
കൊച്ചി: തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി. ഇതോടെ തൃപ്പൂണിത്തുറവരെയുള്ള സർവ്വീസ് വൈകാതെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. സർവ്വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി.
ഫെബ്രുവരി 12, 13 തീയതികളിൽ തൃപ്പൂണിത്തുറ സ്റ്റേഷനിൽ നടന്ന ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധനയാണ് പൂർത്തിയായത്. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ, സിസ്റ്റം, സിംഗ്നലിംഗ്, ട്രാക്ക് തുടങ്ങിയവയാണ് ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ പരിശോധിച്ചത്. വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള റെയിൽവേ സുരക്ഷാ കമ്മീഷണർ അനന്ദ് എം ചൗധരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് മെട്രോ സർവ്വീസ് ആരംഭിക്കുന്നതിനുള്ള അംഗീകാരം നൽകിക്കൊണ്ടുള്ള ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ മറുപടി എത്രയും വേഗം ലഭിക്കുമെന്നാണ് കെ എം ആർ എൽ പ്രതീക്ഷിക്കുന്നത്. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നതിന് മുൻപ് ലഭിക്കേണ്ട പ്രധാന അനുമതിയാണ് ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടേത്.
അതേസമയം തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിലെ അവസാന ഘട്ട നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷൻ ഒരുങ്ങുന്നത്. ഇതിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്. ഓപ്പൺ വെബ് ഗിർഡർ സാങ്കേിക വിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ് എൻ ജംഗ്ഷൻ – തൃപ്പൂണിത്തുറ സ്റ്റേഷനുകൾക്കിടയിലെ 60 മീറ്റർ മേഖലയിലാണ്. ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുക.
Last Updated Feb 13, 2024, 8:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]