ദില്ലി: ഝാർഖണ്ഡിലെ കോഡെർമയിൽ നിന്ന് ദില്ലിയിലേക്കുള്ള ട്രെയിൻ എർജൻസി ബ്രേക്കിട്ട് നിർത്തിയതിനെ തുടർന്നുണ്ടായ കുലുക്കത്തിൽ രണ്ട് യാത്രക്കാർക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുരി-ന്യൂ ദില്ലി പുരുഷോത്തം എക്സ്പ്രസാണ് ബ്രേക്കിട്ടത്. ട്രെയിനിന്റെ മുകളിലേക്ക് വൈദ്യുത വയർ വീണതിനെത്തുടർന്നാണ് ലോക്കോപൈലറ്റ് എമർജൻസി ബ്രേക്ക് ചവിട്ടിയത്. പർസാബാദിന് സമീപം ഗോമോ, കോഡെർമ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഉച്ചയ്ക്ക് 12:05 മണിയോടെയായിരുന്നു സംഭവമെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
ലൈനിലെ വൈദ്യുതി വിതരണം പെട്ടെന്ന് നിലച്ചതിനാൽ ട്രെയിൻ നിർത്താൻ എമർജൻസി ബ്രേക്ക് പ്രയോഗിക്കുകയല്ലാതെ മറ്റുമാർഗമുണ്ടായിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായി എമർജൻസി ബ്രേക്ക് പിടിച്ചതിനെ തുടർന്ന് ട്രെയിൻ കുലുങ്ങി. സംഭവത്തിൽ യാത്രക്കാരായ രണ്ട് പേർ മരിച്ചതായി ധൻബാദ് റെയിൽവേ ഡിവിഷനിലെ സീനിയർ ഡിവിഷണൽ കൊമേഴ്സ് മാനേജർ അമേരേഷ് കുമാർ പറഞ്ഞു. സംഭവം നടക്കുമ്പോൾ ട്രെയിൻ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിലായിരുന്നു.
ധൻബാദ് ഡിവിഷനിൽ നാല് മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട്, പുരുഷോത്തം എക്സ്പ്രസ് അപകടസ്ഥലത്ത് നിന്ന് ഗോമോയിലേക്ക് കൊണ്ടുപോകാൻ ഡീസൽ എഞ്ചിൻ എത്തിച്ചു. അവിടെ നിന്ന് ഇലക്ട്രിക് എഞ്ചിൻ ഉപയോഗിച്ച് ദില്ലിയിലേക്കുള്ള യാത്ര തുടർന്നു.
Last Updated Nov 12, 2023, 8:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]