
സാവൊപൗളൊ – പകരക്കാരനായിറങ്ങിയ ലിയണല്‍ മെസ്സിയുടെ ഷോട്ട് രണ്ടു തവണ പോസ്റ്റിനിടിച്ച് മടങ്ങിയെങ്കിലും ലോകകപ്പ് ഫുട്ബോളിന്റെ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന 1-0 ന് പാരഗ്വായെ തോല്പിച്ചു. പരിക്കു കാരണം ആഴ്ചകളായി മെസ്സി മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. യോഗ്യതാ റൗണ്ടില്‍ മൂന്നു കളിയില്‍ അര്‍ജന്റീനയുടെ മൂന്നാം വിജയമാണ് ഇത്.
ഏക ഗോള്‍ മൂന്നാം മിനിറ്റില്‍ കോര്‍ണര്‍ കിക്കിനെത്തുടര്‍ന്നായിരുന്നു. ബോക്സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നിക്കൊളാസ് ഓടാമെന്റി ഇടങ്കാലനടിയോടെ വല കുലുക്കി.
മെസ്സിക്കു പകരം നിക്കൊ ഗോണ്‍സാലസായിരുന്നു പ്ലേയിംഗ് ഇലവനില്‍. അമ്പത്തിരണ്ടാം മിനിറ്റില്‍ യൂലിയന്‍ അല്‍വരേസിനു പകരം മുപ്പത്താറുകാരന് കളത്തിലിറങ്ങി. മെസ്സിയുടെ കോര്‍ണര്‍ കിക്കാണ് നേരെ പോസ്റ്റിനിടിച്ചത്. ഫ്രീകിക്കും വലതു പോസ്റ്റിനിടിച്ച് തെറിച്ചു. അല്‍വരേസും ലൗതാരൊ മാര്‍ടിനേസും ആദ്യ പകുതിയില്‍ ആക്രമണം നയിച്ചു.
കൊളംബയയും ഉറുഗ്വായും നാലു ഗോള്‍ പങ്കിട്ടു. കൊളംബിയ രണ്ടു തവണ ലീഡ് തുലച്ചു. ഫൈനല്‍ വിസിലിന് അല്പം മുമ്പ് പെനാല്‍ട്ടിയില്‍ നിന്ന് ഡാര്വിന് നൂനസാണ് ഉറുഗ്വായ്ക്ക് സമനില നേടിക്കൊടുത്തത്. ഇഞ്ചുറി ടൈം ഗോളില്‍ ഇക്വഡോര്‍ 2-1 ന് ബൊളീവിയയെ തോല്പിച്ചു.
ഈ റൗണ്ടിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ ബ്രസീല്‍ വെനിസ്വേലയെയും ചില പെറുവിനെയും നേരിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]