
ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ 119 ഇന്ത്യക്കാരെ വീണ്ടും തിരിച്ചയച്ച് അമേരിക്ക. ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനങ്ങൾ ശനി, ഞായർ ദിവസങ്ങളിലായി അമൃത്സറിൽ ലാൻഡ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിനിടയിലാണ് അമേരിക്കയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇത് രണ്ടാം തവണയാണ് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരുമായുളള വിമാനം അമൃത്സറിൽ ലാൻഡ് ചെയ്യുന്നത്.
പഞ്ചാബ് സ്വദേശികളായ 67 പേർ, ഹരിയാനക്കാരായ 33 പേർ, ഗുജറാത്തിൽ നിന്നുളള എട്ട് പേർ, മൂന്ന് ഉത്തർപ്രദേശ് സ്വദേശികൾ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങിൽ നിന്ന് രണ്ടുപേർ വീതം, ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുളള ഓരോ പൗരൻമാരുമാണ് നാളെ ഇന്ത്യയിലേക്കെത്തുന്നത്. എന്നാൽ ഇവരെ എത്തിക്കുന്നത് സൈനിക വിമാനത്തിലാണോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
അമേരിക്ക ആദ്യഘട്ടത്തിൽ തിരിച്ചയച്ച 104 ഇന്ത്യക്കാരുമായി യുഎസ് സൈനിക വിമാനം സി-17 കഴിഞ്ഞ ആഴ്ചയാണ് അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. പഞ്ചാബ് സ്വദേശികളായ 30 പേർ, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് 33 പൗരൻമാർ വീതവും മഹാരാഷ്ട്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് മൂന്നുപേർ വീതം, ചണ്ഡീഗഢിൽ നിന്ന് രണ്ടുപേരുമാണ് അന്ന് എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇവരെ വിമാനത്തിൽ എത്തിച്ചതിന്റെ വീഡിയോകളും ചിത്രങ്ങളും കടുത്ത വിമർശനത്തിന് വഴിയൊരുക്കിയിരുന്നു. സൈനിക വിമാനത്തിൽ കൈവിലങ്ങ് വച്ചാണ് തിരിച്ചെത്തിച്ചതെന്ന് അമേരിക്കയിൽ നിന്ന് ആദ്യഘട്ടത്തിൽ എത്തിയവർ വെളിപ്പെടുത്തിയിരുന്നു. കാലുകളും കൈകളുമുൾപ്പെടെ വിലങ്ങുവെച്ചെന്നും സീറ്റിൽ നിന്ന് ചലിക്കാൻ പോലും സാധിക്കാത്ത സാഹചര്യമായിരുന്നുവെന്നാണ് അവർ പറഞ്ഞത്.