
ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും വിവാഹ ദിനങ്ങൾ കളറാക്കാൻ തീരുമാനിച്ചിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, സൂക്ഷിക്കുക ആഘോഷങ്ങൾ ചിലപ്പോൾ വലിയ ദുരന്തത്തിന് വഴിമാറിയേക്കാം. അത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ചൈനയിൽ ഒരു വിവാഹഘോഷത്തിനിടയിലാണ് അതിഥികളുടെ ആഘോഷം ഒരു ദുരന്തമായി മാറിയത്. വധുവിനെയും വരനെയും വിവാഹ വേദിയിലേക്ക് ആനയിച്ചുകൊണ്ട് നടത്തിയ ചടങ്ങിനിടയിൽ സ്പ്രേ ചെയ്ത പാർട്ടി സ്ട്രീമർ ആണ് അപകടത്തിന് കാരണമായത്. സ്ട്രീമറിൽ നിന്നുള്ള സ്പ്രേ ഏറ്റ് യുവതിയുടെ മുഖവും കൈകളും പൂർണമായും പൊള്ളിയതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തത്.
തെക്കുകിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ തായ്ഷൗവിൽ നിന്നുള്ള യുവതിക്കാണ് പൊള്ളലേറ്റത്. യുവതിയുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. എന്നാൽ, സോഷ്യൽ മീഡിയ പേജുകളിൽ നിറയുന്ന ഇവരുടെ ചിത്രങ്ങളിൽ മുഖത്തേറ്റിരിക്കുന്ന ഗുരുതരമായ പരിക്ക് വ്യക്തമാണ്. ഡിസംബർ 23 നായിരുന്നു യുവതിയുടെ വിവാഹം. വിവാഹ ദിവസം യുവതി തന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. പിന്നീട് നാല് ദിവസങ്ങൾക്ക് ശേഷമാണ് യുവതി തനിക്ക് പറ്റിയ അപകടത്തെക്കുറിച്ച് വ്യക്തമാക്കികൊണ്ട് പൊള്ളലേറ്റ മുഖത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. വിവാഹ ആഘോഷങ്ങൾക്കിടെ “ഗ്യാസ് ചാർജ്ജ് ചെയ്ത സ്ട്രീമറുകൾ” ഉപയോഗിച്ചതിന്റെ ഫലമാണ് തന്റെ രൂപത്തില്‍, പ്രത്യേകിച്ചും മുഖത്തുണ്ടായ സമൂലമായ മാറ്റമെന്നാണ് വധു വെളിപ്പെടുത്തിയത്.
സമീപ വർഷങ്ങളിൽ ചൈനയിൽ ഒരു ജനപ്രിയ വിവാഹ ആചാരമായി സ്ട്രീമറുകളുടെ ഉപയോഗം മാറിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു ഉത്സവ അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം, വളരെ ചെലവ് കുറഞ്ഞതും, വൃത്തിയാക്കാൻ എളുപ്പമുള്ളതുമാണ് ഇത്തരം സ്പ്രേ സ്ട്രീമറുകൾ എന്നത് തന്നെയാണ് അവയുടെ ആവശ്യക്കാര്‍ കൂടാന്‍ കാരണവും. എന്നാൽ എഥനോൾ അല്ലെങ്കിൽ മീഥെയ്ൻ പോലുള്ള ജ്വലിക്കുന്ന ഓർഗാനിക് ലായകങ്ങളിൽ ലയിപ്പിച്ച ഒരു റെസിൻ സംയുക്തം ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ഇവ മനുഷ്യന്റെ തൊലിക്ക് അപകടകരവുമാണ്. സ്പ്രേ ചെയ്യുമ്പോൾ, തീയുമായി സമ്പർക്കം പുലർത്തിയാൽ വളരെ വേഗത്തിൽ തീപിടിക്കുന്ന ഒരു എയറോസോൾ ഇവ സൃഷ്ടിക്കും. അതിനാല്‍ ഇത്തരം സ്ട്രീമറുകള് ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
Last Updated Jan 13, 2024, 4:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]