
ദേശീയ ഗെയിംസിൽ കേരളത്തിന് 13 സ്വർണം, മെഡൽപ്പട്ടികയിൽ 14-ാം സ്ഥാനം മാത്രം
ഉത്തരാഖണ്ഡിൽ ഇന്ന് സമാപിക്കുന്ന ദേശീയ ഗെയിംസ് കേരളത്തിന് ദേശീയ ദുരന്തമായി മാറി . കായിക പ്രൗഢിയും പാരമ്പര്യവും കളഞ്ഞുകുളിച്ച് മെഡൽപ്പട്ടികയിലെ 14-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് കേരളം. ചരിത്രത്തിലാദ്യമായി ആദ്യ പത്ത് സ്ഥാനത്തിനുള്ളിൽ നിന്ന് പുറത്തുപോയെന്നതും ആകെ 13 സ്വർണമെഡലുകളേ നേടാനായുള്ളൂ എന്നതും കേരളത്തെ നാഷണൽ ലെവലിൽ നാണംകെടുത്തിയിരിക്കുന്നു.
കഴിഞ്ഞ ഗെയിംസിൽ 19 സ്വർണമടക്കം 22 മെഡലുകൾ സംഭാവന ചെയ്ത കളരിപ്പയറ്റിനെ ഇക്കുറി പ്രദർശന ഇനമാക്കിയതുകൊണ്ടാണ് ഈ പിന്നാക്കംപോക്കെന്ന് പറഞ്ഞൊഴിയാമെങ്കിലും കഴിഞ്ഞതവണ മാത്രമാണ് കളരിപ്പയറ്റ് മത്സരഇനമാക്കിയതെന്നുകൂടി മനസിലാക്കേണ്ടതുണ്ട്. അതിനുമുമ്പുള്ള ഗെയിംസുകളിലെ കേരളത്തിന്റെ പ്രകടനത്തിന്റെ ഏഴയലത്തുപോലും എത്താൻ ഇക്കുറി കഴിഞ്ഞിട്ടില്ല. കളരിപ്പയറ്റ് ഇല്ലാതെ തന്നെ 2015ലെ ഗെയിംസിൽ 54 സ്വർണമടക്കം 162 മെഡലുകൾ നേടി രണ്ടാമതെത്തിയിരുന്ന ടീമാണ് കേരളം. 2022 ഗുജറാത്ത് ഗെയിംസിലും കളരിയില്ലാതെ 23 സ്വർണമടക്കം 54 മെഡലുകൾ നേടി. 2023ൽ കളരി ഉൾപ്പെടുത്തിയപ്പോൾ സ്വർണത്തിന്റെ എണ്ണം 36, മെഡലുകളുടെ എണ്ണം 87.
സ്വർണം കുറഞ്ഞ കേരളം 14-ാം സ്ഥാനത്തേക്ക് താഴ്ന്നപ്പോൾ ഹരിയാനയും കർണാടകയും തമിഴ്നാടും മദ്ധ്യപ്രദേശുമടക്കമുള്ള സംസ്ഥാനങ്ങൾ മുകളിലേക്ക് പോയി. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിലും ഈ സംസ്ഥാനങ്ങളെ കേരളം കണ്ടുപഠിക്കേണ്ടതാണ്. കേരളത്തിലെ കായിക മുകുളങ്ങൾക്ക് പരിശീലനം നൽകുന്ന ഹോസ്റ്റലുകളിൽ കുട്ടികൾക്ക് ഭക്ഷണത്തിനുള്ള തുക അനുവദിച്ചിട്ടു മാസങ്ങളായി. ദേശീയ മത്സരങ്ങൾക്ക് പോകാനുള്ള ഗ്രാന്റും കുടിശികയാണ്. സ്പോർട്സ് കൗൺസിലിലെ സ്ഥിരജീവനക്കാർക്ക് മൂന്നുമാസത്തേയും താത്കാലികക്കാർക്ക് നാലുമാസത്തെയും ശമ്പളം കുടിശിക. ദേശീയ ഗെയിംസിന്റെ തയ്യാറെടുപ്പിന് സർക്കാർ ഫണ്ട് അനുവദിച്ചെങ്കിലും അത് സമയത്ത് വാങ്ങിയെടുക്കാൻ കൗൺസിലിന് കഴിഞ്ഞതുമില്ല.
