കോഴിക്കോട് – നിപ എപ്പോഴും കോഴിക്കോടിനോടടുപ്പം കാണിക്കുന്ന വൈറസാണ്. ഇന്ത്യയിൽ ഇത് ആറാമതാണ് നിപ സാന്നിധ്യം അറിയിക്കുന്നത്. ഇതിൽ നാലു പ്രാവശ്യവും കേരളത്തിൽ ആയിരുന്നു. അതിൽ തന്നെ മൂന്നും പ്രാവശ്യവും കോഴിക്കോട്ട് തന്നെ. 1998 ലാണ് മലേഷ്യയിൽ നിപ വൈറസ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. 2001 ൽ പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ് നിപ ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്. 2007 ൽ നാഡിയയിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. സിലിഗുരിയിയിൽ 45 പേരും നാഡിയയിൽ 5 പേരുമാണ് മരിച്ചത്.
2018 മേയിലാണ് കേരളത്തിൽ നിപ സ്ഥിരീകരിച്ചത്. അന്ന് രോഗബാധിതരായ
20 ൽ 18 പേരും മരിച്ചു. കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തായിരുന്നു പകർച്ചവ്യാധിയുടെ ഉറവിടം. പഴം തീനി വവ്വാലുകളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടർന്നതെന്ന് അന്ന് അധികൃതർ സ്ഥിരീകരിച്ചു. രോഗം ബാധിച്ചു മരിച്ച 18 പേർക്കും രോഗം പടർന്നത് ആദ്യ നിപാ വൈറസ് ഇരയായ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ മുഹമ്മദ് സാബിത്തിൽ നിന്നാണെന്നു കേരളസർക്കാരിന്റെ ഇതു സംബന്ധമായ അവസാന പഠനവും കണ്ടെത്തി.
മേയ് 5 നു മരിച്ച സൂപ്പിക്കടയിൽ മൂസയുടെ മകൻ മുഹമ്മദ് സാബിത്ത് ആണ് ഇതിന്റെ ആദ്യ ഇര. രണ്ട് ആഴ്ചക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സാലിയും പിതാവിന്റെ സഹോദരിയായ മറിയവും പിതാവായ മൂസയും ഇതേ ലക്ഷണങ്ങളോടെ മരണമടഞ്ഞു. സാബിത്ത് മരിച്ച് 12 ദിവസം കഴിഞ്ഞ് സാലിഹിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ മസ്തിഷ്കജ്വരമാണെന്ന ആശങ്കയിൽ അടിയന്തര ശുശ്രൂഷക്കായി പ്രവേശിച്ചപ്പോഴാണ് നിപ വൈറസാണോയെന്ന സംശയം ഉണ്ടായത്. തുടർന്ന് പനിയുമായി വീട്ടിൽ കഴിഞ്ഞിരുന്ന മറിയത്തിന്റേയും മൂസയുടേയും രക്തസാമ്പിളുകൾ ശേഖരിച്ച് മണിപ്പാൽ ഇൻസ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനക്ക് അയച്ചതിലൂടെ രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് പേരാമ്പ്ര പൊതുജനാരോഗ്യ കേന്ദ്രത്തിലെ നഴ്സ് ആയിരുന്ന ലിനി പുതുശ്ശേരി വൈറസ് ബാധയെത്തുടർന്ന് മരിച്ചു. രോഗം മൂലം മരണമടഞ്ഞ ആദ്യത്തെ രണ്ടു പേരെയും ചികിത്സിച്ച ആരോഗ്യപ്രവർത്തകരിൽ ലിനിയും ഉണ്ടായിരുന്നു.
അസുഖം മൂലം മരിച്ച കോഴിക്കോട്ട് ചങ്ങരോത്ത് പഞ്ചായത്തിലെ മൂന്നു പേർ ഒരേ വീട്ടിലുള്ളവരായിരുന്നു. തുടർന്ന് വീടിനു ചുറ്റുമുള്ള സ്ഥലങ്ങൾ പരിശോധിക്കുകയും അടുത്തുള്ള കിണറ്റിൽ പ്രത്യേക ഇനത്തിലുള്ള വവ്വാലുകൾ കൂട്ടമായി വസിക്കുന്നതായി കണ്ടെത്തുകയും അതിൽ മൂന്നു വവ്വാലുകളെ പരിശോധനക്കായി അയക്കുകയും ചെയ്തു. കൂടാതെ 5 കിലോമീറ്റർ പരിധിക്കുള്ളിൽ നിന്ന് പന്നികളുടേയും മറ്റും മൂത്രവും മറ്റും പരിശോധനക്കായി ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലേക്ക് അയക്കുകയുണ്ടായി. എന്നാൽ ഇവയിൽ വൈറസ് ബാധ ഇല്ല എന്ന നിഗമനത്തിലാണ് പിന്നീട് എത്തിയത്.
പേരാമ്പ്രയിൽ നിപ ബാധയുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണത്തിൽ പെടാത്ത ബാലുശ്ശേരിയിൽ നിന്നുള്ള നിർമ്മാണത്തൊഴിലാളിയായ റെസിൻ ഇതേ രോഗത്തെ തുടർന്ന് മേയ് 31 നു മരിക്കുകയുമുണ്ടായി. റെസിൻ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ സമയത്ത് നിപ വൈറസ് ബാധിച്ച് മരിച്ച കോട്ടൂർ സ്വദേശി ഇസ്മായിലും ചികിത്സയിൽ ഉണ്ടായിരുന്നു.
ഓസ്ട്രേലിയയിൽ നിന്ന് റിബാവരിൻ എന്ന പേരിലുള്ള മോണോക്ലോണൽ ആന്റിബോഡി മരുന്നുകൾ ജൂൺ 2ന് കേരളത്തിൽ എത്തിച്ചുവെങ്കിലും രോഗം ബാധിച്ച രണ്ടു പേരെ മാത്രമാണ് രക്ഷിക്കാനായത്. 2019 ജൂണിൽ കേരളത്തിൽ കൊച്ചിയിൽ നിപ വൈറസ് ബാധിച്ച് 23 കാരനായ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിയുമായി അടുത്തിടെ ആശയവിനിമയം നടത്തിയ 86 പേരെ അന്ന് നിരീക്ഷിച്ചു. രോഗി സുഖപ്പെട്ടു.
2021 ൽ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിൽ ഒരു ബാലൻ മരിച്ചത് നിപ ബാധിച്ചാണെന്നു തെളിഞ്ഞിരുന്നു.
നിപ കേരളത്തിലും ഇന്ത്യയിലും കറങ്ങിയ നാൾ വഴികൾ ഇതായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]