
ദില്ലി: ഗാസലയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്നാരോപിച്ച പ്രിയങ്കാ ഗാന്ധിക്കെതിരെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ രംഗത്തെത്തിയതിൽ വിമർശനവുമായി കോൺഗ്രസ്. ഇസ്രായേൽ അംബാസഡർ റൂവൻ അസറിനെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തെത്തി.
ഇന്ത്യൻ പാർലമെന്റിലെ ഒരു അംഗത്തെ ലക്ഷ്യമിട്ട ഇസ്രായേൽ അംബാസഡറുടെ നീക്കത്തെ പവൻ ഖേര എക്സിൽ രൂക്ഷമായി വിമർശിച്ചു.
ഇസ്രായേലിന്റെ നടപടി കേട്ടുകേൾവിയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യം ഇപ്പോൾ ഇസ്രായേലിൽ നിന്ന് നിയന്ത്രിക്കപ്പെടാൻ തുടങ്ങിയോയെന്നും കോൺഗ്രസ് ചോദിച്ചു. വിഷയത്തിൽ മൗനം പാലിച്ച കേന്ദ്ര സർക്കാറിനെയും അദ്ദേഹം വിമർശിച്ചു.
അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകരെ ഇസ്രായേൽ കൊലപ്പെടുത്തിയതിനെ തുടർന്നാണ് പ്രിയങ്ക ഗാന്ധി രൂക്ഷമായ വിമർശനം നടത്തിയത്. പ്രിയങ്ക ഗാന്ധി വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും സംഘർഷത്തിന്റെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഇസ്രായേലിന്റെ വാദം അവതരിപ്പിക്കുകയും ചെയ്തു.
ഇസ്രായേൽ 25,000 ഹമാസ് ഭീകരരെ കൊന്നൊടുക്കി. സാധാരണക്കാരുടെ പിന്നിൽ ഒളിച്ചിരിക്കുക, സഹായം സ്വീകരിക്കുകയോ ഒഴിപ്പിക്കുകയോ ചെയ്യാൻ ശ്രമിക്കുന്ന ആളുകളെ വെടിവയ്ക്കുക, റോക്കറ്റ് ആക്രമണം നടത്തുക തുടങ്ങിയ ഹമാസിന്റെ ഹീനമായ തന്ത്രങ്ങളിൽ നിന്നാണ് ഇത്രയും വലിയ മനുഷ്യജീവനുകൾ നഷ്ടമായതെന്നും അസർ തന്റെ പോസ്റ്റിൽ പറഞ്ഞു. ഇസ്രായേൽ 60,000-ത്തിലധികം ആളുകളെ കൊന്നു, അതിൽ 18,430 പേർ കുട്ടികളായിരുന്നു.
നൂറുകണക്കിന് ആളുകളെ പട്ടിണികിടത്തി കൊന്നു. ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചതിന് പിന്നാലെയാണ് ഇസ്രായേൽ നയതന്ത്രജ്ഞന്റെ പോസ്റ്റ്.
നിശബ്ദതയിലൂടെയും നിഷ്ക്രിയത്വത്തിലൂടെയും ഈ കുറ്റകൃത്യങ്ങൾക്ക് വഴിയൊരുക്കുന്നത് തന്നെ ഒരു കുറ്റകൃത്യമാണ്. പലസ്തീൻ ജനതയുടെ മേൽ ഇസ്രായേൽ ഈ നാശം അഴിച്ചുവിടുമ്പോൾ ഇന്ത്യൻ സർക്കാർ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്നും പ്രിയങ്ക എക്സിൽ എഴുതി. പവൻ ഖേരയെ കൂടാതെ, കോൺഗ്രസിന്റെ ഗൗരവ് ഗൊഗോയിയും ഇസ്രായേൽ അംബാസഡർക്കെതിരെ ആഞ്ഞടിച്ചു.
ഒരു വിദേശ അംബാസഡർ ഇന്ത്യൻ പാർലമെന്റ് അംഗത്തിനെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ ഗുരുതരമായ അവകാശ ലംഘനമാണ്. കേന്ദ്ര സർക്കാർ നിശബ്ദരാണെങ്കിലും, പാർലമെന്റിന് നിഷ്ക്രിയ കാഴ്ചക്കാരനായി തുടരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]