
ബാര്‍ബഡോസ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ടീം ഇന്ത്യ ഇതിനകം സൂപ്പര്‍ 8 ഉറപ്പിച്ചുകഴിഞ്ഞു. സൂപ്പര്‍ എട്ടില്‍ മാറ്റുരയ്ക്കുന്ന എല്ലാ ടീമുകളും ഇതുവരെ വ്യക്തമായിട്ടില്ല. സൂപ്പര്‍ 8ലെത്തുന്ന മറ്റ് ടീമുകള്‍ ആരൊക്കെയെന്ന കണക്കുകൂട്ടലുകള്‍ തുടരവെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്.
സൂപ്പര്‍ എട്ടില്‍ ഇന്ത്യന്‍ ടീമിന്റെ എല്ലാ മത്സരങ്ങളും ആരംഭിക്കുന്നത് ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കായിരിക്കും. ഇത് മത്സരങ്ങള്‍ വീട്ടിലിരുന്ന് സുഗമമായി കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് അവസരമൊരുക്കും. സാധാരണഗതിയില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ കരീബിയന്‍ ദ്വീപുകളില്‍ നടക്കുന്ന മത്സരങ്ങള്‍ കാണുക ഇന്ത്യന്‍ ആരാധകര്‍ക്ക് ഏറെ പ്രയാസമായിരുന്നു. എന്നാല്‍ ഇത്തവണ ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ ഇതിനൊരു മാറ്റം വരികയാണ്. സെന്റ് ലൂസിയയില്‍ ജൂണ്‍ 24-ാം തിയതി ഇന്ത്യന്‍ സമയം രാത്രി എട്ടിന് ഇന്ത്യ-ഓസ്ട്രേലിയ സൂപ്പര്‍ 8 പോരാട്ടം ആരംഭിക്കും. ജൂണ്‍ 20ന് ബാര്‍ബഡോസിലും 22ന് ആന്റിഗ്വയിലുമാണ് ടീം ഇന്ത്യയുടെ മറ്റ് സൂപ്പര്‍ 8 മത്സരങ്ങള്‍. ഈ രണ്ട് മത്സരങ്ങളിലെ എതിരാളികള്‍ ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ജൂണ്‍ 24ന് സെന്റ് ലൂസിയയിലെ ഡാരന്‍ സമി നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ടീമുകള്‍ സൂപ്പര്‍ 8ല്‍ മുഖാമുഖം വരുന്നത്. ഇരു ടീമുകളും സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് എയിലാണുള്ളത്. ഗ്രൂപ്പിലെ മറ്റു ടീമുകള്‍ ഏതൊക്കെയെന്ന് ഇനിയും തീരുമാനമായിട്ടില്ല. കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഫൈനലിസ്റ്റുകളാണ് ഇന്ത്യയും ഓസ്ട്രേലിയയും. അന്ന് ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ ലോക കിരീടം ഉയര്‍ത്തിയിരുന്നു. ഇതിന് ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ടില്‍ പകരംവീട്ടുകയാണ് രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും മുന്നിലുള്ള ലക്ഷ്യം.
Last Updated Jun 13, 2024, 8:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]