പുരാതന ഈജിപ്തുകാരുടെ കാലം മുതൽ ദാഹശമനിയായും മാനസിക ഉല്ലാസത്തിനും ഉപയോഗിക്കുന്ന പാനീയമാണ് ബിയർ. ലോകം മുഴുവനുമുള്ള കണക്കുകൾ പരിശോധിച്ചാൽ 192 കിലോലിറ്റർ ബിയർ ആണ് ഓരോ വർഷവും ആളുകൾ കുടിച്ചുതീർക്കുന്നത്. ബ്രാൻഡ് നോക്കി വാങ്ങുമെങ്കിലും ബിയറിന്റെ പാക്കേജിംഗ് ആരും ശ്രദ്ധിക്കാറില്ല. ബിയർ കുപ്പിയുടെ നിറത്തിന് പിന്നിലും ചില കാരണങ്ങളുണ്ടെന്ന് എത്രപേർക്കറിയാം?
കാനിലും ബോട്ടിലും വരുന്ന ബിയറിന് രുചിയിലും മറ്റും വ്യത്യാസം ഉണ്ടാകുമെന്ന് മിക്കവർക്കും അറിയാമായിരിക്കും. ബിയർ കുപ്പിയുടെ നിറം, രൂപം, വലിപ്പം, കനം എന്നിവയ്ക്കെല്ലാം അനുസരിച്ച് രുചിയിലും വ്യത്യാസം വരും.
ബിയർ ബോട്ടിലുകളുടെ രൂപത്തിന് പിന്നിലെ ചരിത്രം
1700കളുടെ തുടക്കത്തിൽ ബിയർ കുപ്പികൾ കട്ടിയുള്ള ഇരുണ്ട ഗ്ലാസിൽ നിർമിച്ച് വൈൻ കുപ്പികൾക്ക് സമാനമായി കോർക്കുകൾ ഉപയോഗിച്ച് അടച്ചിരുന്നു. 18ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഇന്നുകാണുന്ന തരത്തിലെ ചെറിയ, നീണ്ട കഴുത്തുള്ള ബോട്ടിലുകൾ വിപണിയിലെത്തി തുടങ്ങിയത്. പോർട്ടർ ബോട്ടിൽ എന്നാണ് ഇവ അറിയപ്പെടുന്നത്. പിന്നിട് നീളമുള്ള കഴുത്തിനൊപ്പം ചരിഞ്ഞ തോളുകളുള്ള ബോട്ടിലുകൾ എത്തിത്തുടങ്ങി.
19ാം നൂറ്റാണ്ടിലാണ് ജർമൻ വീറ്റ് (വീസ്), സ്ക്വാട്ട് പോർട്ടർ, സ്റ്റോൺസവെയർ ബോട്ടിലുകൾ പുതിയതായി എത്തിയത്. എന്നാൽ ഇവയുടെ ഭാരവും അടയ്ക്കാനുള്ള ബുദ്ധിമുട്ടും കാരണം നൂറ്റാണ്ടിന്റെ അവസാനം തന്നെ ഇവയ്ക്ക് വിപണി വിടേണ്ടതായും വന്നു.
ഇന്നുകാണുന്ന മോഡേൺ ബോട്ടിലുകൾ 20ാം നൂറ്റാണ്ടിലാണ് എത്തിത്തുടങ്ങിയത്. സ്റ്റബീസ്, സ്റ്റെനീസ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഇന്നുകാണുന്ന ബോട്ടിലുകൾ 1930ൽ അമേരിക്കയാണ് ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് 1989ൽ അമേരിക്ക ഗ്രൗവ്ളർ ബോട്ടിലുകളും പുറത്തിറക്കി. ഇതിനിടെ ലണ്ടൻ ബ്ര്യുവേഴ്സ് എന്ന പേരിൽ ബ്രിട്ടനും കാപ്പിപ്പൊടി നിറത്തിലെ ഗ്ളാസുകൾ പുറത്തിറക്കിയിരുന്നു.
