
ന്യൂയോര്‍ക്ക്: 2010 അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് യുഎസ് പേസറായ സൗരഭ് നേത്രവല്‍ക്കര്‍. ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ മുമ്പ് ഒരുമിച്ച് കളിച്ച താരങ്ങളെ നേരിട്ടും കാണാനും സംസാരിക്കാനുമുള്ള അവസരം കൂടിയാണ് നേത്രവല്ക്കര്ക്ക്. പാകിസ്ഥാനെതിരായ മത്സത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചതോടെയാണ് നേത്രവല്‍ക്കര്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്.
യുഎസിന്റെ വിജയത്തിന് പിന്നാലെ നേത്രവല്‍ക്കറുടെ ലിങ്ക്ഡിന്‍ പ്രൊഫൈലിന്റെ സ്ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചിരുന്നു. ഒറാക്കിളില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറാണ് അദ്ദേഹമെന്ന് പ്രൊഫൈലില്‍ കാണാമായിരുന്നു. ഇപ്പോള്‍ തന്റെ ജോലിയെ കുറിച്ചും ക്രിക്കറ്റ് കരിയറിനെ കുറിച്ചും ചില രസകരമായ കാര്യങ്ങള്‍ പങ്കുവെക്കുകയാണ് നേത്രവല്‍ക്കര്‍. താന്‍ യഎസിന് വേണ്ടി കളിക്കുന്നുവെന്നത് സഹ ജീവനക്കാര്‍ക്ക് അത്ഭുതമായിരുന്നുവെന്നാണ് നേത്രവല്‍ക്കര്‍ പറയുന്നത്.
ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ താരം പറയുന്നതിങ്ങനെ… ”ചില സ്ക്രീന്‍ഷോട്ടുകള്‍ ഞാനും കണ്ടിരുന്നു. യഥാര്‍ത്ഥത്തില്‍ ഞാന്‍ ഉയര്‍ന്ന തലത്തില്‍ ക്രിക്കറ്റ് കളിക്കുന്നുവെന്നുളളത് അത്ഭുതത്തോടെയാണ് അവരെല്ലാം നോക്കികണ്ടത്. കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ചെയ്യാനാണ് ഞാന്‍ 2015ല്‍ യുഎസിലെത്തുന്നത്. ക്രിക്കറ്റ് കരിയര്‍ മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. എന്റെ ബൗളിംഗ് ഷൂസ് പോലും ഞാന്‍ എടുത്തിരുന്നില്ല. പിന്നീട് കാലിഫോര്‍ണിയയില്‍ ക്ലബ് ക്രിക്കറ്റ് കളിച്ചുതുടങ്ങി. അതൊരു തമാശയ്ക്ക് തുടങ്ങിയതായിരുന്നു. പിന്നീട് കുറച്ചുകൂടെ ഉയര്‍ന്ന തലത്തിലുള്ള ക്രിക്കറ്റ് മത്സരങ്ങളില്‍ക്കായി ഞാന്‍ ലോസ് ആഞ്ചല്സിലേക്ക് യാത്ര ചെയ്തു. വാരാന്ത്യങ്ങളില്‍ അഞ്ചും ആറും മണിക്കൂര്‍ ഡ്രൈവ് ചെയ്ത് ലോസ് ആഞ്ചല്സിലെത്തും. അവിടെയാണ് ക്രിക്കറ്റിന് കൂടുതല്‍ അനുയോജ്യമായ ടര്‍ഫുകള്‍ ണ്ടായിരുന്നത്. എന്നിരുന്നാലും വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുകയെന്നുള്ളത് വെല്ലുവിളിയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നതിന് മുമ്പ് യുഎസില്‍ ഏഴ് വര്‍ഷം താമസിക്കണം. എനിക്ക് ആദ്യം സ്റ്റുഡന്റ് വിസയും പിന്നീട് ജോലി വിസയുമായിരുന്നു. അതുകൊണ്ടുതന്നെ ദേശീയ ടീമിനായി കളിക്കാന്‍ എനിക്ക് ഒരു തരത്തിലുമുള്ള പ്രതീക്ഷകളും ഉണ്ടായിരുന്നില്ല. എന്നാല്‍ ഭാഗ്യമെന്നരിക്കട്ടെ യുഎസില്‍ നിയമങ്ങളില്‍ മാറ്റം വന്നു. അതോടെ കാര്യങ്ങള്‍ എളുപ്പമായി.” നേത്രവല്‍ക്കര്‍ വ്യക്തമാക്കി.
2010ല്‍ നേത്രവല്‍ക്കര്‍ അണ്ടര്‍ 19 ലോകകപ്പ് കളിക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പം ഇന്ത്യന്‍ താരങ്ങളായി കെ എല്‍ രാഹുല്‍, സന്ദീപ് ശര്‍മ, മായങ്ക് അഗര്‍വാള്‍ തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ നേത്രവല്ക്കര്ക്ക് ആ മികവിലേക്ക് ഉയരാന്‍ സാധിച്ചില്ല.
Last Updated Jun 12, 2024, 6:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]