

എ.ടി.എമ്മില്‍ നിന്നും പണം പിൻവലിക്കുന്നതിന് ഇനി ചാർജേറും ; വർദ്ധനയ്ക്ക് ഒരുങ്ങി ആര്.ബി.ഐ
സ്വന്തം ലേഖകൻ
എ.ടി.എം ഇടപാടുകള്‍ക്ക് ഇനി ചാർജേറും. കോണ്‍ഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി ഇന്റർചേഞ്ച് ഫീ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആർ.ബി.ഐയേയും നാഷണല്‍ പേയ്മെന്റസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയേയും സമീപിച്ചതോടെയാണ് ചാർജ് വർധനക്ക് കളമൊരുങ്ങിയത്.
ഇന്റർചെഞ്ച് ഫീസ് 23 രൂപയാക്കി വർധിപ്പിക്കണമെന്നാണ് കോണ്‍ഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി ആവശ്യപ്പെട്ടിരിക്കുന്നത്. കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ബാങ്കുകള്‍ തമ്മില്‍ ഇൗടാക്കുന്ന നിരക്കാണ് ഇന്റർചെയ്ഞ്ച് ഫീസ്.
അക്കൗണ്ടുള്ള ബാങ്കിലെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മറ്റൊരു ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ നിന്നും ഉപഭോക്താവ് പണം പിൻവലിച്ചാല്‍ ഡെബിറ്റ് കാർഡ് നല്കിയ ബാങ്ക് പണം പിൻവലിക്കപ്പെട്ട എ.ടി.എമ്മിന്റെ ഉടമസ്ഥരായ ബാങ്കിന് നിശ്ചിത തുക നല്‍കണം. ഇതാണ് ഇൻറർചെയ്ഞ്ച് ഫീസ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതില്‍ വർധന വേണമെന്നാണ് ഇപ്പോഴുള്ള ആവശ്യം.
2021ലാണ് അവസാനമായി ഇന്റർചെയ്ഞ്ച് ഫീസ് കൂട്ടിയത്. അന്ന് 15 രൂപയില്‍ നിന്നും 17 രൂപയാക്കിയാണ് ഉയർത്തിയത്. ഇന്റർചെയ്ഞ്ച് ഫീസായി പരമാവധി ഈടാക്കാവുന്ന തുക 20ല്‍ നിന്നും 21 രൂപയായും വർധിപ്പിച്ചിരുന്നു. നിലവില്‍ സൗജന്യ എ.ടി.എം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. മെട്രോ നഗരങ്ങളില്‍ പരമാവധി അഞ്ച് എ.ടി.എം ഇടപാടുകള്‍ വരെ നടത്താം. മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിലാണെങ്കില്‍ പരമാവധി മൂന്ന് ഇടപാടുകള്‍ മാത്രമേ സൗജന്യമായി നടത്താനാവു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]