
കോഴിക്കോട് – പ്രമുഖ വ്യവസായിയും ചലച്ചിത്ര നിർമാതാവും കോൺഗ്രസ് നേതാവുമായ പി.വി ഗംഗാധരൻ (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആറരയോടെയായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
മാതൃഭൂമി ദിനപത്രത്തിന്റെ മുഴുസമയ ഡയറക്ടറും എ.ഐ.സി.സി അംഗവുമാണ്. 2011-ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തി കോഴിക്കോടിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്നു.
മലയാള സിനിമാ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങൾ നിർമിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന് നേതൃത്വം നൽകി. ഒരു വടക്കൻ വീരഗാഥ, വാർത്ത, അഹിംസ, അച്ചുവിന്റെ അമ്മ, സുജാത, മനസാ വാചാ കർമ്മണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, ഇത്തിരി പൂവേ ചുവന്ന പൂവേ, ഒഴിവുകാലം, എന്നും നന്മകൾ, അദ്വൈതം, ഏകലവ്യൻ, തൂവൽക്കൊട്ടാരം, കാണാക്കിനാവ്, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ശാന്തം, യെസ് യുവർ ഓണർ, നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു.
മൂന്നുതവണ മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ അമരത്തുണ്ടായിരുന്നു. ഈ കാലയളവിൽ കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനുള്ള പ്രക്ഷോഭ പരിപാടികൾക്കും മറ്റും നേതൃനിരയിൽ നിറഞ്ഞുനിന്നു. മലബാർ എയർപോർട്ട് കർമസമിതിയുടെയും ട്രെയിൻ കർമസമിതിയുടെയും ചെയർമാനാണ്. സിനിമാ നിർമാതാക്കളുടെ അന്തർ ദേശീയ സംഘടനയായ ഫിയാഫിന്റെ ആദ്യ വൈസ് പ്രസിഡന്റായ ആദ്യത്തെ ഏഷ്യക്കാരനാണ്. മൂന്നൂതവണ പാരീസ് കേന്ദ്രീകരിച്ചുള്ള ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ്, സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചു. കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ, കേരളാ ഫിലിം ചേംബര് പ്രസിഡന്റ്, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ്, കാലിക്കറ്റ് സർവകലാശാലാ സെനറ്റ് അംഗം, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) ദേശീയ എക്സിക്യൂട്ടീവ് അംഗം, ഒയിസ്ക ഇന്റർനാഷണൽ ദക്ഷിണേന്ത്യൻ ചാപ്റ്റർ ഡയറക്ടർ എന്നിങ്ങനെ ഒട്ടേറെ പദവികൾ വഹിച്ചു. കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്, ദീർഘകാലം കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായിരുന്നു. യംഗ് ചാലഞ്ചേഴ്സ് ക്ലബ്ബിന്റെ പ്രസിഡന്റായും കെ.ടി.സി ഫുട്ബാൾ ടീമിന്റെ രക്ഷാധികാരിയായും കായികരംഗത്തും തനതായ സേവനം കാഴ്ചവെച്ചു. കോഴിക്കോട് പി.വി.എസ് ആശുപത്രി ഡയറക്ടർ, ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം ഡയറക്ടർ, ശ്രീനാരായണ എജ്യുക്കേഷൻ സൊസൈറ്റി ഡയറക്ടർ, പി.വി.എസ് നഴ്സിങ് സ്കൂൾ ഡയറക്ടർ തുടങ്ങിയ നിരവധി പദവികളും വഹിച്ചുവരികയായിരുന്നു.
കെ.ടി.സി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകൻ പി.വി സാമിയുടേയും മാധവി സാമിയുടേയും മകനായി 1943-ൽ കോഴിക്കോടായിരുന്നു ജനനം. പി.വി ഷെറിൻ ഭാര്യയാണ്. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ മക്കളാണ്. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി ചന്ദ്രൻ മൂത്ത സഹോദരനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]