
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയവരടക്കം പതിനായിരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ആദ്യ മത്സരം. കാണികൾക്കും താരങ്ങൾക്കും വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഏറെ കാത്തിരിപ്പിന് ശേഷമാണ് സൗദി അറേബ്യക്ക് ക്ലബ് ലോകകപ്പിന്റെ ഇരുപതാമത് എഡിഷന് ആതിഥേയത്വം വഹിക്കാനുള്ള അവസരം കൈവന്നത്. ക്ലബ് ലോകകപ്പ് എന്നതിനപ്പുറം 2034-ൽ സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ഡ്രസ് റിഹേഴ്സൽ കൂടിയാണിത്. ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നതിന് മുമ്പ് സമാനമായ രീതിയിൽ ക്ലബ് ലോകകപ്പിനും ഏഷ്യൻ കപ്പിനുമെല്ലാം ആതിഥേയത്വം വഹിച്ചിരുന്നു. ഒരു കുറ്റവും കുറവുമില്ലാതെ ലോകകപ്പ് ഫുട്ബോൾ വിജയിപ്പിക്കാനാവശ്യമായ പരിചയ സമ്പത്ത് കൂടിയാണ് ഇതിലൂടെ സൗദി അറേബ്യക്ക് ലഭിക്കുന്നത്. ഈ മാസം 22-നാണ് ഫൈനൽ.
ആതിഥേയരായ സൗദി അറേബ്യയെ പ്രതിനിധീകരിച്ചാണ് ലീഗ് ചാമ്പ്യന്മാരായ അൽഇത്തിഹാദ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ഓഷ്യാന ചാമ്പ്യന്മാരായ ന്യൂസിലാന്റിലെ ഓക്ലന്റ് സിറ്റിയെയാണ് ഉദ്ഘാടന മത്സരത്തിൽ കരീം ബെൻസീമയുടെ ടീം നേരിടുന്നത്.
ക്ലബ്ബ് ലോകകപ്പിന്റെ ഇരുപതാമത് എഡിഷനാണ് ഇത്. ഏഴ് ടീമുകൾ പങ്കെടുക്കുന്ന അവസാന ടൂർണമെന്റും. 2025 ൽ 32 ടീമുകളുമായി അമേരിക്കയിൽ വിപുലമായ ക്ലബ്ബ് ലോകകപ്പിന് അരങ്ങൊരുങ്ങുകയാണ്.
മൂന്ന് ടീമുകൾ ഇത്തവണ ക്ലബ്ബ് ലോകകപ്പിൽ അരങ്ങേറുന്നു. യൂറോപ്യൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും (ഇംഗ്ലണ്ട്) ലാറ്റിനമേരിക്കയിലെ കോപ ലിബർടഡോറസ് ചാമ്പ്യന്മാരായ ഫഌമിനൻസും (ബ്രസീൽ) കോൺകകാഫ് ജേതാക്കളായ ക്ലബ്ബ് ലിയോണും (മെക്സിക്കൊ). പ്രധാന കളികളെല്ലാം കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ്. ലൂസേഴ്സ് ഫൈനലുൾപ്പെടെ രണ്ടു കളികൾ പ്രിൻസ് അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയത്തിൽ അരങ്ങേറും.
