
ദില്ലി: ഇസ്രായേൽ-ഇറാൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ റിഫൈനറികൾ സംഭരണം വർദ്ധിപ്പിച്ചതോടെ, ജൂണിൽ ഇന്ത്യയുടെ റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി 11 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ആഗോള ചരക്ക് വിപണി വിശകലന സ്ഥാപനമായ കെപ്ലർ പുറത്തുവിട്ട
കപ്പൽ ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, ജൂണിൽ ഇന്ത്യ പ്രതിദിനം 20.08 ലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്തു. ഇത് 2024 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
ജൂണിൽ ഇന്ത്യയുടെ ആഗോള അസംസ്കൃത എണ്ണ ഇറക്കുമതി 6 ശതമാനം കുറഞ്ഞപ്പോൾ, റഷ്യയിൽ നിന്നുള്ള ഇറക്കുമതി പ്രതിമാസം 8 ശതമാനം വർദ്ധിച്ച് 2024 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി എന്നാണ് യൂറോപ്യൻ തിങ്ക് ടാങ്കായ സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (CREA) വ്യക്തമാക്കുന്നത്. റഷ്യയിൽ നിന്നുള്ള ഈ ഇറക്കുമതിയുടെ പകുതിയിലധികം ജി7 രാജ്യങ്ങളിലേക്ക് ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന മൂന്ന് ഇന്ത്യൻ റിഫൈനറികളാണ് നടത്തിയത്.
ഇന്ത്യക്ക് ആവശ്യമായ അസംസ്കൃത എണ്ണയുടെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. ഇത് റിഫൈനറികളിൽ പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങളായി മാറ്റുന്നു.
പരമ്പരാഗതമായി പശ്ചിമേഷ്യയായിരുന്നു പ്രധാന സ്രോതസ്സ്, എന്നാൽ ഏകദേശം മൂന്ന് വർഷമായി റഷ്യയാണ് ഇന്ത്യയുടെ പ്രധാന ഇന്ധന വിതരണക്കാർ. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നെ ആക്രമിച്ചതിനെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ ക്രൂഡ് ഒഴിവാക്കിയപ്പോൾ, റഷ്യ മറ്റുള്ള ഉപഭോക്തൃ രാജ്യങ്ങളെ ആകർഷിക്കാൻ വലിയ ഇളവുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങിയിരുന്നു.
ഈ അവസരം ഉപയോഗപ്പെടുത്തിയാണ് ഇന്ത്യൻ റിഫൈനറികൾ റഷ്യയെ ഇന്ത്യയുടെ ഏറ്റവും വലിയ അസംസ്കൃത എണ്ണ സ്രോതസ്സായി മാറ്റിയിരിക്കുന്നത്. നേരത്തെ ഇന്ത്യ നാമാത്ര ഇറക്കുമതി മാത്രം നടത്തിയിരുന്നതിടത്ത്, ഇന്ന് ഇറക്കുമതിയുടെ 40 ശതമാനം വരെ റഷ്യൽ നിന്നാണ്.
ജൂണിൽ, തങ്ങളുടെ രണ്ടാമത്തെ വലിയ വിതരണക്കാരായ ഇറാഖിൽ നിന്ന് പ്രതിദിനം ഏകദേശം 8,93,000 ബാരൽ ക്രൂഡ് ഓയിൽ ആണ് ഇറക്കുമതി ചെയ്തത്. ഇത് മുൻ മാസത്തെ അപേക്ഷിച്ച് 17.2 ശതമാനം കുറവാണ്.
സൗദി അറേബ്യയിൽ നിന്ന് 5,81,000 ബാരൽ ഇറക്കുമതിയുമായി മൂന്നാം സ്ഥാനത്തെത്തി. മെയ് മാസത്തിലെ അതേ അളവാണിത്.
അതേസമയം, യുഎഇയിൽ നിന്നുള്ള ഇറക്കുമതി 6.5 ശതമാനം വർദ്ധിച്ച് 4,90,000 ബാരൽ ആയി. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 18.5 ശതമാനം ഇറാഖും, 12.1 ശതമാനം സൗദി അറേബ്യയും, 10.2 ശതമാനം യുഎഇയും എന്നിങ്ങനെ ആണ്.
കെപ്ലർ പറയുന്നതനുസരിച്ച്, ഏകദേശം 3,03,000 ബാരൽ ഇറക്കുമതിയും 6.3 ശതമാനം വിപണി വിഹിതവുമായി യുഎസ് ഇന്ത്യയുടെ അഞ്ചാമത്തെ വലിയ ക്രൂഡ് വിതരണക്കാരായി തുടരുന്നുണ്ട്. ജൂണിൽ റഷ്യയുടെ അസംസ്കൃത എണ്ണ കയറ്റുമതിയുടെ 47 ശതമാനം ചൈനയും, 38 ശതമാനം ഇന്ത്യയും, 6 ശതമാനം യൂറോപ്യൻ യൂണിയനും, 6 ശതമാനം തുർക്കിയുമാണ് വാങ്ങിയത്.
വിതരണ സ്രോതസ്സുകൾ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമായി, 2025-ന്റെ ആദ്യ പകുതിയിൽ യുഎസിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി 2024-ന്റെ ആദ്യ പകുതിയേക്കാൾ 50 ശതമാനത്തിലധികം വർദ്ധിച്ചു. ബ്രസീലിൽ നിന്നുള്ള ഇറക്കുമതിയും ഇതേ കാലയളവിൽ 80 ശതമാനം വർദ്ധിച്ചു, ഇത് നോൺ-ഒപെക് ക്രൂഡുകളോടുള്ള ഇന്ത്യൻ റിഫൈനറികളുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യം സൂചിപ്പിക്കുന്നതായും എസ് ആൻഡ് പി ഗ്ലോബൽ കൊമോഡിറ്റി ഇൻസൈറ്റ്സ് വ്യക്തമാക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]