കണ്ണൂർ: വേനൽ എത്തും മുൻപ് തന്നെ കണ്ണൂരിൽ അനുഭവപ്പെടുന്നത് അസഹനീയമായ വെയിലും ചൂടും. ജനുവരിയിലെ മുൻകാല താപനില തെറ്റിച്ച് ഇന്നലെ 32 ഡിഗ്രി സെൽഷ്യസ് ചൂടാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് തന്നെ ഉയർന്ന താപനിലയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലും രേഖപ്പെടുത്തുന്നത്.
ഇത്തവണ ഡിസംബർ മാസം പകുതിയോടെ തന്നെ ഉയർന്ന ചൂടും വെയിലുമാണ് ജില്ലയിൽ രേഖപ്പെടുത്തിയത്.ഡിസംബറിലെ അവസാനത്തെ രണ്ടുദിവസങ്ങളിലും ജനുവരി ഒന്നിനും രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിലാണ്. ഡിസംബർ 31ന് രേഖപ്പെടുത്തിയ 37.4 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും ഉയർന്ന ചൂട്. ഈ മാസം പകുതിയോടെ ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാ വിദഗ്ധർ .പൊതുവെ നല്ല തണുപ്പ് അനുഭവപ്പെടേണ്ട അവസ്ഥയാണ് ചൂടിലേക്ക് മാറിക്കൊണ്ടിരിക്കുന്നത്.
എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയെങ്കിലും വടക്കൻകേരളത്തിലാണ് ഇത്തവണ കൂടുതൽ ചൂട് അനുഭവപ്പെടുന്നത്.
നാലുതവണ ഉയർന്ന താപനില
നവംബർ 28നും ഡിസംബർ 14നുമിടയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ നഗരങ്ങളുടെ പട്ടികയിൽ നാല് തവണയാണ് കണ്ണൂർ എത്തിയത് .നിലവിൽ പകൽച്ചൂട് അധികമാതിനാൽ പുറത്ത് ഇറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്.വേനൽ എത്തുന്നതോടെ വെയിലും ചൂടും മുൻകാലങ്ങളിലേതിലും വർദ്ധിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
ചൂട് കൂടുമ്പോൾ
ദിവസവും രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടതുണ്ട്.
കൊള്ളുന്ന വെയിലിന് ആനുപാതികമായി കുടിക്കുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കണം.
നേരിട്ട് വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കണം
മദ്യം, മസാല ഭക്ഷണം, ജങ്ക് ഫുഡ്, മൈദ,ചൂട് കൂട്ടുന്ന മാംസാഹാരങ്ങൾ എന്നിവ ഒഴിവാക്കണം.
ഉയരും 3 ഡിഗ്രി വരെ
സംസ്ഥാനത്ത് രാത്രി താപനില കുറഞ്ഞ് പകൽ താപനില ഉയരുന്നതിനുള്ള സാദ്ധ്യതയാണ് കാലാവസ്ഥ വിദഗ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പകൽ താപനില സാധാരണയേക്കാളും ഒന്നുമുതൽ മൂന്നുവരെ ഡിഗ്രി സെൽഷ്യസ് ഉയർന്നേക്കുമെന്നാണ് പ്രവചനം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവുമാണ് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു കാരണം.
കാസർകോട് ജില്ലയിൽ മഴ
കാസർകോട് ജില്ലയുടെ മലയോരമേഖലയിൽ ഇന്നലെ സാമാന്യം നല്ല മഴ ലഭിച്ചു. ശ്രീലങ്കയ്ക്കു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടർന്ന് 16 വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാദ്ധ്യത പ്രവചിച്ചിരുന്നു. കണ്ണൂർ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും മഴയ്ക്കുള്ള സാദ്ധ്യത പ്രവചിച്ചിട്ടുണ്ട്. എന്നാൽ മഴ ലഭിച്ചാലും കേരളത്തിൽ ചൂടുകൂടുന്ന പ്രവണത തുടരുമെന്നും കാലാവസ്ഥ വകുപ്പ് നിരീക്ഷിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]