കേരളത്തിന്റെ കായികഭാവിയുടെ കൃത്യമായ ചൂണ്ടുപലകയാണ് ഉത്തരാഖണ്ഡ് ദേശീയ ഗെയിംസ്. ഈ രീതിയിലാണ് പോക്കെങ്കിൽ കേരളം ഒന്നുമല്ലാതാകുന്നത് അത്ര വിദൂരത്താവില്ല.
ദേശീയ ഗെയിംസിൽ കേരളം ആദ്യ 10 സ്ഥാനത്തിന് പുറത്താകുന്നത് ഇതാദ്യം.
2023ൽ കളരി ഉൾപ്പടെ നേടിയത് 36 സ്വർണം, 2022ൽ കളരി ഇല്ലാതെ 23 സ്വർണം
ദേശീയ ഗെയിംസ് ദുരന്തം
1. കഴിഞ്ഞ ഗെയിംസിൽ 19 സ്വർണമുൾപ്പടെ 22 മെഡലുകൾ നൽകിയ കളരിപ്പയറ്റ് ഇക്കുറി പ്രദർശന ഇനമാക്കി മാറ്റി.
2. കളരിയിലെ കുറവ് മറ്റ് കായിക ഇനങ്ങളിൽ നിന്ന് നികത്താനുള്ള പരിശ്രമമുണ്ടായില്ല.
3. അത്ലറ്റിക്സിലുൾപ്പടെ പല ഇനങ്ങളിലും സീനിയർ താരങ്ങൾ കേരളത്തിനായി മത്സരിക്കാൻ ഇറങ്ങിയില്ല.
4. സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷണവും കോച്ചുമാർക്ക് ശമ്പളവുമില്ലാത്തത് ടീമിനെ മാനസികമായി തളർത്തി.
സംസ്ഥാന കായിക മന്ത്രിയുടെയും സ്പോർട്സ് കൗൺസിലിന്റേയും തെറ്റായ നടപടികളാണ് കേരളത്തെ ഈ നാണക്കേടിലേക്ക് തള്ളിവിട്ടത്.
വി.സുനിൽ കുമാർ, കേരള ഒളിമ്പിക്
അസോസിയേഷൻ പ്രസിഡന്റ്
കേരളത്തിന് മെഡലുകളുടെ എണ്ണത്തിലല്ല, വണ്ണത്തിലാണ് കുറവ്. സ്വർണങ്ങൾ കുറച്ച് കുറഞ്ഞിട്ടുണ്ട്. മലയാളി താരങ്ങളെ സർവീസസും മറ്റും കൊണ്ടുപോയതുകൊണ്ടാണത്. കളരിപ്പയറ്റിനെ ഐ.ഒ.എ ഒഴിവാക്കിയതും തിരിച്ചടിയായി.
– യു.ഷറഫലി, സംസ്ഥാന സ്പോർട്സ്
കൗൺസിൽ പ്രസിഡന്റ്
ദേശീയ ഗെയിംസിൽ കേരളം ഇതുവരെ
1985 – 10-ാം സ്ഥാനം
1987- രണ്ടാം സ്ഥാനം
1994- 10-ാം സ്ഥാനം
1997- നാലാം സ്ഥാനം
2001-ഏഴാം സ്ഥാനം
2002- ആറാം സ്ഥാനം
2007-നാലാം സ്ഥാനം
2011-ഏഴാം സ്ഥാനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2015- രണ്ടാം സ്ഥാനം
2022-ആറാം സ്ഥാനം
2023-അഞ്ചാം സ്ഥാനം
2025-14-ാം സ്ഥാനം