
ഒക്ടോബര്‍ 10, മാനസികാരോഗ്യം സംരക്ഷിച്ചുനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും ഏവരിലേക്കുമെത്തിക്കണമെന്ന ലക്ഷ്യത്തോടെ ലോകം മുഴുവൻ ലോക മാനസികാരോഗ്യ ദിനം (World mental health day) ആചരിച്ചു. ഇതോടൊപ്പം ഒക്ടോബര്‍ പത്ത് മുതല്‍ ഒരാഴ്ച ലോക മാനസികാരോഗ്യ വാരാചരണവും നടക്കുന്നുണ്ട്. ഈ അടുത്ത കാലത്താണ് പൊതുജനങ്ങൾക്ക് ഇങ്ങനെ ഒരു ദിവസത്തിന്റെ പ്രസക്തി മനസിലായി തുടങ്ങിയത്. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് ഒത്തിരി ബോധവത്കരണ പരിപാടികൾ പലയിടങ്ങളിലായി നടന്നുവരുന്നുണ്ട്. കഴിഞ്ഞ ഒരു പത്ത് വർഷത്തിന്റെ ഇടയിൽ കണ്ട പ്രത്യക്ഷമായ മാറ്റമെന്നാൽ ഡിപ്രഷൻ എന്ന വാക്ക് എല്ലാ സാധാരണക്കാരുടെ ഇടയിലും വന്ന് കയറി എന്നതാണ്.
എവിടെ നോക്കിയാലും മെന്റൽ ഹെൽത്ത്നെ ഡിപ്രഷൻ ആയിട്ട് ബന്ധപ്പെടുത്തി പറയുന്ന ഒരു പ്രവണത കൂടിവരുന്നതായി കണ്ടുവരുന്നു. ഈ ഡിപ്രഷൻ ഇല്ലാത്തവരെല്ലാം മെന്റലി ഫിറ്റ് ആണെന്ന് പറയാൻ പറ്റുമോ???
ഒരിക്കലുമില്ല. ഒരാൾ ഒന്ന് ‘dull’ ആയാൽ അപ്പോൾ ചോദിക്കുന്ന ചോദ്യമാണ് എന്താടോ ഡിപ്രഷൻ ആണോ എന്ന്. അല്ലെങ്കിൽ അയാൾ തന്നെ പറയും എനിക്ക് ഡിപ്രഷൻ ആണ് എന്ന് . യഥാർഥത്തിൽ അത് ഡിപ്രഷൻ അഥവാ വിഷാദരോഗം ആകണമെന്നില്ല. താത്കാലികമായി ചില അവസരങ്ങളിൽ നമ്മൾ അനുഭവിക്കുന്ന ടെൻഷൻ അല്ലെങ്കിൽ പ്രയാസങ്ങളുടെയും ഒരു എളുപ്പവഴി ആയിട്ടാകാം അങ്ങനെ പറയുന്നത്. എന്നാൽ clinicaly Depression എന്നത് അത്ര എളുപ്പം പറയാവുന്നതും diagnose ചെയ്യുന്നതുമായ ഒരു രോഗാവസ്ഥ അല്ല. അതിന് കുറേ ലക്ഷണങ്ങൾ ഉണ്ട് കൃത്യമായ മാനദണ്ഡത്തിന് അടിസ്ഥാനമായാണ് രോഗനിര്‍ണ്ണയം ചെയ്യുന്നത്.
പലപ്പോഴും അടിസ്ഥാനരഹിതമായും ആവശ്യത്തിനും അനാവശ്യത്തിനും പല സാഹചര്യങ്ങളിലും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഡിപ്രഷൻ അഥവാ വിഷാദ രോഗം എന്താണെന്ന് നമുക്കൊന്ന് നോക്കാം.
ഡിപ്രഷൻ അഥവാ വിഷാദ രോഗം നിർണയിക്കുന്ന മാനദണ്ഡങ്ങൾ വിശദീകരിച്ചു കൊണ്ട് തന്നെ തുടങ്ങാം…
താഴെ കൊടുത്തിരിക്കുന്നവയിൽ അഞ്ചോ അതിലധികമോ രോഗലക്ഷണങ്ങൾ രണ്ടാഴ്ച്ചയായി തുടരുന്നുണ്ടെങ്കിൽ, നിത്യജീവിതത്തിലെ പ്രവർത്തനങ്ങളിൽ വരുന്ന മാറ്റങ്ങളും, താല്പര്യ കുറവ്, സന്തോഷം അനുഭവിക്കാൻ പറ്റാതിരിക്കുക, എല്ലായ്പ്പോഴും വിഷാദവസ്ഥ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. മറ്റ് ശാരീരിക പ്രശ്നങ്ങൾ / മെഡിക്കൽ കണ്ടിഷൻസ് കൊണ്ടുള്ള ലക്ഷണങ്ങൾ… എന്നിവ ഇതിൽ ഉൾപ്പെടുത്തരുത്.
