മസ്കറ്റ്- സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈഥം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി. മസ്കറ്റിലെ അൽ ബറക കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ആശംസകൾ കിരീടാവകാശി ഒമാൻ സുൽത്താന് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങൾ ഇരുവരും ഊന്നിപ്പറഞ്ഞു. സ്വീകരണച്ചടങ്ങിൽ നാഷണൽ ഗാർഡ് മന്ത്രി, ഹിസ് റോയൽ ഹൈനസ് പ്രിൻസ് അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, സാംസ്കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ എന്നിവർ പങ്കെടുത്തു.
ന്യൂദൽഹിയിൽ ജി-20 ഉച്ചകോടിയിൽ പങ്കെടുത്തും ഔദ്യോഗിക ഇന്ത്യൻ സന്ദർശനം പൂർത്തിയാക്കിയുമാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒമാനിലെത്തിയത്.
അതിനിടെ, ഇന്ത്യയിൽ തനിക്ക് ലഭിച്ച സ്വീകരണത്തിനും ആതിഥ്യത്തിനും നന്ദിയും അഭിനന്ദനവും അറിയിച്ച് സൗദി കിരീടാവകാശി രാഷ്ട്രപതി ദ്രൗപതി മുർമുവിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കമ്പി സന്ദേശങ്ങൾ അയച്ചു. സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ സർവ മേഖലകളിലും സഹകരണവും പങ്കാളിത്തവും ശക്തമാക്കാനുള്ള പൊതുവായ ആഗ്രഹവും ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യവും സ്ഥിരീകരിക്കാൻ തന്റെ ഇന്ത്യൻ സന്ദർശനം സഹായിച്ചതായി രാഷ്ട്രപതിക്കയച്ച സന്ദേശത്തിൽ കിരീടാവകാശി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]