
തിരുവനന്തപുരം: കോലഞ്ചേരിയിൽ നിന്നും കാണാതായ പതിനഞ്ച് കാരിയെ വിജയവാഡയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി ചന്ദൻ കുമാറിനെ (21) പുത്തൻകുരിശ് പൊലീസ് പിടികൂടി. ഒക്ടോബർ നാലിനാണ് അസം സ്വദേശിനിയായ പെൺകുട്ടിയെ കാണാതായത്. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിജയവാഡയിൽ നിന്നുമാണ് യുവാവിനൊപ്പം കണ്ടെത്തിയത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ യുവാവ് വിജയവാഡയിൽ എത്തിക്കുകയായിരുന്നു. എറണാകുളത്തേക്ക് ബസിൽ പോയ പെണ്കുട്ടി അവിടെ നിന്ന് തനിച്ച് ട്രെയിനിൽ യാത്ര ചെയ്ത് വിജയവാഡയിൽ എത്തിച്ചേർന്നു. യാത്രയിൽ പെൺകുട്ടി സഹയാത്രക്കാരുടെ മൊബൈലിലാണ് യുവാവുമായി ബന്ധപ്പെട്ടിരുന്നത്. യുവാവിന്റെ നിർദേശ പ്രകാരം ഫോൺ വീട്ടിൽവച്ചാണ് പെൺകുട്ടി പോയത്. പൊലീസ് കണ്ടുപിടിക്കാതിരിക്കാനായിരുന്നു ഇത്. പൊലീസ് യുവാവിന്റെ ഫോണ് കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പെൺകുട്ടിയെ ഒളിവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തിയത്.
സബ് ഇൻസ്പെക്ടർ ജി ശശിധരന്റെ നേതൃത്വത്തിലുള്ള പോലീസ് ടീം, സാഹസികമായി നടത്തിയ ഓപ്പറേഷനിലാണ് പെൺകുട്ടിയെ മോചിപ്പിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചത്. റോഡ് മാർഗമാണ് പോലീസ് വിജയവാഡയിലെത്തിയത്. വാടക വീട്ടിൽ വച്ച് യുവാവ് പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. പുത്തൻകുരിശ് ഡി.വൈ.എസ്.പി വി.ടി ഷാജൻ, ഇൻസ്പെക്ടർ കെ.പി ജയപ്രകാശ്, സബ് ഇൻസ്പെക്ടർമാരായ ജി. ശശിധരൻ, പീറ്റർപോൾ എ.എസ്.ഐമാരായ ബിജു ജോൺ, സുരേഷ് കുമാർ സീനിയർ സി പി ഒ മാരായ പി. ആർ അഖിൽ, കെ. ആർ രാമചന്ദ്രൻ, എ.എ അജ്മൽ, ബിജി ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
‘പോ, പോയി ഭിക്ഷ യാചിക്ക്’: സ്വത്തിനായി മാതാപിതാക്കളോട് മക്കളുടെ ക്രൂരത, മൃതദേഹം വാട്ടർടാങ്കിൽ, കുറിപ്പ് കിട്ടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]