
തിരുവനന്തപുരം: ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസന്റെ നേട്ടത്തിൽ വലിയ സന്തോഷമുണ്ടെന്ന് അച്ഛൻ സാംസൻ. 10-12 വർഷമായി സഞ്ജു ടീമിന് അകത്തും പുറത്തുമായി നിൽക്കുകയാണ്. 2013ലെ ഐപിഎല്ലിൽ മികച്ച താരമായ സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥിരം അംഗമാകേണ്ടയാളായിരുന്നുവെന്നും നിർഭാഗ്യവശാൽ അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പുതിയ കോച്ചും ക്യാപ്റ്റനും വന്നതോടെ സഞ്ജുവിനും പുതിയ അവസരം ലഭിച്ചു. മൂന്നാം ടി20 മത്സരം കണ്ടില്ല. ആദ്യ മത്സരം കാണുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. സുഹൃത്ത് വിളിച്ച് പറഞ്ഞപ്പോഴാണ് സഞ്ജു 97 റൺസിൽ ബാറ്റ് ചെയ്യുകയാണെന്ന് അറിഞ്ഞത്. ഇനി സഞ്ജു ടീമിനൊപ്പം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും തന്റെ സ്ഥാനം സഞ്ജു ഉറപ്പിച്ചെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഞ്ജു കിട്ടിയ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല എന്ന വിമർശനത്തോട് സഞ്ജു സഞ്ജുവിന്റെ ശൈലിയിലാണ് കളിക്കുന്നതെന്നും അതിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നില്ലെന്നും സാസംൻ വ്യക്തമാക്കി. സഞ്ജുവിന് ആക്രമിച്ച് കളിക്കാനാണ് ഇഷ്ടം. ചെറുപ്പം മുതലേ സഞ്ജു കളിച്ച് പഠിച്ചത് ഈ ശൈലിയാണ്. ‘ഡേയ് നിന്റെ അച്ഛനാണ് പറയുന്നത്. കുറച്ച് നോക്കി കളിക്കെടാ എന്ന് ഒരിക്കല് പറഞ്ഞതാ, പക്ഷേ അവന്റെ ശൈലി ഇതാണ്’. കിരീടം സിനിമയിലെ പ്രശസ്തമായ ഡയലോഗ് ഓർമ്മിപ്പിച്ച് കൊണ്ട് സാംസൻ പറഞ്ഞു. ടി20 ലോകകപ്പ് ടീമിലേയ്ക്ക് ക്ഷണം ലഭിച്ചെങ്കിലും ഒരു മത്സരത്തിൽ പോലും സഞ്ജുവിന് അവസരം ലഭിച്ചില്ലെന്നും പുറത്തിരുന്ന് കളി കാണുകയായിരുന്നുവെന്നും പറഞ്ഞ സാംസൻ വികാരാധീനനായി.
അതേസമയം, ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ തകർപ്പൻ പ്രകടനമാണ് സഞ്ജു സാംസൻ പുറത്തെടുത്തത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു ബംഗ്ലാദേശ് ബൌളർമാരെ തലങ്ങും വിലങ്ങും പായിച്ചു. 22 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച സഞ്ജുവിന് അടുത്ത 50 റൺസ് കണ്ടെത്താൻ വെറും 18 പന്തുകൾ മാത്രമാണ് വേണ്ടി വന്നത്. 47 പന്തുകൾ നേരിട്ട സഞ്ജു 11 ബൗണ്ടറികളും 8 സിക്സറുകളും സഹിതം 111 റൺസ് നേടിയിരുന്നു. റിഷാദ് ഹുസൈന്റെ ഒരു ഓവറിലെ 5 പന്തുകൾ സഞ്ജു തുടർച്ചയായി സിക്സർ പായിക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]