

First Published Dec 12, 2023, 11:15 PM IST
സെന്റ് ജോര്‍ജ്സ് പാര്‍ക്ക്: ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് റണ്‍സ് വിജയലക്ഷ്യം വെട്ടിചുരുക്കി. ഇന്ത്യയുടെ ഇന്നിംഗ്സിനിടെ മൂന്ന് പന്ത് മാത്രം ബാക്കി നില്‍ക്കെ മഴയെത്തിയതോടെ വിജയലക്ഷ്യവും ഓവറും ചുരുക്കുകയായിരുന്നു. സെന്റ് ജോര്‍ജ്സ് പാര്‍ക്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 15 ഓവറില്‍ ജയിക്കാന്‍ വേണ്ടത് 152 റണ്‍സ്. അഞ്ച് ഓവര്‍ മാത്രമെ പവര്‍ പ്ലേ ലഭിക്കൂ. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 നേടിയിരിക്കെയാണ് മഴയെത്തിയത്. റിങ്കു സിംഗ് (39 പന്തില്‍ പുറത്താവാതെ 68), സൂര്യകുമാര്‍ യാദവ് (55) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ജെറാള്‍ഡ് കോട്സ്വീ ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റെടുത്തു.
മോശം തുടക്കായിരുന്നു ഇന്ത്യക്ക്. പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. യഷസ്വി ജെയ്സ്വാളിനും ശുഭ്മാന്‍ ഗില്ലിനും റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. മൂന്നാമതെത്തിയ തിലക് വര്‍മ (29) – സൂര്യ സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 49 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ആറാം ഓവറില്‍ തിലക് മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയത് റിങ്കു. സൂര്യക്കൊപ്പം 70 റണ്‍സാണ് റിങ്കു ചേര്‍ത്തത്. എന്നാല്‍ കൃത്യമായ ഇടവേളയില്‍ തന്നെ സൂര്യ മടങ്ങി. 14-ാം ഓവറില്‍ തബ്രൈസ് ഷംസിക്ക് വിക്കറ്റ് നല്കി. 36 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും അഞ്ച് ഫോറും നേടിയിരുന്നു.
തുടര്‍ന്നെത്തിയ ജിതേഷിന് ഒരു റണ്‍സെടുക്കാനാണ് സാധിച്ചത്. രവീന്ദ്ര ജഡേജ (19) വാലറ്റത്ത് നിര്‍ണായക സംഭാവന നല്കി. അവസാന ഓവറിലെ രണ്ടാം പന്തിലാണ് ജഡേജ മടങ്ങുന്നത്. തൊട്ടടുത്ത പന്തില്‍ അര്‍ഷ്ദീപ് സിംഗ് (0) പവലിയനിലെത്തി. തുടര്‍ന്ന് മഴയെത്തിയതോടെ മത്സരം നിര്‍ത്തിവെക്കേണ്ടിവന്നു.
നേരത്തെ, അസുഖത്തെ തുടര്‍ന്ന് റുതുരാജ് ഗെയ്കവാദിനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഓപ്പണറായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തി. ഇഷാന് കിഷനും ശ്രേയസ് അയ്യര്‍ക്കും ടീമില്‍ സ്ഥാനമില്ല. ജിതേശ് ശര്‍മയാണ് വിക്കറ്റ് കീപ്പര്‍. ഏകദിന ലോകകപ്പിന് ശേഷം രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടാമത്തേതാണ് നടക്കുന്നത്. ആദ്യ ടി20 മഴ മുടക്കിയിരുന്നു.
ഇന്ത്യന്‍ ടീം: യഷസ്വി ജെയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍.
ദക്ഷിണാഫ്രിക്ക: മാത്യൂ ബ്രീട്സ്കെ, റീസ ഹെന്‍ഡ്രിക്സ്, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്സ്, മാര്‍കോ ജാന്സന്, ആന്‍ഡിലെ ഫെഹ്ലുക്വായോ, ജെറാള്‍ഡ് കോട്സീ, ലിസാഡ് വില്യംസ്, തബ്രൈസ് ഷംസി.
Last Updated Dec 12, 2023, 11:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]