കൊച്ചി ∙ ‘‘ചെവിക്കു നുള്ളിക്കോ. ഞങ്ങൾ ഇതെല്ലാം ഓർത്തു വയ്ക്കും.
വൃത്തികേടു കാണിക്കുന്ന ഒരുത്തനും കാക്കിയിട്ടു നടക്കില്ല. അത്രമാത്രം തോന്ന്യാസവും അസംബന്ധവുമാണ് കാണിക്കുന്നത്’’, പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ്.
എസ്എഫ്ഐ–കെഎസ്യു സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ കെഎസ്യു പ്രവർത്തകരെ കൊടുംകുറ്റവാളികളെ പോലെ തലയിൽ തുണിയിട്ട് കോടതിയിൽ ഹാജരാക്കിയ സംഭവത്തിലാണ് പ്രതിപക്ഷ നേതാവ് രൂക്ഷമായി പ്രതികരിച്ചത്. ഭരണത്തിൽ കേരളത്തിലെ പൊലീസ് ഏറ്റവും ജനവിരുദ്ധ പൊലീസായി മാറിക്കഴിഞ്ഞെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
‘‘കെഎസ്യു നേതാക്കളെ കഴുത്തിൽ തുണിയിട്ട് കയ്യാമം വച്ച് കോടതിയിൽ ഹാജരാക്കി.
അവർ തീവ്രവാദികളാണോ? കൊടും കുറ്റവാളികളാണോ? എവിടേക്കാണ് കേരളത്തിലെ പൊലീസ് പോകുന്നത്? രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്നവർ പൊലീസ് സേനയിലുണ്ട്. വൃത്തികേടുകൾക്കും അഴിമതിക്കും അവർ കൂട്ടുനിൽക്കും.
ഞങ്ങളുടെ കുഞ്ഞുങ്ങളെ തലയിൽ കറുത്ത തുണിയുമിട്ട് കയ്യാമവും വച്ച് തീവ്രവാദികളെപ്പോലെ കോടതിയിൽ കൊണ്ടുവന്നതിന് മറുപടി പറയിക്കും’’– സതീശൻ പറഞ്ഞു. വടക്കാഞ്ചേരിയിൽ കെഎസ്യു പ്രവർത്തകരെ തലയിൽ തുണിയിട്ട് കോടതിയിൽ ഹാജരാക്കിയ പൊലീസ് നടപടിയെ കോടതിയും വിമർശിച്ചിരുന്നു.
രൂക്ഷപ്രതികരണമാണ് വിഷയത്തിൽ രമേശ് ചെന്നിത്തലയും നടത്തിയത്.
‘‘ആ വിദ്യാർഥികളെന്താ കൊള്ളക്കാരാണോ? അവര് എന്തു തെറ്റു ചെയ്തു? അവരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ കൊണ്ടു പോവുക. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ? എന്താണ് ഇവിടെ നടക്കുന്നത്? പൊലീസിന് എന്തും ചെയ്യാമെന്ന നിലയിലേേക്ക് കാര്യങ്ങൾ പോവുകയാണ്’’–ചെന്നിത്തല പറഞ്ഞു.
ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയുടെ ഫോൺ സംഭാഷണം തെളിയിക്കുന്നത് കവർച്ചാ സംഘമാണ് പാർട്ടിയുടെ ജില്ലാ നേതൃത്വത്തിലുള്ളത് എന്നാണെന്നു വി.ഡി.
സതീശൻ പറഞ്ഞു. എല്ലാ വിധത്തിലും കളങ്കിതരായവരാണ് ജില്ലാ നേതൃത്വത്തിലുള്ളത്.
ഭരണം ജില്ല, ഏരിയാ നേതൃത്വങ്ങൾക്കായി പങ്കുവച്ചു കൊടുത്തിരിക്കുകയാണ്. കരുവന്നൂരിൽ 400 കോടി രൂപയിലധികമാണ് സാധാരണക്കാർക്ക് നഷ്ടപ്പെട്ടത്.
മകളുടെ കല്യാണത്തിനും ഓപ്പറേഷൻ നടത്താനും വീടുവയ്ക്കാനുമൊക്കെ പണം നിക്ഷേപിച്ചവർക്ക് അതെല്ലാം നഷ്ടപ്പെട്ടത്. ഇതെല്ലാം പോയത് സിപിഎം നേതാക്കളുടെ പോക്കറ്റിലേക്കാണ്.
ഇത് അന്വേഷിച്ച ഇഡി എവിടെപ്പോയെന്നും അന്വേഷണം നടത്തിയിട്ട് എല്ലാം ഒത്തുതീർപ്പാക്കിയെന്നും വി.ഡി.സതീശൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]