
ഇതുവരെ രണ്ടായിരത്തിലധികം പേർ ഇസ്രയേലില്‍ നിന്ന് മടങ്ങാൻ താൽപര്യമറിയിച്ചെന്നാണ് സൂചന. ഇതിൽ ഭൂരിഭാഗവും ഇസ്രയേലിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ്
ദില്ലി: ഇസ്രയേലില്‍നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ‘ ഓപ്പറേഷൻ അജയ്’ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദില്ലിയിലെ കേരള ഹൗസില്‍ കണ്ട്രോള് റൂം ആരംഭിച്ചു. ഇസ്രയേലില്‍നിന്ന് തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിനാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മലയാളികളെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും എയർപോർട്ടിൽ ഹെൽപ് ഡെസ്കും സജ്ജമാക്കും. ‘ഓപ്പറേഷന് അജയ്’ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാകുന്നതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ അറിയിച്ചു. കേരള ഹൗസിലെ കൺട്രോൾ റൂം നമ്പർ: 011 23747079.
ഇതിനിടെ, ഓപ്പറേഷന് അജയുടെ ഭാഗമായുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം വൈകിട്ടോടെ ഇസ്രയേലിലേക്ക് പുറപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നാളെ രാവിലെ ഇന്ത്യക്കാരുമായി വിമാനം തിരിച്ചെത്തും. 230 പേരെയാണ് നാളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും വിദ്യാർത്ഥികളായിരിക്കും. യാത്ര സൗജന്യമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ദൗത്യത്തിന്റെ ഭാഗമായി ദില്ലിയില്‍ ഉന്നതതല യോഗം നടന്നു. ഇസ്രയേലിലെ ഇന്ത്യൻ അംബാസിഡർ അടക്കം ഓൺലൈനായി യോഗത്തില്‍ പങ്കെടുത്തു.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഈ യോഗത്തിനുശേഷമാണ് ആദ്യ വിമാനം പുറപ്പെട്ടകാര്യം വിദേശകാര്യമന്ത്രാലയം അറിയിച്ചത്.അഫ്ഗാനിസ്ഥാനിൽ നിന്ന് ഓപ്പറേഷൻ ദേവി ശക്തി, യുക്രൈനിൽ നിന്ന് ഓപ്പറേഷൻ ഗംഗ. ഈ രണ്ട് ദൗത്യങ്ങൾക്കു ശേഷമാണ് ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷൻ അജയക്ക് തുടക്കമാകുന്നത്. ഇതുവരെ രണ്ടായിരത്തിലധികം പേർ ഇസ്രയേലില്‍ നിന്ന് മടങ്ങാൻ താൽപര്യമറിയിച്ചെന്നാണ് സൂചന. ഇതിൽ ഭൂരിഭാഗവും ഇസ്രയേലിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ്.
Last Updated Oct 12, 2023, 5:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]