
മാലിന്യം വലിച്ചെറിയുന്നത് കണ്ടോ? തെളിവുകളോടെ റിപ്പോർട്ട് ചെയ്യൂ; പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ മാലിന്യം വലിച്ചെറിയുന്നത് തെളിവുകളോടെ റിപ്പോർട്ട് ചെയ്താൽ, ചുമത്തുന്ന പിഴയുടെ നാലിലൊന്ന് തുക പാരിതോഷികമായി നൽകുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. 2500 രൂപ പാരിതോഷികം എന്ന പരിധി ഒഴിവാക്കി. ഇതോടെ, ഗുരുതരമായ കുറ്റകൃത്യം തെളിവുകളോടെ റിപ്പോർട്ട് ചെയ്യുന്നവർക്ക് ഉയർന്ന പാരിതോഷികം ലഭിക്കാനുള്ള സാഹചര്യമൊരുങ്ങും. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ പൊതുജനപങ്കാളിത്തം വർധിപ്പിക്കാൻ വേണ്ടിയാണ് നടപടി.
തെളിവുകളോടെ വിവരം നൽകുന്ന എല്ലാവർക്കും പാരിതോഷികം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. ഹരിതകർമ സേനാംഗങ്ങൾ, എൻഎസ്എസ് വളണ്ടിയർമാർ, എസ്പിസി കേഡറ്റുകൾ, കോളജ് വിദ്യാർഥികൾ തുടങ്ങി എല്ലാ വിഭാഗത്തെയും ഈ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാക്കും. 9446700800 എന്ന വാട്സാപ് നമ്പറിൽ കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ട്. ഇത് കൃത്യമായി നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പ്രത്യേക കണ്ട്രോൾ റൂമും സജ്ജമാക്കി.
മാലിന്യം വലിച്ചെറിയുന്നതും, പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം സംബന്ധിച്ചുമുള്ള 8674 പരാതികളാണ് ഇതുവരെ വാട്സാപ് നമ്പർ വഴി ലഭിച്ചത്. കൃത്യമായ വിവരങ്ങൾ സഹിതം ലഭിച്ച 5361 പരാതികൾ സ്വീകരിച്ചു. ഇതിൽ 4525 കേസുകളിലും മാലിന്യം നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ചു. മാലിന്യം വലിച്ചെറിയുന്നവരുടെ വിശദാംശങ്ങളും തെളിവുകളുമുൾപ്പെടെ ലഭിച്ച 439 കേസുകളിൽ കുറ്റക്കാർക്ക് 33.5 ലക്ഷം രൂപ പിഴ ചുമത്തി. വാട്സാപ്പിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 31 പേർക്കെതിരെ പ്രോസിക്യുഷൻ നടപടികളും ആരംഭിച്ചു. ഏറ്റവുമധികം പരാതികൾ റിപ്പോർട്ട് ചെയ്തത് എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിന്നാണ്. കുറവ് വയനാട് ജില്ലയിൽ.
മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിലവിൽ 5000 രൂപ വരെയാണ് പിഴ ശിക്ഷ. മലിനജലം പൊതുസ്ഥലത്തേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കിയാൽ 5000 മുതൽ 50,000 വരെ പിഴ ലഭിക്കും. മാലിന്യമോ ചവറോ വിസർജ്യ വസ്തുക്കളോ ജലാശയങ്ങളിൽ നിക്ഷേപിക്കുന്നത് പതിനായിരം മുതൽ അൻപതിനായിരം രൂപ വരെ പിഴയും ആറുമാസം മുതൽ ഒരു വർഷം വരെ തടവും ലഭിക്കുന്ന കുറ്റമാണ്. നിരോധിത പ്ലാസ്റ്റിക് വിൽപ്പന നടത്തുന്നതിന് പതിനായിരം മുതൽ അൻപതിനായിരം വരെയാണ് പിഴ ശിക്ഷ. മാലിന്യമോ വിസർജ്യ വസ്തുവോ അനധികൃതമായി വാഹനങ്ങളിൽ കടത്തിയാൽ വാഹനം പിടിച്ചെടുക്കലും കണ്ടുകെട്ടലും ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.