
ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലുടനീളം നടന്ന വ്യാപകമായ സായുധ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് ((ബിഎൽഎഫ്) ഏറ്റെടുത്തു. രണ്ട് ദിവസത്തിനുള്ളിൽ 84 ആക്രമണങ്ങൾ നടത്തിയെന്നും ഓപ്പറേഷൻ ബാം വിജയമായിരുന്നുവെന്നും ബിഎൽഎഫ് അവകാശപ്പെട്ടു.
ജൂലൈ 9 നും ജൂലൈ 11 നും ഇടയിൽ പാകിസ്ഥാന്റെ സൈനിക ഉദ്യോഗസ്ഥരെയും ഇന്റലിജൻസ് ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ബിഎൽഎഫ് വക്താവ് മേജർ ഗ്വാഹ്റാം ബലൂച്ച് പറഞ്ഞു. പാക് സൈന്യത്തിലെയും ഫ്രോണ്ടിയർ കോർപ്സിലെയും കുറഞ്ഞത് 50 പേർ കൊല്ലപ്പെടുകയും 51ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബിഎൽഎഫ് അവകാശപ്പെട്ടു.
മുസാഖേൽ മേഖലയിലെ ചെക്ക്പോസ്റ്റിൽ 9 ഇന്റലിജൻസ് ഏജന്റുമാരെ വധിച്ചതായും ബിഎൽഎഫ് അവകാശപ്പെട്ടു. പാകിസ്ഥാൻ സൈന്യം, മിലിട്ടറി ഇന്റലിജൻസ് (എംഐ), ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ), പോലീസ്, , കസ്റ്റംസ് എന്നിവയെ ലക്ഷ്യമിട്ട് 30 ലധികം നേരിട്ടുള്ള ആക്രമണങ്ങൾ നടത്തിയതായി ബിഎൽഎഫ് പറയുന്നു.
ഗ്യാസ് ടാങ്കറുകൾ, ധാതുക്കൾ കൊണ്ടുപോകുന്ന ട്രക്കുകൾ എന്നിവയുൾപ്പെടെ 25 വാഹനങ്ങൾ നശിപ്പിക്കപ്പെടുകയോ ഉപയോഗശൂന്യമാക്കുകയോ ചെയ്തതായും റിപ്പോർട്ടുണ്ട്. ഏഴ് മൊബൈൽ ടവറുകൾ കത്തിച്ചതിനും അഞ്ച് നിരീക്ഷണ ഡ്രോണുകൾ തകർത്തതിനും ഒരു സർക്കാർ ബസിനും ഒരു ബാങ്ക് ഓഫീസിനും കേടുപാടുകൾ വരുത്തിയതിനും ബിഎൽഎഫ് ഉത്തരവാദിത്തം ഏറ്റെടുത്തതായി ദി ബലൂചിസ്ഥാൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
മകുരാൻ, രാഖ്ഷാൻ, സരവാൻ, ജലവാൻ, കോ-ഇ-സുലൈമാൻ, ബേല, കാച്ചി എന്നിങ്ങനെ നിരവധി തന്ത്രപ്രധാന മേഖലകളിലായി 22 താൽക്കാലിക ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചതായും ആയുധങ്ങൾ പിടിച്ചെടുത്തതായും ബിഎൽഎഫ് പറയുന്നു. ബിഎൽഎഫ് ആക്രമണത്തിൽ പാകിസ്ഥാനിലെ ചില പ്രദേശങ്ങളിൽ ഇന്റർനെറ്റ് കണക്ഷനും ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടതായി റിപ്പോർട്ടുണ്ട്.
പാകിസ്ഥാന് ബലൂചിസ്ഥാനിൽ ഇനി പിടിമുറുക്കാൻ കഴിയില്ലെന്നാണ് ബിഎൽഎഫിന്റെ വാദം. ബലൂചിസ്ഥാന്റെ വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിനെയും ജനങ്ങളെ അരികുവൽക്കരിക്കുന്നതിനെയും ബിഎൽഎഫ് അപലപിച്ചു.
ഓപ്പറേഷൻ ബാമിനെ ദേശീയ വിമോചന പ്രസ്ഥാനത്തിലെ നാഴികക്കല്ല് എന്നാണ് ബിഎൽഎഫ് വിശേഷിപ്പിച്ചത്. അതേസമയം ഓപ്പറേഷൻ ബാമിന് പിന്നാലെ ബലൂചിസ്ഥാനിലാകെ പാക് സൈന്യം റെയ്ഡുകൾ നടത്തുകയാണെന്നാണ് റിപ്പോർട്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]