1. മിക്ക ദിവസങ്ങളിലും വിഷാദാവസ്ഥ, സങ്കടം, പ്രതീക്ഷക്കുറവ് തുടങ്ങിയവ ഉണ്ടാവുന്നതാണ്.
2. താല്പര്യക്കുറവ് സന്തേഷക്കുറവ്.
3. ശരീരഭാരം കുറയുകയോ കൂടുകയോ ചെയ്യുന്നത്.
4. എല്ലാ ദിവസവും ഉറക്കക്കുറവ് അല്ലെങ്കിൽ ഉറക്ക കൂടുതൽ…
5. ശരീരികവും മാനസികമായും ഉള്ള അസ്വസ്ഥതകള്‍.
6. എല്ലാ ദിവസവും ക്ഷീണം. ചുറുചുറുക്ക് ഇല്ലായ്മ എന്നിവ.
7. ഓരോ കാര്യങ്ങള്‍ സംബന്ധിച്ച് കുറ്റബോധം തോന്നുക. തന്നെ കൊണ്ട് ഒരു ഗുണവും ഇല്ല എന്ന തോന്നലും
8. ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനങ്ങൾ എടുക്കുവാനും സാധിക്കാതെ വരിക.
9. മരണത്തെ കുറിച്ച് തുടർച്ചയായി ചിന്തിക്കുക , പ്രത്യേകിച്ച് ആസൂത്രണമൊന്നും ചെയ്യാതെ തന്നെ ആത്മഹത്യാപ്രവണത, ആസൂത്രിതമായ ആത്മഹത്യാശ്രമം
ഈ ലക്ഷണങ്ങൾ നിത്യജീവിതത്തിലെ സാമൂഹികവും ജോലി സംബന്ധമായ മറ്റുൃ് പ്രധാന മേഖലകളെയും ബാധിക്കുന്നുവെങ്കില്‍ ശ്രദ്ധിക്കുക. ഈ ലക്ഷണങ്ങൾ മറ്റ് രോഗങ്ങൾകൊണ്ടോ, ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം കൊണ്ടോ ആവരുത്. വിഷാദരോഗം നിലനിൽക്കുന്ന അവസ്ഥയിൽ മറ്റ് മാനസിക രോഗങ്ങളായ schizophrenia (ചിത്തഭ്രമം) ദേലുഷനൽ രോഗങ്ങൾ ( schizo affective psychotic) തുടങ്ങിയവ ഉണ്ടാവാൻ പാടില്ല. ഉന്മാദ അവസ്ഥയോ (manic) hypomanic episode എന്നിവ ഉണ്ടാകുന്നതല്ല.
മുകളിൽ കൊടുത്തിരിക്കുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിർബന്ധമായും ഒരു ഒഴിവുകേടുകളും പറയാതെ മനഃശാസ്ത്ര വിദഗ്ദനെയും മനോരോഗ വിദഗ്ദനേയാ കാണേണ്ടത് ആവശ്യമാണ്. ഇനി ഈ ലക്ഷണങ്ങളുണ്ട് എന്നാൽ ഇത്രത്തോളം പ്രയാസമില്ല. എന്നാലും നിങ്ങൾക്ക് മനശാസ്ത്രജ്ഞന്റെ സഹായം തേടാവുന്നതാണ്.
ഡിപ്രഷൻ കൂടാതെ icd 11( international classification of deseases)ലും DSM 5 ( diagnostic and statistical manual of mental disorders)ലുo വിശദമാക്കുന്ന ഒട്ടേറെ മാനസിക രോഗങ്ങൾ വേറെയുമുണ്ട്. മാനസികാരോഗ്യത്തെയും മാനസിക രോഗങ്ങളെയും കുറിച്ചുള്ള അറിവില്ലായ്മ കാരണം കൃത്യമായ രോഗ നിർണയങ്ങളോ ചികിത്സയോ നേടാത്ത ഒത്തിരി പേർ നമുക്ക് ചുറ്റുമുണ്ട്.
