
അഹമ്മദാബാദ്: ലോകകപ്പില്‍ പാകിസ്ഥാനെതിരായ നിര്‍ണായ പോരാട്ടത്തിനിറങ്ങും മുമ്പ് ശുഭ്മാന്‍ ഗില്ലിനെത്തേടി ഐസിസി പുരസ്കാരം. ഐസിസിയുടെ സെപ്റ്റംബര്‍ മാസത്തെ മികച്ച താരമായാണ് ഗില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഡെങ്കിപ്പനിമൂലം ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യക്കായി ഇറങ്ങാന്‍ ഗില്ലിനായിരുന്നില്ല. നാളെ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഗില്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പില്‍ 75.5 ബാറ്റിംഗ് ശരാശരിയില്‍ 302 റണ്‍സെടുത്ത ഗില്‍ ടൂര്‍ണെമന്റിലെ ടോപ് സ്കോററായിരുന്നു. ഇതിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സെഞ്ചുറി ഉള്‍പ്പെടെ 178 റണ്‍സും നേടി. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെയും ഗില്‍ സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ മാസം മൂന്ന് അര്‍ധസെഞ്ചുറികളും ഗില്‍ സ്വന്തം പേരിലാക്കി. കഴിഞ്ഞ നാസം കളിച്ച എട്ട് ഇന്നിഗ്സുകളില്‍ രണ്ട് തവണ മാത്രമാണ് ഗില്‍ 50ല്‍ താഴെയുള്ള സ്കോറിന് പുറത്തായത്.
ഏകദിനങ്ങളില്‍ 35 മത്സരങ്ങളില്‍ നിന്ന് 66.1 ശരാശരിയില്‍ 1917 റണ്‍സടിച്ച ഗില്‍ 102.84 എന്ന മികച്ച പ്രഹരശേഷിയും നിലനിര്‍ത്തുന്നു. ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ പാക് നായകന് ബാബര്‍ അസമിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് ഗില്‍ ഇപ്പോള്‍.
ശുഭ്മാന്‍ ഗില്ലിന് പുറമെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും സെപ്റ്റംബറിലെ താരമാവാനുള്ള മത്സരത്തിലുണ്ടായിരുന്നു. ഇംഗ്ലണ്ട് താരം ഡേവിഡ് മലാനായിരുന്നു ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ മൂന്നാമത്തെ താരം. സെപ്റ്റംബറില്‍ ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാമതെത്തിയ സിറാജ് ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ തരിപ്പണമാക്കിയ അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പെടെ ആറ് കളികളില്‍ 11 വിക്കറ്റ് വീഴ്ത്തിയിരുന്നു.
Last Updated Oct 13, 2023, 2:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]