
ദില്ലി: സിവിൽ സർവീസ് ഉദ്യോഗാർത്ഥികളുടെ പരാതിയെ തുടർന്ന് ഓൺലൈൻ അപേക്ഷാ പ്രക്രിയയിൽ യുപിഎസ്സി മാറ്റങ്ങൾ വരുത്തുന്നു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ (യുപിഎസ്സി) ഈ വർഷത്തെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിച്ചപ്പോൾ സാങ്കേതിക തകരാർ ഉണ്ടായെന്ന് ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് ഓൺലൈൻ അപേക്ഷാ സമ്പ്രദായത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരുന്നതെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള ഒറ്റത്തവണ രജിസ്ട്രേഷനിലെ ചില കോളങ്ങൾ എഡിറ്റ് ചെയ്യാൻ കഴിയും വിധത്തിലാക്കിയിട്ടുണ്ടെന്ന് യുപിഎസ്സി അറിയിച്ചു. പേര് എപ്പോഴെങ്കിലും മാറ്റിയിട്ടുണ്ടോ, ജെൻഡർ, ന്യൂനപക്ഷ വിഭാഗത്തിലേതാണോ, പത്താം ക്ലാസിലെ റോൾ നമ്പർ എന്നിവയിൽ കറക്ഷനുണ്ടെങ്കിൽ വരുത്താം. ഫെബ്രുവരി 19 മുതൽ 25 വരെ കറക്ഷൻ നടത്താം.
അതേസമയം പേര് (പത്താം ക്ലാസിലെ പ്രകാരം), ജനന തീയതി, പിതാവിന്റെ പേര്, അമ്മയുടെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവയുമായി ബന്ധപ്പെട്ട കോളങ്ങളിൽ മാറ്റമൊന്നും വരുത്താൻ കഴിയില്ല.
ഉദ്യോഗാർത്ഥിക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ പ്രവർത്തന രഹിതമായാലും രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി ഉപയോഗിച്ച് മൊബൈൽ നമ്പർ മാറ്റാൻ അപേക്ഷിക്കാം. ഈ സാഹചര്യത്തിൽ, രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്ക് ഒരു ഒടിപി അയയ്ക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
ഇ മെയിൽ ഐഡിയിലേക്കുള്ള ആക്സസ് നഷ്ടപ്പെട്ടാൽ മൊബൈൽ നമ്പർ വഴി ഇമെയിൽ ഐഡി മാറ്റാൻ അപേക്ഷ നൽകാം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും. അതേസമയം ഉദ്യോഗാർത്ഥിക്ക് രജിസ്റ്റർ ചെയ്ത മൊബൈലിലേക്കും രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്കും പ്രവേശിക്കാൻ കഴിയുന്നില്ലെങ്കിൽ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്/ പാൻ കാർഡ്/ പാസ്പോർട്ട്/ ഡ്രൈവിംഗ് ലൈസൻസ്, സമീപകാലത്തെടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ, എന്നിവയ്ക്കൊപ്പം ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ([email protected]) കമ്മീഷനിൽ അപേക്ഷ അയയ്ക്കേണ്ടതാണ്.
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്), ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്) എന്നിങ്ങനെ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനായി പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് യുപിഎസ്സി വർഷം തോറും സിവിൽ സർവീസ് പരീക്ഷ നടത്തുന്നത്. പ്രിലിമിനറി പരീക്ഷയ്ക്ക് രജിസ്ട്രേഷനുള്ള അവസാന തിയ്യതി ഫെബ്രുവരി 18 വരെ നീട്ടിയിട്ടുണ്ട്.
http://upsconline.gov.in എന്ന വെബ്സൈറ്റ് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കണം. മെയ് 25നാണ് പ്രിലിമിനറി പരീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]