പണ്ടെന്നോ കണ്ട സിനിമകളും താൻ ഇടപെടുന്ന സമൂഹത്തിൽ നിന്ന് കണ്ടും കേട്ടും അറിഞ്ഞ വിവരങ്ങളുമല്ലാതെ ശാസ്ത്രീയമായ കാരണങ്ങളും ചികിത്സാരീതിയും മനസ്സിലാകാതെ ജീവിക്കുന്നവർ. നമുക്ക് ചുറ്റുമുള്ള പലരിലും കാണാൻ സാധിക്കുന്ന ചില ലക്ഷണങ്ങൾ ഒന്ന് ഓർമ്മപ്പെടുത്താം. അത് ചിലപ്പോൾ ചിലരുടെ വ്യക്തിത്വത്തിൽ എടുത്തു കാണുന്ന പ്രശ്നങ്ങൾ ആകാം. അല്ലെങ്കിൽ ചില മാനസിക രോഗങ്ങളുടെ ലക്ഷണങ്ങൾ ആകാം.
അതായത്, മറ്റുള്ളവരെ വെറുതെ വേദനിപ്പിക്കുന്ന മൂർച്ചയേറിയ വാക്കുകൾ ഇടക്കിടെ പറയുന്നവരും, മറ്റുള്ളവരുടെ കുറ്റങ്ങൾ ഉയർത്തിക്കാണിച്ചും സ്വന്തം ന്യൂനതകൾ ഒരിക്കലും അംഗീകരിക്കാത്തവരും സത്യം പറയാൻ നൂറ് അവസരങ്ങൾ വന്നാലും കളവ് മാത്രമേ പറയൂ എന്നുള്ളവരും, ഒരാവശ്യവുമില്ലാതെ കളവ് പറയുന്നവരും ജീവിതത്തിൽ എന്തെങ്കിലും പ്രയാസമേറിയ അവസരങ്ങൾ കൈകാര്യം ചെയ്യേണ്ട അവസ്ഥ വന്നാൽ വളരെ എളുപ്പം അതിൽ നിന്നും രക്ഷപ്പെടുന്നവരും, ബാക്കി ഉള്ളവർടെ നേരെ പഴി ചാരുന്നവരും, തനിക്കാവശ്യത്തിന് എന്ത് വാങ്ങാൻ പണമുണ്ടായിട്ടും മറ്റുള്ളവരുടെ സാധനങ്ങൾ മോഷ്ടിക്കുന്നതും, വെറുതെ ന്യായീകരണങ്ങൾ പറയുന്നവരും, താൻ വലിയ ആളാണ് എന്ന വിചാരം തലക്ക് പിടിച്ച് മറ്റുള്ളവരെ പുച്ഛിച്ച് നടക്കുന്നവരും, കൂടാതെ മറ്റുള്ളവരുടെ വളർച്ചയിൽ പൂർണ്ണ സന്തോഷം തോന്നാതെ എന്തിന് പറയണം സ്വന്തം മക്കൾക്ക് കിട്ടുന്ന അംഗീകാരങ്ങളും നേട്ടങ്ങളിലും സന്തോഷിക്കാതെ ദേഷ്യവും കുശുമ്പും അസൂയയും സ്വാർത്ഥതയും മാത്രമായി ജീവിക്കുന്നവരും, രക്ഷിതാക്കളെ ചൂഷണം ചെയ്യുന്ന മക്കളും , കൃത്യമായി ഉത്തരം നൽകാൻ സാധിക്കുന്ന ചോദ്യങ്ങൾക്ക് അലസമായതും സത്യമല്ലാത്തതുമായ ഒഴിവുകേടുകൾ പറയുന്നവരും മറ്റുള്ളവരെ സഹായിക്കേണ്ട സമയത്ത് സഹായിക്കാതെ ഒഴിഞ്ഞുമാറുന്നവരും സന്തോഷം വരുമ്പോൾ അടുത്ത് കൂടുന്നവരും സ്വന്തം പ്രയാസങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്നവരും, പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഏറ്റടുക്കാതെ മറ്റുള്ളവരെയും വിധിയേയും ഭാഗ്യത്തെയും പഴി ചാരുന്നവരും, സ്വന്തം അഭിപ്രായങ്ങൾ പറയാതെ അത് മറ്റ് പലരേയും കൂട്ടു പിടിച്ച് പറയുന്നവരും, നെഗറ്റിവ് ആയ മുൻ വിധിയോടെ എല്ലാ കാര്യങ്ങളെയും നോക്കിക്കാണുന്നവരും മറ്റുള്ളവർ ഉണ്ടെന്ന ഭാഗം നടിക്കാത്തവരും ആയ പലരും നമുക്ക് ചുറ്റുമുണ്ട്.
