
‘അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കും; എല്ലാം നഷ്ടപ്പെടുന്നതിന് മുൻപ് ഇറാൻ ഉടമ്പടിക്ക് തയാറാകണം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ∙ ആണവ പദ്ധതി സംബന്ധിച്ച് എത്രയും വേഗം ഒരു ഉടമ്പടിയിൽ ഏർപ്പെടാൻ യുഎസ് പ്രസിഡന്റ് ഇറാനോട് ആവശ്യപ്പെട്ടു. താൻ ഒന്നിനു പുറകെ ഒന്നായി ഇറാന് അവസരങ്ങൾ നൽകിയെന്നും ട്രംപ് പറഞ്ഞു. ഇറാനോട് ശക്തമായ വാക്കുകളിൽ പറഞ്ഞിട്ടും ആണവകരാർ യാഥാർഥ്യമായില്ല. ആക്രമണത്തിൽ ഇറാന് ശക്തമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കും. ഒന്നും അവശേഷിക്കാതെ ആകുന്നതിനു മുൻപ് ഇറാൻ ഉടമ്പടിക്ക് തയാറാകണമെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. യുഎസും ഇറാനും തമ്മിൽ ആണവ കരാറിനായുള്ള ചർച്ചകൾ ആറാം ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇസ്രയേൽ ആക്രമിക്കുമെന്ന് നേരത്തേ അറിയാമായിരുന്നെങ്കിലും ആക്രമണത്തിൽ യുഎസിന് പങ്കില്ലെന്ന് ഡോണൾഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇസ്രയേലിന്റെ ആക്രമണം യുദ്ധപ്രഖ്യാപനമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. വിഷയത്തിൽ അടിന്തരമായി ഇടപെടണമെന്ന് അദ്ദേഹം യുഎന്നിനോട് ആവശ്യപ്പെട്ടു. ഇറാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാന്റെ റവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ മാത്രം 6 സ്ഫോടനങ്ങൾ നടന്നെന്നും ഇറാന്റെ ആണവ പ്ലാന്റുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി ‘ഓപ്പറേഷൻ റൈസിങ് ലയൺ’ തുടരുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാനെതിരായ ആക്രമണങ്ങൾക്ക് ഇസ്രായേലിന് ‘കയ്പേറിയതും വേദനാജനകവുമായ’ മറുപടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച പുലർച്ചെയോടെ നടന്ന ഇസ്രയേൽ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്നും ഇറാൻ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്.