
ആലപ്പുഴ: നൂറനാട് പടനിലം ശിവരാത്രിക്കായി നന്ദികേശൻമാർ ഒരുങ്ങുന്നു. പടനിലം ക്ഷേത്രത്തിലെ 16 കരകളിൽ നിന്നും അംബരചുംബികളായ നന്ദികേശൻമാർ ക്ഷേത്രത്തിൽ എത്തിച്ചേരും. പൊക്കത്തിലും കെട്ടുഭംഗിയിലുമാണ് വർണപ്പൊലിമയാർന്ന കെട്ടുകാഴ്ചകളായ നന്ദികേശൻമാർ തയ്യാറാകുന്നത്.
മധ്യ തിരുവിതാംകൂറിലെ ഉത്സവങ്ങളിൽ പ്രധാനമാണ് നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം. നന്ദികേശ പൈതൃക ഗ്രാമമായ പടനിലത്തെ സംസ്കാരിക പെരുമയും കാർഷിക പെരുമയും വിളിച്ചോതുന്ന ഉത്സവമാണ് മഹാ ശിവരാത്രി. നാനാജാതി മതസ്ഥർ ഒന്നുചേർന്ന് മതസൗഹാർദത്തിന്റെ പ്രതീകങ്ങളായി മാറുന്നതും പ്രത്യേകതയാണ്.
നന്ദികേശൻമാരുടെ ചട്ടം ഇട്ടുകൂട്ടൽ ആരംഭിച്ചതോടെ കരകൾ ആകമാനം ഉത്സവ ലഹരിയിലാണ്. മുഴുവൻ കരകളിലും ക്ഷേത്രാചാര ചടങ്ങുകളും ഭാഗവത പാരായണവും അന്നദാനവും ദീപാരാധനയും രാത്രിയിൽ വിവിധ കലാപരിപാടികളും നടന്നു വരുന്നു. ഇരട്ടക്കാളകളാണ് ഇവിടുത്തെ കെട്ടുത്സവങ്ങളുടെ പ്രത്യേകത. ചട്ടം കൂട്ടി വൈക്കോൽ കൊണ്ട് മേനി നിർമിക്കുന്നത് തന്നെ കരിങ്ങാലിച്ചാൽ – പെരുവേലിച്ചാൽ പുഞ്ച ഉൾപ്പെടുന്ന ക്ഷേത്രപ്രദേശത്തിന്റെ കർഷിക വൃത്തിയുടെ പൊരുൾ ഉയർത്തി കാട്ടുന്നു. വൈക്കോലിന് മേൽ ചുമപ്പും വെള്ളയും പട്ടണിയിച്ച് ശിരസ് ഘടിപ്പിച്ച് ചമയങ്ങൾ അണിയിക്കുന്നതോടെ നന്ദികേശ നിർമ്മാണം പൂർത്തിയാവും.
നന്ദികേശ ശിരസ് നിർമിക്കുന്ന ശില്പികളും കെട്ടിയൊരുക്കുന്നവരും കൂടുതലായി ഉള്ളതും പടനിലം കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് തന്നെയാണ് ഇവിടം നന്ദി കേശ പൈതൃക ഗ്രാമമായി അംഗീകരിച്ചിരിക്കുന്നത്. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് രാധാകൃഷ്ണൻ രാധാലയം സെക്രട്ടറി കെ രമേശ് വൈസ് പ്രസിഡന്റ് രജിൻ എസ് ഉണ്ണിത്താൻ, ഖജാൻജി ശശിധരൻപിള്ള, ജോയിന്റ് സെക്രട്ടറി പി പ്രമോദ്, ഉത്സവ കമ്മിറ്റി കൺവീനർ കെ മോഹൻകുമാർ, ക്ഷേത്രാചാര കമ്മിറ്റി കൺവീനർ മോഹനൻ നല്ലവീട്ടിൽ എന്നിവരാണ് ക്ഷേത്രോത്സവ പരിപാടികൾക്ക് നേതൃത്വം നൽകി വരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]