
ഗവർണറെ ആക്രമിക്കാൻ എസ്എഫ്ഐക്ക് പൊലീസ് സഹായം ലഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ഗവർണറെ ആക്രമിച്ചതിന് പിന്നിൽ പൊലീസ് ആസൂത്രണമുണ്ടായിട്ടുണ്ട്. ഗവർണറുടെ സഞ്ചാരപാത ചോർത്തിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്.
പൈലറ്റ് വാഹനം പ്രതിഷേധക്കാർക്ക് വേണ്ടി വേഗത കുറച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം. ഭരണത്തലവന് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. മനപ്പൂർവ്വം ഉണ്ടാക്കിയ സുരക്ഷാ വീഴ്ച്ചയായിരുന്നു അത്. കേന്ദ്ര ഇടപെടലിന് വഴിയൊരുക്കരുത്. ഗവർണറുടെ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ ഇടപെടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉണ്ടായത് ആസൂത്രിതമായ അക്രമമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ഗവർണർ സഞ്ചരിക്കുന്ന വഴിയും സമയവും എസ്എഫ്ഐക്കാര്ക്ക് ചോർത്തി നൽകി. വാഹനം തകർക്കുമ്പോഴും വിഐപി അകത്ത് ഇരിക്കണമെന്ന പ്രോട്ടോകോൾ എവിടെയാണ് ഉള്ളതെന്നും വി മുരളീധരൻ ചോദിച്ചു.
കേരള ഹൗസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഭരണത്തിന് നേതൃത്വം കൊടുക്കുന്നവർ തന്നെയാണ് അക്രമികളേയും പൊലീസിനേയും നിയന്ത്രിക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. ക്രമസമാധാനപാലനം മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്. ഗവർണറെ ഭയപ്പെടുത്തി ഓടിക്കാൻ നോക്കേണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സർക്കാരിന്റെ അഴിമതിക്ക് എതിരെ നിർഭയമായി, നിഷ്പക്ഷമായി, നിലപാട് എടുക്കുന്ന വൃക്തിയാണ് ഗവർണർ. വിയോജിക്കുന്നവരെ വിരട്ടുന്ന സിപിഎം ശൈലിയാണ് ഇവിടേയും കാണുന്നത്. ജയകൃഷ്ണൻ മാസ്റ്റർ മുതൽ ടി.പി ചന്ദ്രശേഖരൻ വരെ കേരളം അതുകണ്ടതാണ്. ഗുണ്ടാരാജിനെതിരെ ജനം പരസ്യമായി രംഗത്ത് ഇറങ്ങുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും വി മുരളീധരൻ പറഞ്ഞു.
Story Highlights: K Surendran on SFI Attack on governor
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]