ഹൈദരാബാദ്: തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായി തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ 200 ഓളം നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 500ഓളം തെരുവ് നായ്ക്കൾ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു.
തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗ്രാമീണർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിനായാണ് സർപഞ്ചുമാർ ഉൾപ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ നായ്ക്കളെ കൊലപ്പെടുത്തിയതെന്ന് ആരോപണമുയർന്നു.
സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അഞ്ച് ഗ്രാമ സർപഞ്ചുമാർ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നേരത്തെ, ഹനംകൊണ്ട
ജില്ലയിലെ ശ്യാംപേട്ട്, അരെപ്പള്ളി ഗ്രാമങ്ങളിൽ 300 ഓളം തെരുവ് നായ്ക്കളെ കൊന്ന കേസിൽ രണ്ട് വനിതാ സർപഞ്ചുമാരും അവരുടെ ഭർത്താക്കന്മാരും ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഡിസംബറിൽ നടന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി, ചില സ്ഥാനാർത്ഥികൾ തെരുവ് നായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യം പരിഹരിക്കുമെന്ന് ഗ്രാമീണർക്ക് വാഗ്ദാനം ചെയ്തിരുന്നു.
തെരുവ് നായ്ക്കളെ കൊന്നുകൊണ്ട് വാഗ്ദാനങ്ങൾ നിറവേറ്റുകയാണെണെന്ന് മൃഗസ്നേഹികൾ ആരോപിച്ചു. ഗ്രാമങ്ങളുടെ പ്രാന്തപ്രദേശങ്ങളിലാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടതെന്ന് പൊലീസ് പറഞ്ഞു.
വെറ്ററിനറി സംഘങ്ങൾ മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം പരിശോധനകൾ നടത്തിയതായി പൊലീസ് പറഞ്ഞു. മരണകാരണവും ഉപയോഗിച്ച വിഷവും കണ്ടെത്തുന്നതിനായി സാമ്പിളുകൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചു.
പ്രതികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കാമറെഡ്ഡി ജില്ലയിലെ പൽവഞ്ച മണ്ഡലത്തിലെ അഞ്ച് ഗ്രാമങ്ങളിലായി കഴിഞ്ഞ രണ്ടോ മൂന്നോ ദിവസത്തിനിടെ 200 ഓളം തെരുവ് നായ്ക്കളെ കൊന്നതായി വിവരം ലഭിച്ചതായി മൃഗസംരക്ഷണ പ്രവർത്തകനായ അദുലപുരം ഗൗതം തിങ്കളാഴ്ച മച്ചറെഡ്ഡി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു.
സർപഞ്ചുമാരുടെ നിർദ്ദേശപ്രകാരമാണ് കൊലപാതകങ്ങൾ നടത്തിയതെന്നും വിഷം കുത്തിവെക്കാന്ഡ ഒരാളെ നിയമിച്ചതായും അദ്ദേഹം ആരോപിച്ചു. ഭവാനിപേട്ട് ഗ്രാമം സന്ദർശിച്ചപ്പോൾ അവിടെ നായ്ക്കളുടെ ജഡങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തിയെന്നും പിന്നീട് പാൽവഞ്ച, ഫരീദ്പേട്ട്, വാഡി, ബന്ദരമേശ്വരപ്പള്ളി ഗ്രാമങ്ങളിലും സമാനമായ ക്രൂരകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് ഗൗതം പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ, അഞ്ച് സർപഞ്ചുമാർ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി കാമറെഡ്ഡി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജനുവരി 6 മുതൽ മൂന്ന് ദിവസത്തിനുള്ളിൽ ഹനംകൊണ്ട
ജില്ലയിലെ ശ്യാംപേട്ട്, അരെപ്പള്ളി ഗ്രാമങ്ങളിൽ ഏകദേശം 300 തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്നതായി ആരോപണമുണ്ട്. സംഭവത്തിൽ സർപഞ്ചുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, രണ്ട് കൂലിപ്പണിക്കാർ എന്നിവരുൾപ്പെടെ ഒമ്പത് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

