![](https://newskerala.net/wp-content/uploads/2024/11/surendran.1.2995111.jpg)
തൃശൂർ: പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥിയെ പറ്റി ഇപി ജയരാജൻ പറഞ്ഞത് നാട്ടുകാരുടെ മൊത്തത്തിലുള്ള അഭിപ്രായമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിഎഎയുടെ കാലത്ത് ഭൂരിപക്ഷ സമുദായത്തിന് ചികിത്സയില്ലെന്ന ബോർഡ് വീട്ടിൽ കെട്ടിത്തൂക്കിയ വ്യക്തിയാണ് പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി. ഇപ്പോൾ അദ്ദേഹം ചന്ദ്രനക്കുറിയും തൊട്ട് ഷാളുമിട്ട് അമ്പലങ്ങളിലും അഗ്രഹാരങ്ങളിലും കയറി ഇറങ്ങുകയാണ്. അദ്ദേഹത്തെ അവസരവാദിയെന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുകയെന്നും മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ കെ.സുരേന്ദ്രൻ ചോദിച്ചു.
‘സരിനെ സ്ഥാനാർത്ഥിയാക്കിയത് യുഡിഎഫിന് വോട്ട് മറിക്കാൻ വേണ്ടിയാണ്. എന്നാൽ ഇത്തവണ സിപിഎം അണികൾ കൃഷ്ണകുമാറിന് വോട്ട് ചെയ്യും.
ഇപി ജയരാജൻ സിപിഎമ്മിനും സർക്കാരിനുമെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലും യാഥാർത്ഥ്യമാവുകയാണ്. സത്യം തുറന്നു പറഞ്ഞതിന് ഇപിയെ അഭിനന്ദിക്കുന്നു. പിണറായിയുടെ കുടുംബാധിപത്യമാണ് ഇപ്പോൾ സിപിഎമ്മിൽ നടക്കുന്നത്.
അധികാരം മരുമകനിലേക്ക് കൈമാറാനാണ് പിണറായി ശ്രമിക്കുന്നത്. എംഎ ബേബി, ജി.സുധാകരൻ, തോമസ് ഐസക്ക്, കെകെ ശൈലജ തുടങ്ങിയ പ്രധാന നേതാക്കളെ സിപിഎം മാറ്റിനിർത്തിയിരിക്കുകയാണ്. എല്ലാം മരുമകന് വേണ്ടിയാണ്.സമ്പൂർണ്ണ തകർച്ചയിലേക്കാണ് സിപിഎം പോകുന്നത്. ടിപി ചന്ദ്രശേഖരനെ പോലെ ഇപിയെ കൈകാര്യം ചെയ്യാൻ അനുവദിക്കില്ല. 52 വെട്ടുവെട്ടി ഇനി ആരെയും ഇല്ലാതാക്കാൻ സിപിഎമ്മിന് സാധിക്കില്ല’-.സുരേന്ദ്രൻ പറഞ്ഞു.
പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിന് ഇടത് കൺവീനർ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയത് നീതി നിഷേധമാണ്. ബിനോയ് വിശ്വം അടക്കമുള്ളവരെ ജാവദേക്കർ കണ്ടെന്നാണ് ഇപി പറയുന്നത്. രാഷ്ട്രീയ നേതാക്കൾ പരസ്പരം കാണുന്നതിൽ എന്ത് തെറ്റാനുള്ളത്. പാലക്കാടിന് ഒരു സ്വത്ത്വബോധമുണ്ട്. അത് എന്താണെന്ന് കോൺഗ്രസിന് 23 ന് മനസിലാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]