മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു
സ്വന്തം ലേഖകൻ
കൊച്ചി :ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി.മുകുന്ദൻ (78) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിൽസയില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം. ആർഎസ്എസിലും ബിജെപിയിലും നേതൃപരമായ ചുമതലകൾ വഹിച്ചിരുന്ന അദ്ദേഹം നിലപാടുകൾ കൊണ്ടു ശ്രദ്ധേയനായിരുന്നു.
കണ്ണൂർ കൊട്ടിയൂർ കൊളങ്ങരയത്ത് തറവാട്ടിൽ കൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും രണ്ടാമത്തെ പുത്രനായി 1946 ഡിസംബർ 9 നാണ് പി.പി.മുകുന്ദൻ ജനിച്ചത്. മണത്തല യുപി സ്കൂൾ, പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈസ്കൂൾ പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ ആകൃഷ്ടനാകുന്നത്. മണത്തലയിൽ ആർഎസ്എസ് ശാഖ ആരംഭിച്ചപ്പോൾ സ്വയംസേവകനായി. 1965 ൽ കണ്ണൂർ ജില്ലയിൽ പ്രചാരകനായി. 1967 ൽ ചെങ്ങന്നൂർ താലൂക്ക് പ്രചാരകനായി. 1972 ൽ തൃശൂർ ജില്ലാ പ്രചാരകനായും പ്രവർത്തിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടിയന്തരാവസ്ഥക്കാലത്ത് ജില്ലാ പ്രചാരകനായിരുന്ന മുകുന്ദന് അറസ്റ്റിലായി. 21 മാസം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു. അടിയന്തരാവസ്ഥ പിന്‍വലിച്ച് രണ്ടു മാസത്തിനുശേഷം ജയിൽ മോചിതനായ മുകുന്ദൻ കോഴിക്കോടും തിരുവനന്തപുരത്തും വിഭാഗ് പ്രചാരകനായും പ്രാന്തീയ സമ്പർക്ക പ്രമുഖായും കാൽനൂറ്റാണ്ടു കാലം പ്രവർത്തിച്ചു.
തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയിൽ നടത്തിയ ഹിന്ദുസംഗമത്തോടു കൂടിയാണ് പി.പി.മുകുന്ദൻ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 1991ൽ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായി. 2004 വരെ ആ സ്ഥാനത്ത് തുടർന്നു. 1991 ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസും മുസ്ലിം ലീഗുമായി ബിജെപി ധാരണയുണ്ടാക്കിയപ്പോൾ അതിന്റെ മുൻനിരയിൽ മുകുന്ദനുണ്ടായിരുന്നു.
രാഷ്ട്രീയ എതിരാളികളടക്കമുള്ളവരുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന മുകുന്ദന് കെ.കരുണാകരൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവരുമായി സൗഹൃദമുണ്ടായിരുന്നു. ‘‘മറ്റു പാർട്ടികളിൽ പെട്ടവർ നമ്മുടെ ശത്രുക്കളല്ല, രാഷ്ട്രീയ പ്രതിയോഗികളാണ്. ഇന്നത്തെ കമ്യൂണിസ്റ്റുകാരൻ നാളത്തെ ബിജെപിക്കാരനാകും എന്ന മനസ്സോടെയാണ് അവരെയും സമീപിക്കേണ്ടത്.’’ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
2004ൽ കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, ആൻഡമാൻ നിക്കോബർ എന്നീ പ്രദേശങ്ങളുടെ ചുമതലയുള്ള മേഖലാ സംഘടനാ സെക്രട്ടറിയായി. പാർട്ടി പ്രവർത്തനത്തിനൊപ്പം മറ്റു സംഘടനകളിലും സജീവമായി. ഡോക്ടർ കേശവ ബലറാം ഹെഡ്ഗേവാർ ജൻമശതാബ്ദി ചാരിറ്റബിൾ ട്രസ്റ്റ് അംഗമായും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭസമിതി ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.
1988 മുതൽ 1995 വരെ ബിജെപി മുഖപത്രം ജന്മഭൂമിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. പിൽക്കാലത്ത് ബിജെപിയുടെ സജീവ പ്രവർത്തനത്തിൽനിന്നു മാറിനിന്നപ്പോഴും ആർഎസ്എസ് നേതൃത്വവുമായി അകൽച്ചയിലാണെന്നു വാർത്തകൾ വന്നപ്പോഴും, താൻ അടിയുറച്ച ആർഎസ്എസുകാരനാണെന്നായിരുന്നു മുകുന്ദന്റെ നിലപാട്. 2006 നു ശേഷം സജീവ രാഷ്ട്രീയത്തിൽനിന്ന് മാറിനിന്ന മുകുന്ദൻ, 2022 ഓടെ ബിജെപിയിലേക്ക് തിരികെയെത്തി. പൊതുപ്രവർത്തക മികവിനുള്ള നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അവിവാഹിതനാണ്. പി.പി.ചന്ദ്രൻ, പി.പി.ഗണേശൻ, പരേതനായ കുഞ്ഞിരാമൻ എന്നിവർ സഹോദരങ്ങളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]