
ബംഗളുരു: യുവാവിനെ ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. യാത്രയ്ക്കിടെയുണ്ടായ തർക്കത്തിന്റെ പേരിലാണ് സഹയാത്രികനായ അപരിചിതനെ രണ്ട് പേർ ചേർന്ന് പുറത്തേക്ക് തള്ളിയിട്ടത്. ഇയാളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. ബംഗളുരുവിൽ കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്.
കർണാടകയിലെ കലുബർഗി ജില്ലയിലെ സേദം സ്വദേശികളായ ദേവപ്പ (45), വീരപ്പ (31) എന്നിവരാണ് അറസ്റ്റിലായത്. മരിച്ചയാളിനെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. യെശ്വന്ത്പൂർ – ബിദർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു മൂവരും. ട്രെയിൻ കൊടിഗെഹള്ളിക്കും യെലഹങ്കയ്ക്കും ഇടയിൽ എത്തിയപ്പോൾ യുവാവ് ട്രെയിനിലെ ടോയ്ലറ്റിനും ഡോറിനും ഇടയിലുള്ള സ്ഥലത്ത് ഇരിക്കാൻ ശ്രമിച്ചു. ഇവിടെ ദേവപ്പയും വീരപ്പയും നേരത്തെ തന്നെ ഇരിക്കുകയായിരുന്നു. യുവാവ് ഇവിടെ വന്നിരുന്നപ്പോൾ രണ്ട് പേരിൽ ഒരാളുടെ മുകളിലേക്കാണ് ഇരുന്നത്. ഇതിനെച്ചൊല്ലി തർക്കമുണ്ടാവുകയും അത് പിന്നീട് അടിപിടിയിലെത്തുകയും ചെയ്തു.
ഇതിനിടെ ഇവർ രണ്ട് പേരും ചേർന്ന് യുവാവിനെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. സംഭവം കണ്ടുകൊണ്ടിരുന്ന കുമാർ എംജി എന്ന യാത്രക്കാരൻ 112ൽ വിളിച്ച് അധികൃതരെ വിവരം അറിയിച്ചു. ഈ സമയത്തിനിടെ ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ദേവപ്പയെയും വീരപ്പയെയും ആക്രമിക്കുകയും ചെയ്തു. ഇതിനിടെ മറ്റ് യാത്രക്കാർ ചങ്ങല വലിച്ചു. ദോഡ്ഡബല്ലപൂർ സ്റ്റേഷന് സമീപത്താണ് ട്രെയിൻ നിന്നത്. വണ്ടി നിന്നയുടൻ തന്നെ ഇരുവരും പുറത്തിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സ്റ്റേഷൻ പരിസത്തു നിന്ന് പുറത്തു കടക്കുന്നതിന് മുമ്പ് തന്നെ ഇവരെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇരുവരും ട്രാക്കിലേക്ക് തള്ളിയിട്ട യുവാവിന്റെ മൃതദേഹം പിറ്റേദിവസം രാവിലെയാണ് കണ്ടെടുത്തത്. മരിച്ചയാളെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]