
തൃശ്ശൂർ: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിലും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിലും സിപിഎമ്മിന് വലിയ അസഹിഷ്ണുതയുണ്ടെന്നും അതിന്റെ ഭാഗമാണ് സിപിഎം
കുപ്രചരണങ്ങളെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ കെ അനീഷ്കുമാർ പറഞ്ഞു.
നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തിന്റെ ഭാഗമായി ബുക്ക് ചെയ്തിരുന്ന വിവാഹങ്ങൾ മാറ്റിവെപ്പിച്ചുവെന്നത് തീർത്തും തെറ്റായ വാർത്തയാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ ഇത്തരം ഒരു വാർത്ത ആദ്യം പുറത്ത് വിട്ടത് സിപിഎം ചാനലാണ്. ഇതിന് പിന്നിൽ സിപിഎം നേതാക്കളാണ്. മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഒരു വിവാഹവും മാറ്റിവെച്ചിട്ടില്ല. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമയം തന്നെ മുൻപ് നിശ്ചയിച്ച വിവാഹങ്ങളെല്ലാം മറ്റ് മണ്ഡപങ്ങളിൽ നടക്കും.
വിവാഹം മാറ്റി വെച്ച വധൂവരന്മാരുടെ മാതാപിതാക്കൾ അതീവ ദു:ഖിതരാണെന്ന വാർത്ത ശുദ്ധ അസംബന്ധമാണ്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ മക്കളുടെ വിവാഹം നടക്കുന്നതിൽ അവരെല്ലാം തന്നെ അതീവ സന്തോഷത്തിലാണ്. പ്രധാനമന്ത്രിയുടെ സാന്നിധ്യമുണ്ടാകും എന്ന പ്രതീക്ഷയിൽ കഴിഞ്ഞ 2 ദിവസമായി പുതുതായി നിരവധി വിവാഹങ്ങളാണ് ക്ഷേത്രത്തിൽ ബുക്ക് ചെയ്തിട്ടുള്ളത്.
ഈ സത്യങ്ങളെല്ലാം മറച്ച് വെച്ചാണ് സിപിഎം അസത്യപ്രചരണം നടത്തുന്നത്. നരേന്ദ്ര മോദിയുടെ സാന്നിധ്യം സിപിഎമ്മിന് വലിയ അലോസരമുണ്ടാക്കുന്നുണ്ട്. രാജ്യത്തിൻ്റെ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ അപകീർത്തിപ്പെടുത്താൻ വളഞ്ഞ വഴികൾ പ്രയോഗിക്കുന്നത് സംസ്ഥാനം ഭരിക്കുന്ന ഒരു രാഷ്ടീയ പാർട്ടിയുടെ മാന്യതയ്ക്ക് ചേർന്നതല്ല. തൃശ്ശൂരിൽ ബിജെപിയുടെ വിജയം ഉറപ്പായതിൻ്റെ അസഹിഷ്ണുതയാണ് സിപിഎം കുപ്രചരങ്ങൾക്ക് കാരണമെന്നും അനീഷ്കുമാർ പറഞ്ഞു.
അതേസസമയം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ പ്രതികരിച്ചിരുന്നു. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നതെന്ന് കെപി വിനയൻ അറിയിച്ചു. വിവാഹം മാറ്റിവെച്ചെന്ന രീതിയിലുള്ള വാർത്തകൾ പരന്നതോടെയാണ് വിശദീകരണവുമായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ രംഗത്തെത്തിയത്. അന്നേ ദിവസം, രാവിലെ ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂർ ക്ഷേത്രത്തിൽ വിലക്കുണ്ട്.
Last Updated Jan 13, 2024, 9:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]