റൊരു പ്രതിസന്ധി. വാട്ടർ അതോരിറ്റി 2068.07 കോടി രൂപയാണ് നൽകാനുള്ളത്. ഈ കുടിശികയാണ് സർക്കാർ ഏറ്റെടുക്കുക. ഇതിനായി കെഎസ്ഇബിയും വാട്ടർ അതോരിറ്റിയും തമ്മിൽ എസ്ക്രോ അക്കൗണ്ട് തുടങ്ങും. പകരം വാട്ടർ അതോരിറ്റിയുടെ പ്ലാൻ ഗ്രാൻഡ് ഫണ്ടിൽ നിന്ന് സർക്കാർ പണം തിരിച്ച് പിടിക്കാനും നീക്കമുണ്ട്.
Last Updated Mar 13, 2024, 6:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]