
ന്യൂഡൽഹി – കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടിക്കാറാം മീണ കോൺഗ്രസിൽ ചേർന്നു. എ.ഐ.സി.സി ആസ്ഥാനത്തെത്തി അദ്ദേഹം കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. സംഘടന ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
രാജസ്ഥാനിലെ കർഷക കുടുംബത്തിൽ നിന്നുള്ള ഈ മുൻ ഐ.എ.എസ് ഓഫീസറുടെ വരവ് രാജസ്ഥാനിലെ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്. രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുതിർന്ന കോൺഗ്രസ് നേതാവ് സി.പി ജോഷി കൺവീനറായുള്ള 21 അംഗ മാനിഫെസ്റ്റോ കമ്മിറ്റിയിൽ സഹ കൺവീനറാണ് ടിക്കാറാം മീണ. തെരഞ്ഞെടുപ്പിൽ മത്സരരംഗത്തും അദ്ദേഹം ഉണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞവർഷമാണ് അദ്ദേഹം സർവീസിൽനിന്ന് വിരമിച്ചത്.
‘തോൽക്കില്ല ഞാൻ’ എന്ന ടിക്കാറാം മീണയുടെ ആത്മകഥയിൽ അദ്ദേഹം വയനാട്, തൃശൂർ ജില്ലാ കലക്ടറായിരുന്നപ്പോൾ ഉണ്ടായ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കേരള അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മിഷണർ ഉൾപ്പെടെ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. സിവിൽ സർവീസിന്റെ ആദ്യകാലം മുതൽ വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം സ്വീകരിച്ച സത്യസന്ധമായ നിലപാടുകളുടെ പേരിലുണ്ടായ നിരന്തരമായ വേട്ടയാടലും ആത്മകഥയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]