
തൃശൂർ: ഇലക്ട്രിക് ഓട്ടോറിക്ഷകൾ സർവീസ് ചെയ്യുന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറി സ്ഥാപന ഉടമയേയും മകനേയും ജീവനക്കാരനേയും ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി ബീച്ച് സ്വദേശികളായ പണ്ടാരത്തിൽ സാലിഹ് (43), പണ്ടാരത്തിൽ ആദിൽ (21) എന്നിവരാണ് അറസ്റ്റിലായത്.
ജൂലൈ 11 ന് വൈകീട്ട് 4.30 ന് തൃപ്രയാർ വടക്കേ പെട്രോൾ പമ്പിന് സമീപം പ്രിൻസ് മോട്ടോഴ്സ് എന്ന സ്ഥാപനത്തിൽ കയറി ആക്രമണം നടത്തിയെന്നാണ് കേസ്. നാട്ടിക കാളക്കൊടുവത്ത് മധുസൂദനൻ (55), മകൻ അദേൽ കൃഷ്ണ (21), സ്ഥാപനത്തിലെ ജീവനക്കാരൻ എന്നിവരെ കൈകൊണ്ടും സ്ക്രൂ ഡ്രൈവർ കൊണ്ടും ആക്രമിച്ച് പരുക്കേൽപ്പിച്ചു.
മധുസൂദനനെ തള്ളിയിട്ടപ്പോൾ സ്ഥാപനത്തിലെ ഗ്ലാസ്സ് തകർന്ന് മധുസൂദനന് പരിക്കേറ്റുവെന്നും പൊലീസ് പറഞ്ഞു. പ്രതികളായ സ്വാലിഹും ആദിലും കൊണ്ടുവന്ന പെട്ടി ഓട്ടോ വേഗം സർവീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തിരക്കായതിനാൽ ഇപ്പോൾ ചെയ്യാൻ കഴിയില്ലെന്ന് സ്ഥാപനത്തിലെ ജീവനക്കാരനായ രജനീഷ് പറഞ്ഞു. തുടർന്ന് പ്രതികൾ സ്പാനർ ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും സ്ഥാപനത്തിലേയ്ക്ക് ചെല്ലുകയായിരുന്നു.
സ്പാനർ പുറത്തുള്ള ജോലികൾക്ക് കൊടുക്കാറില്ല എന്ന് മധുസൂദനൻ പറഞ്ഞതിനെ തുടർന്ന് പ്രതികൾ ആക്രമണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. സാലിഹ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ മൂന്ന് അടിപിടിക്കേസിലും അശ്രദ്ധമായി വാഹനമോടിച്ചതിൽ ഒരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസിലും അടക്കം നാല് ക്രിമിനൽ കേസിലെ പ്രതിയാണ്.
വലപ്പാട് പോലീസ് ഇൻസ്പെക്ടർ എം കെ രമേഷ്, എസ് ഐ മാരായ വിജു, ഉണ്ണി, എഎസ്ഐമാരായ സുനിൽകുമാർ, സജയൻ. സിപിഒമാരായ അലി, ജെസ്ലിൻ തോമസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]