
കൊച്ചി: ഇടപ്പള്ളിയിലെ സൂപ്പർ മാർക്കറ്റിൽ മോഷണം. സിസി ടിവി ക്യാമറകൾ തിരിച്ചുവച്ചതിന് ശേഷം ഷട്ടർ കുത്തിത്തുറന്ന മോഷ്ടാക്കൾ മടങ്ങുമ്പോൾ ഡിവിആറും കൊണ്ടാണ് പോയത്.
ഐപാഡും വിലകൂടിയ ചോക്ലേറ്റുകളും വെളിച്ചെണ്ണയുമടക്കം രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്ന് സൂപ്പർമാർക്കറ്റ് ഉടമ പറഞ്ഞു. തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇടപ്പള്ളിയിലെ എംപി എന്റർപ്രൈസസിലാണ് രാത്രി 12 മണിയോടെ എത്തിയ മൂന്നംഗ സംഘം പൂട്ട് പൊളിച്ച് അകത്തേക്ക് കടന്നത്. മേശയിലുണ്ടായിരുന്ന 60000 രൂപയും സൂപ്പർമാർക്കറ്റ് ഉടമയുടെ ഐ പാഡും നാല് ഫോണുകളും മോഷ്ടിച്ചു.
തീർന്നില്ല, പൊന്നിന്റെ വിലയുള്ള 19 ലിറ്റർ വെളിച്ചെണ്ണ, 26000 രൂപയുടെ ചോക്ലേറ്റുകൾ അങ്ങനെ നീളുന്നു ലിസ്റ്റ്. തിരിച്ച് പോകുന്ന വഴിക്ക് സിസി ടിവിയുടെ ഡിവിആറും കൊണ്ടാണ് സംഘം പോയത്.
ഉടമയുടെ കാബിനിൽ ഉണ്ടായിരുന്ന ലാപ്ടോപ്പുകൾ എടുത്തെങ്കിലും ഡിവിആർ ഇളക്കിയെടുക്കുന്നതിനിടെ അത് മറന്നുവച്ചു. ഡിവിആർ കൊണ്ടുപോയെങ്കിലും തൊട്ടടുത്ത കടയിലെ സിസിടിവിയിൽ കള്ളൻമാർ പതിഞ്ഞു.
രാവിലെ സൂപ്പർമാർക്കറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ് സ്ഥാപനം കൊള്ളയടിക്കപ്പെട്ടത് മനസിലാക്കി പൊലീസിനെ അറിയിച്ചത്. ഈയടുത്ത് നഗരത്തിലെ സൂപ്പർമാർക്കറ്റുകൾ കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളുമായി ഇതിന് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
വിരലടയാളവിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]