ടീമുകൾ:
യൂറോപ്പ്: മാഞ്ചസ്റ്റർ സിറ്റി (അരങ്ങേറ്റം)
ലാറ്റിനമേരിക്ക: ഫഌമിനൻസ് (അരങ്ങേറ്റം)
കോൺകകാഫ്: ക്ലബ്ബ് ലിയോൺ (അരങ്ങേറ്റം)
ഏഷ്യ: ഉറാവ റെഡ്സ് (മൂന്നാം തവണ)
ആഫ്രിക്ക: അൽഅഹ്ലി ഈജിപ്ത് (ഒമ്പതാം തവണ)
ഓഷ്യാന: ഓക്ലന്റ് സിറ്റി (11ാം തവണ)
ആതിഥേയ ക്ലബ്ബ്: അൽഇത്തിഹാദ് (രണ്ടാം തവണ)
ക്ലബ്ബ് ലോകകപ്പിൽ 15 തവണയും യൂറോപ്യൻ ടീമുകളാണ് കിരീടം നേടിയത്. നാലു തവണ ലാറ്റിനമേരിക്കൻ ടീമുകൾ ജേതാക്കളായി. ആദ്യ എഡിഷനിലൊഴികെ 18 തവണയും യൂറോപ്യൻ ക്ലബ്ബുകൾ ഫൈനലിലെത്തി. ആദ്യ എഡിഷനിൽ റയൽ മഡ്രീഡ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. 14 തവണ ലാറ്റിനമേരിക്കൻ ക്ലബ്ബുകൾ ഫൈനൽ കളിച്ചു. ചാമ്പ്യന്മാരായ നാല് ലാറ്റിനമേരിക്കൻ ടീമുകളും ബ്രസീലിലേതാണ്. അവസാനം കിരീടം നേടിയ യൂറോപ്പിനു പുറത്തുള്ള ടീം കൊറിന്തിയൻസാണ് (ബ്രസീൽ). രണ്ടു തവണ അവർ ചാമ്പ്യന്മാരായി. അഞ്ചു തവണ റയൽ മഡ്രീഡ് ചാമ്പ്യന്മാരായിട്ടുണ്ട്, മൂന്നു തവണ ബാഴ്സലോണയും. അർജന്റീന ക്ലബ്ബുകൾ നാലു തവണ ഫൈനലിലെത്തിയപ്പോഴും തോറ്റു, ഫൈനലിലെത്താതിരുന്ന ഒരേയൊരു അർജന്റീനാ ക്ലബ്ബ് റിവർപ്ലേറ്റാണ്, 2018 ൽ സെമിഫൈനലിൽ അവർ അൽഐനിനോട് തോറ്റു.
ക്ലബ്ബ് ലോകകപ്പ് കളിക്കുന്ന ഒമ്പതാമത്തെ മെക്സിക്കൻ ക്ലബ്ബാണ് ലിയോൺ. മെക്സിക്കൻ ക്ലബ്ബിന്റെ മികച്ച പ്രകടനം 2020 ൽ ടൈഗ്രസിന്റേതാണ്. ഫൈനലിൽ അവർ ജർമനിയിലെ ബയേൺ മ്യൂണിക്കിനോട് തോറ്റു. മികച്ച ഏഷ്യൻ പ്രകടനം കഴിഞ്ഞ തവണ ഫൈനലിൽ റയൽ മഡ്രീഡിനെതിരെ 3-5 ന് അൽഹിലാൽ പൊരുതിത്തോറ്റതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ക്ലബ്ബ് വേൾഡ് കപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ ലോക രാജ്യങ്ങളിൽ നിന്നെത്തുന്ന ഫുട്ബോൾ ആരാധകർക്ക് അതിവേഗ സേവനം നൽകാൻ ജിദ്ദ എയർപോർട്ടിൽ ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ചിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെയും ക്ലബ്ബുകളിലെ പ്രധാന വ്യക്തികളുടെയും മാധ്യമപ്രവർത്തകരുടെയും മത്സരങ്ങളുടെ ടിക്കറ്റുകൾ നേടിയ ഫുട്ബോൾ ആരാധകരുടെയും നടപടിക്രമങ്ങൾ ഫാസ്റ്റ് ട്രാക്ക് സേവനത്തിലൂടെ വേഗത്തിൽ പൂർത്തിയാക്കും. വിമാനത്തിൽ നിന്ന് നേരെ ജവാസാത്ത് കൗണ്ടറിലെത്തി കാത്തുനിൽക്കേണ്ടതില്ലാതെ മിനിറ്റുകൾക്കുള്ളിൽ പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. ചാമ്പ്യൻഷിപ്പിന്റെ ഐഡന്റിറ്റി ഉപയോഗിച്ച് ഫാസ്റ്റ് ട്രാക്ക് അലങ്കരിച്ചിട്ടുണ്ട്.