
യൂട്യൂബിൽ വീഡിയോകള്‍ നിര്‍മ്മിക്കുക എന്ന ഉദ്ദേശത്തോടെ പലതരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്ന യൂട്യൂബർമാർ ലോകമെമ്പാടുമുണ്ട്. പലപ്പോഴും ഇവരുടെ പ്രവർത്തികൾ പലതും നമുക്ക് വിചിത്രമായി തോന്നാം. അത്തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഒരു കൊറിയൻ യൂട്യൂബർ ജനങ്ങളുടെ സത്യസന്ധത പരീക്ഷിക്കാൻ എന്ന് അറിയിച്ച് കൊണ്ട് ധാരാളം പണം റോഡിൽ ഉപേക്ഷിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് വീഡിയോയിൽ.
ദക്ഷിണ കൊറിയയിൽ നിന്നുള്ള ലില്ലി (@kkubi99) എന്ന യൂട്യൂബറാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. സോഷ്യൽ എക്സ്പിരിമെന്റ് വീഡിയോകൾ ചെയ്യുന്നതിൽ ഏറെ താൽപര്യമാണ് ഇവർ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പരീക്ഷണ വീഡിയോകളാണ് ഇവരുടെ യൂട്യൂബിൽ കൂടുതലായി ഉള്ളതും. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ കാർ പാർക്കിംഗ് സ്ഥലത്ത് ഒരു കാറിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന ലില്ലിയെ കാണാം. തുടർന്ന് ഇവർ കാറിന് സമീപത്തായി ഒരു നോട്ട് കെട്ട് ഉപേക്ഷിക്കുന്നു. ഈ സമയം എതിർവശത്ത് നിന്നും വരുന്ന ഒരു സ്ത്രീയും പുരുഷനും പണം കാണാകയും അതുമായി കടന്ന് കളയുകയും ചെയ്യുന്നു. ഇരുവരും ലില്ലി കാറിന് പുറകില്‍ ഇരിക്കുന്നത് കാണുന്നുമുണ്ട്. ലില്ലി വീണ്ടും അതേ സ്ഥലത്ത് പണം ഉപേക്ഷിക്കുമ്പോള്‍ വസ്ത്രങ്ങള്‍ കീറിയ ദരിദ്രയായ ഒരു സ്ത്രീ വരുന്നു. അവര്‍ പണമെടുത്ത് കാറിന് പുറകില്‍ മറഞ്ഞ് നിന്ന ലില്ലിക്ക് കൊടുക്കുന്നു. സന്തുഷ്ടയായ ലില്ലി തന്റെ കൈയിലുണ്ടായിരുന്ന മറ്റൊരു നോട്ട് കെട്ട് കൂടി അവര്‍ക്ക് നല്കുമ്പോള് വീഡിയോ അവസാനിക്കുന്നു.
രണ്ട് ദിവസത്തിനുള്ളില്‍ ഏതാണ്ട് ഇരുപത്തിയഞ്ച് ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ട് കഴിഞ്ഞത്. അഞ്ചര ലക്ഷത്തോളം പേര് വീഡിയോ ലൈക്ക് ചെതെങ്കിലും നിരവധി പേര് വീഡിയോ സ്ക്രിപ്റ്റഡ് ആണെന്നും കൃത്രിമമായി നിര്‍മ്മിക്കപ്പെട്ടതാണെന്നും എഴുതി. ചിലര്‍ ദരിദ്രയായി വന്ന സ്ത്രീ, ഒരു കാര്യവുമില്ലാതെ തന്റെ പാന്റിന്റെയും ബനിയന്റെയും മുന്‍വശം മാത്രം കീറിവച്ചതും പിന്‍ഭാഗം കീറാതെ പോയതിനെയും കുറിച്ച് സംശയം ഉന്നയിച്ചു. ചില അടിസ്ഥാന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഇല്ലെങ്കില്‍ വീഡിയോയ്ക്ക് നാച്വറാലിറ്റി നഷ്ടപ്പെടുമെന്നും എഴുതി. സാമൂഹിക പരീക്ഷണം എന്ന പേരിൽ ഇത്തരം വ്യാജ വീഡിയോകൾ ചെയ്യുന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും പലരും സംശയം പ്രകടിപ്പിച്ചു.
Last Updated Jul 13, 2024, 12:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]