ബിയർ ബോട്ടിലുകളും നിറവും
ആദ്യകാലങ്ങളിൽ നിറമില്ലാത്ത ഗ്ളാസുകൾകൊണ്ടായിരുന്നു ബിയർ ബോട്ടിലുകൾ നിർമിച്ചിരുന്നത്. എന്നാൽ കാലക്രമേണ ബിയർ നിർമാതാക്കൾക്ക് ഒരു കാര്യം മനസിലായി, കുപ്പിയിൽ സൂര്യപ്രകാശം ഏൽക്കുന്നത് ബിയറിന്റെ രുചിയെയും മണത്തെയും പ്രതികൂലമായി ബാധിക്കുന്നു. ലൈറ്റ്സ്ട്രക്ക് എന്നാണ് ഈ പ്രതിഭാസം പൊതുവെ അറിയപ്പെടുന്നത്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ ബിയറുമായി ചേരുമ്പോഴുണ്ടാവുന്ന പ്രതിഫലനമാണ് രുചിയിലും മണത്തിലും വ്യത്യാസം വരാൻ കാരണം. ഇതിന് പരിഹാരമായാണ് ബ്രൗൺ നിറത്തിലെ ബോട്ടിലുകൾ ഉപയോഗിച്ചുതുടങ്ങിയത്. ബിയറിന് സൺഗ്ളാസ് പോലെയാണ് ഈ നിറത്തിലെ കുപ്പികൾ പ്രവർത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്നാൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രൗൺ ബോട്ടിലുകൾ നിർമിക്കാനായി ആവശ്യമുള്ള സാമഗ്രഹികളുടെ ദൗർലഭ്യം നേരിട്ടുതുടങ്ങി. തുടർന്നാണ് ബ്രൗൺ ബോട്ടിലുകൾക്ക് പകരമായി പച്ച നിറത്തിലെ ബോട്ടിലുകൾ അവതരിപ്പിച്ചുതുടങ്ങിയത്. എന്നാൽ സൂര്യരശ്മികളിൽ നിന്ന് സംരക്ഷിക്കാനുള്ള ശേഷി ബ്രൗൺ നിറമുള്ളവയെ അപേക്ഷിച്ച് ഇതിന് കുറവായിരുന്നു. എന്നിരുന്നാലും പച്ചനിറത്തിലെ ബോട്ടിലുകൾ പ്രീമിയം ബോട്ടിലുകളായാണ് കണക്കായിരുന്നത്, ഇന്നും മിക്കവരും കണക്കാക്കുന്നതും. പച്ച നിറം വലിയൊരു ബ്രാൻഡായി മാറുകയും ചെയ്തു. ഇന്ന് മിക്ക മുൻനിര ബിയർ ബ്രാൻഡുകളും പച്ച നിറത്തിലെ കുപ്പിയാണ് തിരഞ്ഞെടുക്കുന്നതും.
ബ്രൗൺ ബോട്ടിലുകൾ
ബിയർ പാക്കേജിംഗിൽ തന്നെ നിർണായക മാറ്റങ്ങൾ കൊണ്ടുവന്നവയാണ് ബ്രൗൺ നിറത്തിലെ കുപ്പികൾ. മദ്യനിർമ്മാണ വ്യവസായത്തിലെ സാങ്കേതികവിദ്യ ഉപയോഗത്തിന് തുടക്കമിട്ടത് ഇവയാണെന്ന് പറയാം. പാരമ്പര്യത്തിന് പുറമെ ശാസ്ത്രീയ തത്വങ്ങളിലും പ്രായോഗികതയിലും ഊന്നിനിൽക്കുന്നതാണ് ഇവയുടെ സവിശേഷതകൾ.
ഇരുണ്ട ആമ്പർ നിറം ദോഷകരമായ അൾട്രാവയലറ്റ് റേഡിയേഷനെതിരെ പ്രകൃതിദത്ത ഫിൽട്ടറായി പ്രവർത്തിക്കുന്നു. ബിയറിന്റെ രാസസ്ഥിരതയെ ദോഷകരമായി ബാധിക്കുന്ന 98 ശതമാനം തരംഗങ്ങളെയും ഇത് തടയുന്നു. ഇതിലൂടെ ബിയറിൽ കടുത്ത രുചി വ്യത്യാസമുണ്ടാക്കുന്ന 3-മീഥൈൽ-2-ബ്യൂട്ടീൻ-1-തിയോൾ (എംബിടി) രൂപീകരണത്തെ തടയുന്നു. ബിയർ പ്രേമികൾ “സ്കങ്കി” ഫ്ലേവർ എന്നാണ് ഈ രുചിവ്യത്യാസത്തെ വിളിക്കുന്നത്. ഈ നിറം ബിയറിന്റെ അടിസ്ഥാന ഗുണനിലവാരം സംരക്ഷിക്കുക മാത്രമല്ല, ഓരോ ബ്രൂവിന്റെയും വ്യക്തിഗത സ്വഭാവത്തിന് കാരണമാകുന്ന സുഗന്ധ പ്രൊഫൈലുകളും അവശ്യ അസ്ഥിര സംയുക്തങ്ങളും നിലനിർത്തുകയും ചെയ്യുന്നു. ഇത്തരത്തിൽ ബിയറിന്റെ കാലാവധിയും ബ്രൗൺ നിറത്തിലെ ബോട്ടിലുകൾ വർദ്ധിപ്പിക്കുന്നു.
ഗ്രീൻ ബോട്ടിലുകൾ
യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ സമ്പന്നരുടെ പ്രിയനിറമായി മാറിയവയാണ് പച്ച ബോട്ടിലുകൾ. എന്നാലിതിന് 75 ശതമാനം പ്രകാശ കിരണങ്ങളെ തടയാനുള്ള ശേഷി മാത്രമാണുള്ളത്. ഇത് ബിയറിന്റെ രുചിയിൽ വലിയ വ്യത്യാസം വരുത്തുമെന്ന് മാത്രമല്ല. കാലാവധി കുറയ്ക്കുകയും ചെയ്യുന്നു. പച്ചനിറത്തിലെ ബോട്ടിലിലുള്ള ബിയറുകൾക്ക് അതിനാൽ തന്നെ മൂന്ന് മുതൽ നാല് മാസം വരെയാണ് കാലാവധി. എന്നാൽ ഉപഭോക്താക്കൾക്കും മുൻനിര ബ്രാൻഡുകൾക്കും പ്രിയം പച്ചനിറത്തിലെ ബോട്ടിലുകൾക്കായതിനാൽ നിർമാതാക്കൾക്ക് ബിയർ സംരക്ഷിക്കാനും കാലാവധി കൂട്ടാനും പുതിയ മാർഗങ്ങൾ അവലംബിക്കേണ്ടതായി വരുന്നു.