
റാഞ്ചി: അഴിമതിയും തട്ടിപ്പും നടത്തുന്ന കഥകളിൽ പലപ്പോഴും പഴി കേൾക്കുന്ന ഒരു ജീവിയാണ് എലി. ഇവിടെയും കഥ മറ്റൊന്നല്ല.
ഝാർഖണ്ഡിലെ ധൻബാദിൽ, കാണാതായ വിദേശമദ്യത്തിൻ്റെ സ്റ്റോക്ക് വിശദീകരിക്കാൻ കഴിയാതെ വന്ന വ്യാപാരികളും കുറ്റംചുമത്തിയത് പാവം എലിയെ തന്നെ. ഏകദേശം 800 കുപ്പികളിൽ നിന്ന് എലികൾ മദ്യം കുടിച്ചതായാണ് വ്യാപാരികളുടെ വിചിത്രമായ ആരോപണം.
പുതിയ മദ്യനയം നിലവിൽ വരുന്നതിന് ഒരു മാസം മുൻപാണ് ചില വ്യാപാരികളുടെ ഈ ‘എലി’ ന്യായീകരണം. സെപ്റ്റംബർ ഒന്നിന് പുതിയ നയം നടപ്പിലാക്കും മുൻപായി, സർക്കാർ മദ്യ സ്റ്റോക്കുകൾ പരിശോധിച്ചുവരികയാണ്.
ഇതിന്റെ ഭാഗമായി ധൻബാദിലെ ബാലിയാപുർ, പ്രധാൻ ഖുണ്ട എന്നിവിടങ്ങളിലെ കടകളിൽ പരിശോധന നടന്നു.
മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ സ്റ്റോക്ക് പരിശോധനയിൽ, 802 വിദേശമദ്യക്കുപ്പികൾ ഒഴിഞ്ഞതോ അല്ലെങ്കിൽ പാതി ഒഴിഞ്ഞതോ ആണെന്ന് കണ്ടെത്തി. സംഭവത്തെക്കുറിച്ച് വ്യാപാരികളോട് ചോദിച്ചപ്പോഴാണ് എല്ലാവരും എലികളുടെ മേൽ കുറ്റംചുമത്തിയത്.
കുപ്പികളുടെ അടപ്പുകൾ എലികൾ കടിച്ച് പൊട്ടിക്കുകയും മദ്യം കുടിക്കുകയും ചെയ്തുവെന്നായിരുന്നു അവർ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ ഈ വാദം അധികാരികൾ മുഖവിലയ്ക്കെടുത്തില്ല.
കുറവുള്ള മദ്യത്തിന് നഷ്ടപരിഹാരം നൽകാൻ വ്യാപാരികൾക്ക് നോട്ടീസ് അയക്കുമെന്ന് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ രാംലീല രവാനി പറഞ്ഞു. മദ്യ സ്റ്റോക്ക് കുറഞ്ഞതിന് വ്യാപാരികൾ എലികളെ കുറ്റപ്പെടുത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, “അസംബന്ധം” എന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്.
ധൻബാദിൽ ഇത്തരം തട്ടിപ്പുകളിൽ എലികളെ കുറ്റപ്പെടുത്തുന്നത് ഇത് ആദ്യമായിട്ടല്ലെന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത. നേരത്തെ, പോലീസ് പിടിച്ചെടുത്ത 10 കിലോ ഭാംഗും 9 കിലോ കഞ്ചാവും എലികൾ തിന്നതായി ആരോപണമുയർന്നിരുന്നു.
ഈ വിഷയം കോടതിയിൽ എത്തുകയും, അസംബന്ധകരമായ ഈ വാദത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കോടതി ശാസിക്കുകയും ചെയ്തു.
ഝാർഖണ്ഡിൻ്റെ പുതിയ മദ്യനയം അനുസരിച്ച്, മദ്യഷാപ്പുകളുടെ നടത്തിപ്പും വിതരണവും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്ന് സ്വകാര്യ ലൈസൻസികളിലേക്ക് മാറും. ഇവരെ ഓൺലൈൻ നറക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുക.
റവന്യൂ പിരിവിൽ സുതാര്യത വർദ്ധിപ്പിക്കാനും സംസ്ഥാനത്തിന്റെ ഭരണ ഭാരം കുറയ്ക്കാനുമാണ് ഈ നയം ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]