തിരുവനന്തപുരം- കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണം ഭരണസിരാകേന്ദ്രത്തിലേക്ക് നീങ്ങുന്നു. ബാങ്ക് കേസിൽ മുൻ സി.പി.ഐ നേതാവ് എൻ. ഭാസുരാംഗന്റെയും മകന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ അന്വഷണം ചില ഉന്നത നേതാക്കളിലേക്ക് എത്തുന്നത്.
രണ്ട് മന്ത്രിമാർക്കെതിരെ മൊഴി ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. ഇവർ ഭാസുരാംഗന്റെ വീട്ടിലെ നിത്യസന്ദർശകരായിരുന്നു. പ്രാഥമിക തെളിവ് കിട്ടിയാൽ ഇവർക്കെതിരേയും അന്വേഷണം നടത്തും.
കരുവന്നൂരിന് സമാനമായി കണ്ടലയിലും സഹകരണ തട്ടിപ്പ് അന്വേഷണം ഉന്നത രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്തുകയാണ്. സ്വർണക്കടത്തു കേസിനു ശേഷം ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലേക്ക് വീണ്ടും ഇ.ഡി എത്താനാണ് സാധ്യത.
ബാങ്കിൽ സ്ഥിരമായി എത്തിയിരുന്ന രണ്ടു നേതാക്കൾ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാനികളാണെന്ന് ഇ.ഡിക്ക് ലഭിച്ച മൊഴിയിൽ വ്യക്തമാണ്. ഭാസുരാംഗനുമായി അടുപ്പമുള്ള ഈ നേതാക്കളിലേക്ക് അന്വേഷണം എത്തുമെന്നാണ് വിലിയുരത്തൽ. സി.പി.ഐയിൽ നിന്നും ഭാസുരാംഗന് സംരക്ഷണം ലഭിക്കാൻ കാരണവും ഈ നേതാക്കളുടെ പിന്തുണയാണ്. രണ്ടു മന്ത്രിമാരെ ചോദ്യം ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ഇ.ഡി നിയമോപദേശം തേടുമെന്നും സൂചനയുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ ഇ.ഡി മന്ത്രിമാരെ അടക്കം ചോദ്യം ചെയ്തു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും അങ്ങനെ സംഭവിച്ചുകൂടാതില്ല. അതിനുള്ള സാധ്യത കണ്ടല കേസിലും ഉണ്ടെന്നാണ് സൂചന. ഭാസുരാംഗന്റെ മൊഴികൾ കൃത്യമായി തന്നെ വിശകലനം ചെയ്യും.
പിടിച്ചെടുത്ത രേഖകളും പരിശോധിക്കും. അതിന് ശേഷം വീണ്ടും ഭാസുരാംഗനെ ചോദ്യം ചെയ്യും. അതിനുശേഷമാവും മന്ത്രിമാരിലേക്ക് അന്വേഷണം കൊണ്ടു പോകുക.
കാട്ടാക്കട, ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പിക്ക് സ്വാധീനമുള്ളതിനാൽ അന്വേഷണത്തിന് വേഗം കൈവരിക്കുന്നതിന് രാഷ്ട്രീയമായും ലക്ഷ്യങ്ങളുണ്ട്. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലാണ് കാട്ടാക്കട. ഇവിടെ കേന്ദ്ര മന്ത്രി വി. മുരളീധരൻ മത്സരിക്കുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ കണ്ടല കേസിൽ ബി.ജെ.പിക്ക് താൽപര്യം ഏറെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]