
കൊയിലാണ്ടി: ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഇന്ന്. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിനികളായ വട്ടംകണ്ടി താഴ ലീല ( 60), താഴത്തിടത്ത് അമ്മുക്കുട്ടി അമ്മ (78), കൊയിലാണ്ടി ഊരള്ളൂർ സ്വദേശി വടക്കയിൽ രാജൻ ( 68) എന്നിവരാണ് മരിച്ചത്.
സംഭവത്തിൽ കളക്ടറും ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും റിപ്പോർട്ട് സമർപ്പിച്ചേക്കും. നാട്ടാന പരിപാലന ചട്ടം ലംഘിക്കപ്പെട്ടോയെന്ന് പരിശോധിക്കും. കൊയിലാണ്ടി നഗരസഭയിലെ ഒൻപത് വാർഡുകളിൽ ഇന്ന് ഹർത്താലാണ്.
ആനകളെ എഴുന്നള്ളിക്കുമ്പോൾ പാലിക്കേണ്ട നിശ്ചിത അകലം പാലിച്ചിരുന്നില്ലെന്ന് ഉത്സവത്തിനെത്തിയവർ പറഞ്ഞു. ക്ഷേത്രത്തിൽ ആന എഴുന്നള്ളിപ്പിന് അനുമതി വാങ്ങിയിരുന്നെന്ന് പൊലീസ് അറിയിച്ചു. പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് ആന ഇടഞ്ഞതെന്നാണ് നിഗമനം.
കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആനകളിടഞ്ഞത്. ഉത്സവത്തിന്റെ അവസാന ദിനമായ ഇന്നലെ ക്ഷേത്രത്തിൽ എഴുന്നള്ളത്ത് നടക്കുന്നതിനിടെ വെെകിട്ട് ആറ് മണിയോടെയാണ് സംഭവങ്ങൾക്ക് തുടക്കം.
വെടിക്കെട്ട് തുടങ്ങിയതോടെ ഇടഞ്ഞ ആന മറ്റൊന്നിനെ കുത്തി. തുടർന്ന് പരസ്പരം കൊമ്പുകോർത്തശേഷം രണ്ടാനകളും വിരണ്ടോടി. ഇതിനിടെ ക്ഷേത്രം കമ്മിറ്റി ഓഫീസ് തകർന്നുവീണു.അതിനടിയിൽപ്പെട്ടാണ് മൂന്ന് പേരും മരിച്ചത്. 33 പേർക്ക് പരിക്കുമേറ്റു. ഏഴു പേരുടെ നില ഗുരുതരമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് ഉത്സവത്തിനെത്തിച്ച പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. ആനകൾ വിരണ്ടു വരുന്നതു കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ വീണാണ് കൂടുതൽ പേർക്കും പരിക്കേറ്റത്. ചിലർക്ക് ആനകളുടെ ചവിട്ടേറ്റെന്നും വിവരമുണ്ട്.