പ്രതിദിന വരുമാനത്തിൽ ചരിത്ര നേട്ടവുമായി യാത്ര തുടരുകയാണ് കെഎസ്ആർടിസി. ഈ വർഷത്തെ ഓണം കെഎസ്ആർടിസിക്ക് സമ്മാനിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം എന്ന മധുരം കൂടിയാണ്.
ഓണത്തിന് പിന്നാലെ സെപ്റ്റംബർ 8 ന് കെ.എസ്.ആർ.ടി.സി പ്രതിദിന ടിക്കറ്റ് വരുമാനമായി നേടിയത് 10.19 കോടി രൂപ ആയിരുന്നു. 82 ലക്ഷം രൂപയുടെ ടിക്കറ്റ് ഇതര വരുമാനം ഉൾപ്പെടെ 11.01 കോടി രൂപയാണ് ഇതേ ദിവസം കെഎസ്ആർടിസി കൈവരിച്ച ആകെ വരുമാനം.
പ്രവർത്തന രംഗത്ത് പുത്തൻ ആശയങ്ങൾ പരീക്ഷിക്കുന്ന കെഎസ്ആർടിസിയുടെ ജൈത്രയാത്ര ആരംഭിക്കുന്നത് പതിറ്റാണ്ടുകൾക്ക് മുമ്പാണ്. 1938ലാണ് തിരുവിതാംകൂർ കേന്ദ്രീകരിച്ച് ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് എന്ന പേരിൽ ഒരു ബസ് സർവീസിന് തുടക്കമാകുന്നത്.
തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കായിരുന്നു ആദ്യ സർവീസ്. തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്കും നാഗർകോവിൽ നിന്ന് കന്യാകുമാരിയിലേക്കും കുളച്ചിലിലേക്കും ടിഎസ്ടിഡി ആദ്യകാല സർവീസുകൾ നടത്തി.
ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്ത ചെയ്സുകളും ഡീസൽ എൻജിനുകളുമാണ് ആദ്യകാല ബസ്സിൽ ഉപയോഗിച്ചിരുന്നത്. ബസ്സിന്റെ ബോഡി ഡിപ്പാർട്ട്മെൻറ് ജീവനക്കാരാണ് നിർമ്മിച്ചത്.
തേക്കുമരത്തിന്റെ പ്ലാറ്റ്ഫോമോട് കൂടിയ ലെതർ സീറ്റുകൾ ഉള്ള 60 ബസ്സുകൾ ആണ് ആദ്യകാലത്ത് സർവീസ് നടത്തിയിരുന്നത്. 1939 ൽ തിരുവിതാംകൂറിൽ മോട്ടോർ വാഹന നിയമം പാസാക്കി.
1949- 1956 കാലഘട്ടങ്ങളിൽ കൊച്ചി, മലബാർ എന്നിവിടങ്ങളിലേക്കും ബസ് സർവീസ് വ്യാപിപ്പിച്ചു. 1965 ലാണ് നാം ഇന്നു കാണുന്ന രീതിയിലേക്ക് കെഎസ്ആർടിസി രൂപം പ്രാപിക്കുന്നത്.
1965 മാർച്ച് 15 ന് കേരള സർക്കാർ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) സ്ഥാപിക്കുകയും ഏപ്രിൽ 1 ന് അതിനെ സ്വയംഭരണ കോർപ്പറേഷനായി മാറ്റുകയുമായിരുന്നു. കേരള പൊതുഗതാഗത രംഗത്തിന്റെ വലിയ ചരിത്രം ചുരുക്കി അവതരിപ്പിക്കുക മാത്രമാണ് ഇവിടെ ചെയ്തത്.
പഴയ കാലത്തെ ഈ രൂപത്തിൽ നിന്ന് ഇന്നത്തെ കെഎസ്ആർടിസി ബഹുദൂരം സഞ്ചരിച്ചിരിക്കുകയാണ്. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ബസ്സുകൾ സംസ്ഥാനത്തിന് അകത്തും അന്തർ സംസ്ഥാന സർവീസുകളായും ഇന്ന് കെഎസ്ആർടിസിക്ക് കരുത്ത് പകരുന്നു.
പുതിയ കാലത്തെ കെഎസ്ആർടിസിയുടെ മാറ്റങ്ങൾ പരിശോധിച്ചാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബസുകൾക്ക് ഉണ്ടായിരിക്കുന്ന നവീകരണം തന്നെയാണ്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ബസ്സുകളാണ് ഇന്ന് കെഎസ്ആർടിസിയിൽ സർവീസ് നടത്തുന്നത്.
ബസുകളിൽ വൈഫൈയും ചാർജിംഗ് പോർട്ടുകളുമുൾപ്പെടെ അന്താരാഷ്ട്ര നിലവാരത്തിലാണ് ഒരു സംസ്ഥാനത്തിന്റെ പൊതുഗതാത സംവിധാനം പ്രവർത്തിക്കുന്നത് എന്നത് അഭിമാനകരമാണ്. യാത്രക്കാർക്ക് ഏറ്റവും മികച്ച യാത്രാനുഭവം നൽകുന്ന ബസുകളും കെഎസ്ആർടിസി നിരത്തിലിറക്കിയിട്ടുണ്ട്.
കൂടാതെ യാത്രകൾ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കാൻ ലൈവ് ട്രാക്കിംഗ് സംവിധാനം, ട്രാവൽ കാർഡ്, ഡിജിറ്റൽ പെയ്മെൻറ് സൗകര്യം എന്നിവയുമുണ്ട്. ഡ്രൈവിംഗ് സ്കൂളുകൾ, വിനോദസഞ്ചാര പാക്കേജ്, പാഴ്സൽ സർവീസ്, വിദ്യാർത്ഥികൾക്ക് കാർഡുകൾ തുടങ്ങിയ സേവനങ്ങളും കെഎസ്ആർടിസി നൽകിവരുന്നു. കാലാന്തരത്തിൽ സ്വാഭാവികമായ മാറ്റത്തിന് വിധേയമാകുമ്പോഴും ചരിത്രപരമായ നേട്ടത്തിലേക്ക് കെഎസ്ആർടിസിയെ നയിക്കുന്നത് കാലാനുസൃതമായി ഉണ്ടാകേണ്ട
മാറ്റങ്ങൾ യുക്തമാകുന്നതിന്റെ ഭാഗമായി കൂടിയാണ്. കേരളത്തിൻറെ സ്വന്തം ആനവണ്ടിക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ… …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]