എല്ലാം ഉണ്ടായിട്ടും ഒരു സദസ്സിന് മുൻപിൽ വരാൻ പ്രയസപെടുന്നവരും ഉത്കണ്ഠ കാരണം ഉറങ്ങാൻ സാധിക്കാതെ വരികയും, ശരീരവേദനകൾ കാരണം സ്ഥിരമായി ഡോക്ടർ നെ കാണിക്കുകയും കൃത്യമായ രോഗനിർണയം നടത്താൻ പറ്റാതെ ജനറൽ ഫ്സിഷൻ psychiatrist ന് അല്ലെങ്കിൽ സൈക്കോളജിസ്റ്റിന് റഫർ ചെയ്തിട്ടും അവരെ കാണിച്ചാൽ ഞാൻ മാനസിക രോഗിയാകുമെന്ന് ഭയന്ന് ജീവിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. ഇങ്ങനെ ചിന്തിക്കുന്നവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇത്തരം ചിന്തകളുടെ ഉറവിടം തന്നെ നമ്മുടെ സമൂഹത്തിൽ നിന്ന് തന്നെയാവാം. നമ്മൾ കാണുന്നതും കേൾക്കുന്നതും വായിക്കുന്നതുമായ പലതും സ്വാധീനം ചെലുത്തിയിട്ടുണ്ട്.
സ്വന്തം മനസിനെ ഇരുത്തി മനസിലാക്കി- കളയേണ്ടത് കളഞ്ഞ്, തിരുത്തേണ്ടത് തിരുത്തി ജീവിതം മുന്നോട്ട് നയിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഉള്ളിൽ നിന്നും തുടങ്ങേണ്ടത് അനിവാര്യമാണ്. നമ്മളിൽ ഉള്ള ഓരോ പെരുമാറ്റത്തിനും മാനസിക സമ്മർദ്ദത്തിനും നമ്മൾ മാത്രമല്ല നമുക്ക് ചുറ്റുമുള്ള പലരും ഇരയാകുന്നു എന്ന് തിരിച്ചറിവ് അനിവാര്യമാണ്. മാനസികാരോഗ്യം എല്ലാവരുടെയും അവകാശമാണ് എന്നത് എപ്പോഴും ഓർമ്മയിൽ വേണ്ടതാണ്.
സഹായം നേടേണ്ട സമയത്ത് നേടുക തന്നെ ചെയ്യുക. അത് ജീവിതത്തിന് കൂടുതൽ വെളിച്ചം പകരുക മാത്രമേ ചെയ്യൂ. ഓരോരുത്തർക്കും സന്തോഷം തോന്നുന്നത് പല കാരണങ്ങളിൽ ആകാം. അതൊരിക്കലും ഒരു വ്യക്തിയെ അല്ലെങ്കിൽ ചില വ്യക്തികളിൽ മാത്രം ആശ്രയിച്ച് കൊണ്ടാകരുത്. അവനവന് ചെയ്യാൻ ഇഷ്ടമുള്ള കാര്യങ്ങൾ മനസ്സിലാക്കി ചെയ്യേണ്ടത് അത്യാവശ്യമാണ്. എല്ലാവർക്കും വേണ്ടി സമയം നീക്കിവയ്ക്കുന്ന തനിക്ക് സ്വന്തം മനസ്സിന് കൂടെ കുറച്ച് സമയം നൽകാൻ മറന്നുപോകരുത്. നേരെ തിരിച്ചുമാവരുത്…
പ്രതികരിക്കേണ്ട സമയത്ത് ആത്മനിയന്ത്രണതോടെ പ്രതികരിക്കുക തന്നെ വേണം, അല്ലാതെ ഉള്ളിൽ വെറുപ്പും ദേഷ്യവും സങ്കടവും നിറച്ച് ജീവിക്കേണ്ട ആവശ്യമില്ല… പറയുന്നവനും കേൾക്കുന്നവനും അനുഭവിക്കുന്നവർക്കും എല്ലാം മാനസികാരോഗ്യം വേണം. അതൊരിക്കലും ഒരു വിഭാഗത്തിന്റെ മാത്രം അവകാശമല്ല. ഈ വർഷത്തെ ലോക മാനസിക ദിനത്തോട് അനുബന്ധിച്ച് ലോക ആരോഗ്യ സംഘടന മുന്നോട്ട് വെച്ചത് “മാനസികാരോഗ്യം സാർവത്രികമായ മനുഷ്യാവകാശം” എന്നതാണ്. അത് അങ്ങനെ തന്നെ ഉൾകൊണ്ട് പ്രവർത്തിക്കാൻ എല്ലാവർക്കും സാധ്യമാകട്ടെ. ശരീരം പോലെ മനസും വിലപ്പെട്ടതാണ്…
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]