
അവിസ്മരണീയ ഗാനങ്ങളിലൂടെ മലയാളത്തെ ഭാവസാന്ദ്രമാക്കിയ പ്രിയകവി ഒഎന്‍വി കുറുപ്പ് ഓര്‍മ്മയായിട്ട് ഇന്നേക്ക് എട്ടുവര്‍ഷം. ആത്മാവിനെ തൊട്ടുണര്‍ത്തിയ കവിതയിലൂടെയും ഗാനങ്ങളിലൂടെയും മലയാളികളുടെ മനസില്‍ ഇടംപിടിച്ച കാവ്യസൂര്യന് ഇന്ന് സ്മരണാഞ്ജലി അര്‍പ്പിക്കുകയാണ് കേരളം. (Poet ONV Kurup death anniversary)
പ്രകൃതിയും ഭൂമിയും സമരവും സ്വാതന്ത്ര്യവുമൊക്കെ നിറഞ്ഞുനിന്ന അസാധാരണമായ കാവ്യയാത്രയായിരുന്നു ഒഎന്‍വിയുടേത്. ഗാനവും കവിതയും തമ്മിലുള്ള അകലം ഇല്ലാതാക്കിയ ഒഎന്‍വി ഭാഷയെ കെടാതെ സൂക്ഷിക്കേണ്ട പ്രകാശനാളമായി കണ്ടു. മനുഷ്യരാശിയുടെ അതിജീവനത്തെപ്പറ്റിയുള്ള ആശങ്കകളും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അനന്യമായ ബന്ധവുമായിരുന്നു ഒഎന്‍വി കവിതകളുടെ കാതല്‍.
Read Also :
കൊല്ലം ചവറയില്‍ ഒഎന് കൃഷ്ണക്കുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി 1931ലാണ് ജനനം. പതിനഞ്ചാം വയസ്സില്‍ ‘മുന്നോട്ട്’ എന്ന കവിതയെഴുതി തുടക്കം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം മലയാള അധ്യാപകനായി വിവിധ കോളജുകളില്‍ ഔദ്യോഗിക ജീവിതം. ‘പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളെ’ എന്ന ഗാനത്തിലൂടെ കെപിഎസിയിലേക്ക്. പിന്നീട് കാളിദാസ കലാകേന്ദത്തിലേക്ക്…1955ല്‍ ‘കാലം മാറുന്നു’ എന്ന സിനിമയ്ക്കായി ‘ആ മലര്‍പൊയ്കയിലൂടെ’ സിനിമയിലെത്തി.
സാഗരങ്ങളേ പാടിപ്പാടി ഉണര്‍ത്തിയ, ആരെയും ഭാവഗായകനാക്കും, ഒരുവട്ടം കൂടിയെന്‍, കാതില്‍ തേന്മഴയായ്, പൂമകള്‍ വാഴുന്ന, ഒരു നറുപുഷ്പമായ്, ഹൃദയത്തിന് മധുപാത്രം നിറയുന്നു തുടങ്ങി മലയാളികളുടെ ആത്മാവ് കവര്‍ന്ന നിരവധി ഗാനങ്ങള്‍ ഒഎന്‍വി എഴുതി. സിനിമാ ഗാനങ്ങളും കവിതകളും തമ്മിലുള്ള അതിര്‍വരമ്പ് അദ്ദേഹം മായ്ച്ചുകളഞ്ഞു. ഇരുനൂറ്റിമുപ്പതിലധികം സിനിമകള്‍ക്കായി ആയിരത്തോളം ഗാനങ്ങളാണ് ഒഎന്‍വി ഴഎഴുതിയത്. ഗാനരചനയ്ക്കും കവിതയ്ക്കുമെല്ലാം പുരസ്കാരങ്ങളുടെ പെരുമഴ. ജ്ഞാനപീഠവും പത്മവിഭൂഷണും എഴുത്തച്ഛന് പുരസ്കാരവും സാഹിത്യഅക്കാദമി പുരസ്കാരങ്ങളുമെല്ലാം കാവ്യസൂര്യനെ തേടിയെത്തി. 2016 ഫെബ്രുവരി 13ന് കാവ്യസൂര്യന് അസ്തമിച്ചെങ്കിലും പ്രകാശം പരത്തുന്ന കവിതകളിലൂടെ മലയാളി മനസ്സില്‍ ആ നാളം എരിഞ്ഞുകൊണ്ടേയിരിക്കുന്നു.
Story Highlights: Poet ONV Kurup death anniversary
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]