
ദില്ലി: മുഖ്യമന്ത്രി പിണറായിയുടെ മകൾ വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണത്തിൽ പ്രതികരണവുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത്. വീണ വിജയനെതിരായ കേസ് ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള ബി ജെ പി – സി പി എം അഡ്ജസ്റ്റ്മെന്റാണെന്ന് കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അന്വേഷണം നീണ്ട സ്വർണ്ണക്കടത്ത് കേസ് മുൻ നിർത്തിയായിരുന്നു കെ സിയുടെ വിമർശനം. സ്വർണ്ണക്കടത്ത് കേസിന്റെ അവസ്ഥ എന്തായെന്ന് ചോദിച്ച അദ്ദേഹം, അതുപോലെ വീണക്കെതിരായ കേസും മാറുമെന്ന് പറഞ്ഞു. ഇതെല്ലാം ബി ജെ പിയും സി പി എമ്മും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് മാത്രമാണെന്നും കെ സി വിമർശിച്ചു.
നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവരും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ലെന്ന് സതീശൻ പറഞ്ഞു. പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ട്. കരുവന്നൂരിലെ അന്വേഷണം എന്തായെന്നും സതീശൻ ചോദിച്ചു. വീണയുടെ കമ്പനിക്കെതിരെ കേന്ദ്ര ഏജൻസിയെ കൊണ്ടുവന്ന് അന്വേഷണം തുടങ്ങിയ ശേഷം പാർലമെന്റ് ഇലക്ഷന് മുന്നോടിയായി അവിഹിത ബന്ധം ഉണ്ടാക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം ഒത്തു തീർപ്പിന്റെ ഭാഗമാകാമെന്നാണ് കോൺഗ്രസ് നേതാവും വടകര എം പിയുമായ കെ മുരളീധരൻ അഭിപ്രായപ്പെട്ടത്. ഞങ്ങൾ ഇപ്പോൾ വലിയ ആവേശം കാണിക്കുന്നില്ല. ഇതെല്ലാം ഒത്തുതീർപ്പിന്റെ ഭാഗമാകാം. കേന്ദ്ര ഏജൻസികൾ സെക്രട്ടറിയേറ്റിൽ കയറേണ്ട സമയം കഴിഞ്ഞു. ഇതൊരു ഭീഷണിയാണ്. സത്യം പുറത്തു വരേണ്ട സമയം കഴിഞ്ഞു. എന്നാൽ എല്ലാം അന്തർധാരയിൽ അവസാനിക്കും. ബി ജെ പിയും സി പി എമ്മും തമ്മിലുള്ള അന്തർധാര സജീവമാണ്. സ്വർണ്ണകടത്തു കേസ് അതിന് ഉദാഹരണമാണെന്നുും മുരളീധരൻ പറഞ്ഞു.
Last Updated Jan 13, 2024, 5:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]